സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും അഞ്ച് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കൽ കെയർ. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഭാവിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡിഎം കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും മന്ത്രി വ്യക്തമാക്കി.
ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങൾ, കാൻസർ, ട്രോമാകെയർ, ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ തുടങ്ങിയ തീവ്രപരിചരണത്തിനായി ഐസിയുവിൽ എത്തുന്ന രോഗികൾക്ക് അത്യാധുനിക തീവ്രപരിചരണം ലഭ്യമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് കഴിയുന്നു. അഡ്വാൻസ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിങ്, ജീവൻ നിലനിർത്താനായി അത്യാധുനിക വെന്റിലേറ്റർ മാനേജ്മെന്റ്, ഹൃദയമിടിപ്പ് നിലനിർത്തൽ, രക്തസമ്മർദ നിയന്ത്രണം, അവയവ സംരക്ഷണം, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ, അണുബാധയ്ക്കുള്ള ചികിത്സ എന്നിവയും ഇവയില്‍പ്പെടുന്നു.
ഗുരുതര രോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവർ, പല അവയവങ്ങൾക്ക് (മൾട്ടി ഓർഗൻ) ഗുരുതര പ്രശ്നമുള്ളവർ, എആർഡിഎസ്, രക്താതിമർദം, വിഷാംശം ഉള്ളിൽ ചെല്ലുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച ക്രിട്ടിക്കൽ കെയർ ടീമിന് കഴിയുന്നു. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ചേർന്ന ടീമാണ് രോഗിയെ പരിചരിക്കുന്നത്. ഈ വിഭാഗം ആരംഭിക്കുന്നത് ഡോക്ടർമാരുടെ പരിശീലനത്തിനും ഏറെ സഹായിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കൽ കെയർ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാൻസ്ഡ് വെന്റിലേറ്റർ മാനേജ്മെന്റ്, ക്രിട്ടിക്കൽ കെയർ രംഗം എന്നിവയിൽ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് നിയമിക്കുക. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ പരിഹരിക്കുന്ന എക്മോ മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകും.
English Summary;Department of Critical Care Medicine, Thiruvananthapuram Medical College
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.