19 December 2025, Friday

നോട്ടുനിരോധനം: കള്ളപ്പണം വെളുപ്പിക്കാന്‍ സുവര്‍ണാവസരം

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2023 8:19 pm

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതും ഇപ്പോള്‍ കയ്യിലുള്ളവര്‍ക്ക് മാറ്റിയെടുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ അവസരം നല്കുന്നതും കള്ളപ്പണം വെളുപ്പിക്കുവാനുള്ള സുവര്‍മാവസരമാകുമെന്ന് വിദഗ്ധര്‍. കള്ളപ്പണം കണ്ടെത്തുക, ഭീകരത തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ 2016ല്‍ നോട്ടുനിരോധനം ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രമല്ല, അത് സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതം ഇപ്പോഴും അവസാനിച്ചതുമില്ല. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ നടപടിയെന്നും വിലയിരുത്തപ്പെടുന്നു.
നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരികെയെത്തി എന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചതാണ്. പ്രചാരത്തിലുണ്ടായ മുഴുവന്‍ നോട്ടുകളും മാറ്റിയെടുത്തുവെന്നും കള്ളപ്പണമുള്‍പ്പെടെ വെളുപ്പിച്ചുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴത്തെ നടപടിയിലും സംഭവിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. 2016ലെ നിരോധനത്തെ തുടര്‍ന്നാണ് 2000 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കിയത്. 2018 മാര്‍ച്ച് 31ന്റെ കണക്കനുസരിച്ച് ആകെ പ്രചാരത്തിലുണ്ടായിരുന്നതില്‍ 37.3 ശതമാന(6.73 ലക്ഷം കോടി)മായിരുന്നു 2000 നോട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അത് 10.8 ശതമാന(3.62 ലക്ഷം കോടി)മായി കുറഞ്ഞുവെന്നാണ് കണക്ക്.
2000 രൂപ മാറ്റിയെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളില്ലാതെയാണ് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരിക്കുന്നത് എന്നതുകൊണ്ടുതന്നെ കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് അവ വെളുപ്പിക്കുന്നതിന് അവസരമുണ്ടാകും. ഒരാള്‍ക്ക് പരമാവധി 20,000 രൂപവരെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്നന്നാണ് അറിയിപ്പ്. ബാങ്ക് അക്കൗണ്ടുകളിലൂടെ വേണമെന്ന വ്യവസ്ഥയില്ലാത്തതിനാല്‍ ഒരാള്‍ക്ക് ഇക്കാലയളവിനിടയില്‍ എത്ര 2000 രൂപ നോട്ടുകളും മാറ്റി വാങ്ങാവുന്നതാണ്.
പല ബാങ്കുകളില്‍ നിന്നും നോട്ടുമാറ്റം നടത്താവുന്നതുമാണ്. ഒരാള്‍ക്ക് ഒരുതവണ മാത്രമേ നല്കൂ എന്ന് വ്യവസ്ഥ ചെയ്താല്‍ പോലും ഒരു കുടുംബത്തില്‍ എത്രപേര്‍ക്കു വേണമെങ്കിലും നോട്ടുകള്‍ മാറ്റിയെടുക്കാം. കൂടാതെ ബിനാമി പേരുകളിലും കള്ളപ്പണം വെളുപ്പിക്കുന്നതിന് അവസരമുണ്ടാകും. ഫലത്തില്‍ 2000 രൂപ നോട്ടുകളുടെ നിരോധനം കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നതിന് സുവര്‍ണാവസരമായി മാറും. 2016ലെ നിരോധനത്തിന്റെ അനുഭവം വച്ചാണെങ്കില്‍ 2000 നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന 3.62 ലക്ഷം കോടിയില്‍ മഹാഭൂരിപക്ഷവും തിരികെയെത്തുമെന്നുറപ്പാണ്.

eng­lish sum­ma­ry; Demon­eti­sa­tion: A gold­en oppor­tu­ni­ty to laun­der black money

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.