
പല്ലുകള്‍ നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. അതിനാല്‍ തന്നെ കുട്ടികളിലെ ദന്തസംരക്ഷണം അവരുടെ ശാരീരിക ആരോഗ്യത്തിലും പ്രതിഫലിക്കും. സമഗ്ര ആരോഗ്യത്തിനും ഭക്ഷണശീലത്തിനും സംസാരശേഷിക്കും ആത്മവിശ്വാസത്തിനും വലിയ പങ്കാണ് പല്ലുകള്‍ക്കും ദന്തസംരക്ഷണത്തിനുമുള്ളത്.കുട്ടികളില്‍ ഏകദേശം ആറ് മാസം മുതല്‍ ഒരു വയസ് വരെയുള്ള കാലയളവില്‍ പാല്‍ പ്പല്ലുകള്‍ മുളച്ചുതുടങ്ങുന്നു. രണ്ട് മുതല്‍ മൂന്ന് വയസ് ആകുമ്പോഴേക്കും 20 പല്ലുകള്‍ മുകളിലും താഴെയും രണ്ട് ആര്‍ച്ചുകളിലായി പൂര്‍ണമായും വരും. പാല്‍പ്പല്ലുകള്‍ പോയി പിന്നീട് സ്ഥിരമായ പല്ലുകള്‍ അഥവാ പെര്‍മനന്റ് ടീത്ത് വരുന്നതിനാല്‍ തന്നെ ഇവയ്ക്ക് കുറച്ചുകാലത്തെ ആയുസേ ഉള്ളു. എന്നിരുന്നാലും പാല്‍പല്ലുകളുടെ സംരക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞുങ്ങളില്‍ ഭക്ഷണം ചവച്ചരയ്ക്കാനും സംസാരം വ്യക്തമാക്കാനും സ്ഥിരമായ പല്ലുകള്‍ വരുന്നതിന് ആവശ്യമായ സ്ഥലം നിലനിര്‍ത്തുന്നതിനും മോണയുടെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം പാല്‍പ്പല്ലുകള്‍ ആവശ്യമാണ്.
ശിശുക്കളിലെ ദന്തസംരക്ഷണം അവരുടെ ആദ്യപല്ല് മുളയ്ക്കുന്നതിന് മുന്നേ തന്നെ തുടങ്ങേണ്ടതാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മുലപ്പാല്‍ കൊടുത്തതിന് ശേഷം വൃത്തിയുള്ള തുണികൊണ്ട് മോണകള്‍ മൃദുവായി തുടച്ചെടുക്കണം.
ആദ്യ പല്ല് വന്നുകഴിഞ്ഞാല്‍ വിരലിലിടുന്ന സിലിക്കണ്‍ ബ്രഷ് കൊണ്ട് അരിമണിയുടെ അളവില്‍ കുട്ടികള്‍ക്കായുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്തു തുടങ്ങാം. ആദ്യത്തെ പല്ല് മുളച്ചുകഴിഞ്ഞ് അതായത് ഒരു വയസാകുന്നതിനുള്ളില്‍ തന്നെ പീഡിയാട്രിക് ദന്ത ഡോക്ടറെ കാണുന്നത് നല്ലതാണ്. പിന്നീടങ്ങോട്ട് ആറ് മാസം ഇടവേള വച്ച് കൃത്യമായി ദന്തപരിശോധന നടത്തുന്നത് ദന്താരോഗ്യം സംരക്ഷിക്കാന്‍ അത്യുചിതമായിരിക്കും. അത് കുട്ടികളിലും അവബോധം ഉണ്ടാക്കും.
മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെ കുട്ടികള്‍ ഒരു കടലയുടെ അളവില്‍ (pea-sized) ഫ്ലൂറെെഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ട് നേരങ്ങളിലായി ബ്രഷ് ചെയ്യുന്നെന്ന് ഉറപ്പുവരുത്തുക. മാതാപിതാക്കളുടെ മേല്‍നോട്ടം നിര്‍ബന്ധമാണ്. വൃത്താകൃതിയില്‍ മൃദുവായി ബ്രഷ് ചെയ്യുന്നതാണ് ശരിയായ രീതി. ദന്തക്ഷയം ഉണ്ടാകാതിരിക്കാന്‍ ചോക്ലേറ്റ്, മിഠായികള്‍, പാക്കറ്റ് ജ്യൂസുകള്‍ തുടങ്ങിയ മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയും, നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുകയും വേണം.
രാത്രി പാലും ഭക്ഷണവും കഴിഞ്ഞ് ഉടനെ തന്നെ പല്ലുകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ബോട്ടില്‍ ഫീഡ് ചെയ്ത് കുട്ടികള്‍ ഉറങ്ങി പോകാതിരിക്കാനും ശ്രദ്ധിക്കുക. ശരിയായ പരിചരണത്തിലൂടെ കുട്ടികള്‍ക്ക് ആരോഗ്യമുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.