24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024

നോട്ട് നിരോധനം: ആർബിഐ സത്യവാങ്മൂലം അവ്യക്തം

അരുണ്‍ കുമാര്‍
December 23, 2022 4:30 am

ഊർജസ്വലമായ ഒരു ജനാധിപത്യത്തിൽ നയങ്ങളെക്കുറിച്ചുള്ള വിമർശനം, മെച്ചപ്പെട്ട നയങ്ങൾ ഉണ്ടാക്കുന്നതിനും തെറ്റുകളുണ്ടാകുമ്പോൾ അത് തിരുത്താനും സഹായിക്കുന്നു. ഭരണകൂടം എപ്പോഴും മികച്ചതാണ് ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താക്കൾ വാദിക്കും. എന്നാൽ ലോകം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. തെറ്റുകൾ സംഭവിക്കും, കാരണം നയങ്ങൾ രൂപീകരിക്കുന്നത് ഒരു നിശ്ചിത സാഹചര്യത്തിലാണ്. ഇത് പരാജയത്തിലേക്ക് നയിക്കുന്നതിന് സാധ്യതയൊരുക്കും. തെറ്റുകൾ സംഭവിക്കുമ്പോൾ സ്വയം തിരുത്താനുള്ള സംവിധാനവും ജനാധിപത്യം നൽകുന്നു. യാദൃച്ഛികമായി തെറ്റുകൾ സംഭവിക്കുമെങ്കിലും, തെറ്റായ ധാരണകളും അപര്യാപ്തമായ കൂടിയാലോചനകളും അടിസ്ഥാനമാക്കിയുള്ള സംഘടിതതീരുമാനങ്ങൾ ഗുരുതരമായ തെറ്റാണ്. കൂടിയാലോചനയുടെ അഭാവവും വിഷയങ്ങളെക്കുറിച്ചുള്ള അവ്യക്തധാരണയും കാരണം പരാജയപ്പെട്ട അനാവശ്യനയത്തിന്റെ ഉദാഹരണമാണ് നോട്ട് നിരോധനം. അത് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. കറൻസി അസാധുവാക്കൽ ആരംഭിച്ചയുടൻ തന്നെ ഈ തീരുമാനത്തെ കോടതികളിൽ വെല്ലുവിളിച്ചു. കാരണം അതിന്റെ കെടുതി ഏറെ അനുഭവിച്ചത് പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. ആറ് വർഷം പിന്നിട്ടിട്ടും ഈ നയം തിരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. ഈ നയത്തിന്റെ പേരിൽ മരിച്ചവർക്കും സമ്പാദ്യം നഷ്ടപ്പെട്ടവർക്കും ആശ്വാസമാകാൻ കേസിനും കഴിയുമെന്ന് തോന്നുന്നില്ല. നഷ്ടപരിഹാരം നൽകാൻ പോലും കഴിയില്ല, കാരണം ആർക്കൊക്കെ എത്ര നഷ്ടം സംഭവിച്ചുവെന്ന് കണക്കാക്കാൻ പ്രയാസമാണ്.

കോടതി ഉത്തരവിട്ടാലും, പൗരന്മാർക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പുനഃസ്ഥാപിക്കാൻ കഴിയില്ല. നവംബർ 16ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഔപചാരികമാക്കുന്നതിനുമുള്ള നയപരമായ നീക്കത്തിന്റെ ഭാഗമാണ് നോട്ട് നിരോധനമെന്ന് ന്യായീകരിക്കുന്നു. എന്നാൽ ഇത് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, പ്രാരംഭ പ്രഖ്യാപനത്തിന്റെ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം ആദ്യം നിശ്ചയിച്ച മൂന്ന് ലക്ഷ്യങ്ങൾ കൈവരിക്കില്ലെന്ന് വ്യക്തമായപ്പോഴുള്ള കരണംമറിച്ചിലായിരുന്നു അത്. സത്യവാങ്മൂലം അതിന്റെ ഖണ്ഡിക 15ൽ ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനയ്ക്കും വിപുലമായ തയ്യാറെടുപ്പിനും ശേഷം എടുത്ത മുൻധാരണയോടെയുള്ള തീരുമാനമാണ് എന്നും പ്രസ്താവിക്കുന്നു. തീരുമാനം തെറ്റാണെങ്കിൽ അത് ആർബിഐയുടെ തെറ്റാണ് എന്ന് വരുത്താനുള്ള തന്ത്രം. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ഹർജിക്കാർ വാദിച്ചു. നയം ഇനി മാറ്റാൻ കഴിയില്ലെങ്കിലും, ഭാവിയിൽ ഇത്തരത്തിലുള്ള തെറ്റ് ആവർത്തിക്കാതിരിക്കാൻ ഇത് അസാധുവാണെന്ന് സമ്മതിക്കേണ്ടതാണ്. നിയമപരമായി ആർബിഐയാണ് നടപടി ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ സർക്കാർ ഉത്തരവിട്ടതനുസരിച്ച് ആർബിഐ ബോർഡ് നിമിഷങ്ങൾക്കുള്ളിൽ ശുപാർശ ചെയ്യുകയും പ്രമേയം കേന്ദ്രമന്ത്രിസഭയ്ക്ക് അയയ്ക്കുകയും ആ മാത്രയിൽ തന്നെ അത് അംഗീകരിക്കുകയും നയം പ്രഖ്യാപിക്കുകയുമായിരുന്നു. അതിനാൽ, ആർബിഐ ബോർഡോ മന്ത്രിസഭയോ പൂർണമായ ആലോചനയുടെ അടിസ്ഥാനത്തിൽ വ്യക്തമായ തീരുമാനമല്ല എടുത്തത്.


ഇതുകൂടി വായിക്കൂ: ഉപഭോക്താക്കള്‍ രാജാക്കന്മാരല്ലാതാകുമ്പോള്‍


ആർബിഐ സമർപ്പിച്ച സത്യവാങ്മൂലം സർക്കാരിന്റെ വാദത്തെ എതിർക്കുന്നു. 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ ശുപാർശ ചെയ്യാനുള്ള സർക്കാർ നിർദേശങ്ങൾ ബോർഡ് പാലിക്കുകയായിരുന്നു. കൂടിയാലോചനകളിലും തയ്യാറെടുപ്പുകളിലും സർക്കാരിന്റെ നിലപാടിനെ എതിർക്കാൻ ആർബിഐക്ക് കഴിയില്ല. വിപുലമായ കൂടിയാലോചന എന്ന് പറയുന്നുണ്ടെങ്കിലും സർക്കാരിന്റെ വീക്ഷണത്തോട് ആർബിഐ യോജിച്ചുവെന്ന് തെളിവില്ല. പ്രഖ്യാപനത്തിന് എട്ട് മാസം മുമ്പ് ചർച്ചകൾ നടന്നിരുന്നുവെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അക്കാലത്ത് ആർബിഐ ഗവർണറായിരുന്ന ഡോ. രഘുറാം രാജൻ തന്നെ ഈ നീക്കത്തിനെതിരെ സർക്കാരിന് ഉപദേശം നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടിയാലോചനയ്ക്കിടെ ഉണ്ടായ എല്ലാ അഭിപ്രായവും നോട്ട് അസാധുവാക്കലിന് വേണ്ടിയുള്ളതായിരുന്നില്ല. പക്ഷേ, സർക്കാർ മുന്നോട്ട് പോവുകയും അത് സർക്കാരിന്റെ തീരുമാനമാക്കി മാറ്റുകയുമായിരുന്നു. 2016 ജൂൺ മുതൽ ഓഗസ്റ്റ് വരെ, കള്ളപ്പണം കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾക്ക് സർക്കാർ പദ്ധതിയിട്ടിരുന്നു. റെയ്ഡുകൾ വഴി കള്ളപ്പണം കണ്ടെത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, നോട്ട് നിരോധനം ആവശ്യമായി വരില്ല. എന്നാൽ 2016 സെപ്റ്റംബറോടെ, ഈ പദ്ധതി പരാജയപ്പെട്ടുവെന്ന് വ്യക്തമായി. അപ്പോഴാണ് നോട്ട് നിരോധനം നടപ്പിലാക്കുക എന്ന ആശയത്തിൽ സർക്കാർ ഉറച്ചു നിന്നത്. 2016 സെപ്റ്റംബറിൽ ഡോ. ഉർജിത് പട്ടേൽ ആർബിഐ ഗവർണറായി ചുമതലയേറ്റു. അദ്ദേഹവും ഈ നടപടിയെ അനുകൂലിച്ചതായി തോന്നുന്നില്ല.

അതിനാൽ, കൂടിയാലോചന നടന്നെങ്കിലും ആർബിഐയുടെ സമ്മതം ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ രാഷ്ട്രീയ അധികാരത്തിന്റെ ഏകപക്ഷീയമായ തീരുമാനമാക്കി മാറ്റുകയായിരുന്നു. 2016 നവംബർ എട്ടിലെ വിജ്ഞാപനത്തെ തുടർന്നുണ്ടായ നാട്ടിലെ കുഴപ്പങ്ങൾ സൂചിപ്പിക്കുന്നത് ഒരുക്കങ്ങൾ തികച്ചും അപര്യാപ്തമായിരുന്നു എന്നാണ്. ബാങ്കുകളും എടിഎമ്മുകളും തയ്യാറായില്ല, ആവശ്യത്തിന് പുതിയ കറൻസി ലഭ്യമായില്ല തുടങ്ങി നിരവധി പ്രശ്നങ്ങൾ. നിയമങ്ങളിലും ചട്ടങ്ങളിലും ആവർത്തിച്ചുള്ള മാറ്റങ്ങൾ പ്രഖ്യാപിക്കുകയും പൊതുജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുകയായിരുന്നു സർക്കാർ. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ കുറച്ച് ആളുകൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന സർക്കാരിന്റെ വാദവും വിപുലമായ കൂടിയാലോചന നടന്നുവെന്ന പ്രസ്താവനയും തമ്മിലും വൈരുധ്യമുണ്ട്. ആർബിഐ നോട്ട് അസാധുവാക്കൽ ശുപാർശ ചെയ്തുവെന്ന് സമ്മതിച്ചാൽ പോലും അത് അവിദഗ്ധ തീരുമാനമാണെന്ന് പറയേണ്ടിവരും. കള്ളപ്പണത്തെ കുറിച്ചോ, തീവ്രവാദവിഷയത്തിലോ വിദഗ്ധരല്ല ആർബിഐ നയരൂപീകരണ ബോർഡ്. നിശ്ചിത കാലത്ത് എത്ര വ്യാജ കറൻസി പ്രചാരത്തിലുണ്ട് എന്നതിന്റെ കണക്ക് പോലും ആർബിഐയുടെ പക്കലില്ല. പോളിസി ഉണ്ടാക്കാൻ ആർബിഐ ഉപയോഗിക്കുന്ന ഒരു സമവാക്യത്തിലും കള്ളപ്പണം എന്ന സൂചകമില്ല. വിലനിലവാരം, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വളർച്ചയെക്കുറിച്ചുള്ള വിശകലനത്തിൽ ‘സമാന്തരസമ്പദ്‌വ്യവസ്ഥ’യെ കണക്കിലെടുക്കാറുമില്ല. പണ വിതരണം, വിദേശനാണ്യ പരിപാലനം, ബാങ്കുകളെ നിയന്ത്രിക്കൽ തുടങ്ങിയ ചുമതലയാണ് ആർബിഐക്കുള്ളത്. അതുകൊണ്ടു തന്നെ കേന്ദ്ര ധനമന്ത്രാലയം ആർബിഐക്ക് വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത ഒരു വിഷയത്തിൽ, പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ് നടപടി നിർദേശിക്കാൻ പറയുന്നത് കൂടിയാലോചനയായോ പരിഗണിക്കാവുന്ന അഭിപ്രായമോ ആയി വിലയിരുത്താനാകില്ല. (അവലംബം: ഐപിഎ)

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.