സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, വിഭവ സമാഹരണത്തിന് പുതുവഴികള്‍ തേടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി-സിഎസ്ആര്‍) ഫണ്ട് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ വകയിരുത്തുന്ന ഫണ്ടുകള്‍ പരമാവധി സമാഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ചിലയിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കുന്നുണ്ട്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ രീതിയില്‍ ഇടപെടലുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. കേന്ദ്ര നയങ്ങളുടെയും നിലപാടുകളുടെയും ഭാഗമായി സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, ത്രിതല പഞ്ചായത്തുകളും നഗരസഭകളും നടത്തിവരുന്ന വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടുപോകണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ വിഭവസമാഹരണം നടത്തണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ നല്‍കാന്‍ കഴിയുന്ന എല്ലാ സ്ഥാപനങ്ങളുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തണമെന്നും അതനുസരിച്ച് പദ്ധതികളില്‍ ഭാഗികമായോ പൂര്‍ണമായോ ഇത്തരത്തിലുള്ള ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കണമെന്നും ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍, എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തുള്ള ഇത്തരം സ്ഥാപനങ്ങളുടെ ഒരു യോഗം വിളിച്ചുചേര്‍ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.
പദ്ധതി രൂപീകരണ ഗ്രാമസഭ/വാര്‍ഡ് സഭ/വാര്‍ഡ് കമ്മിറ്റികള്‍ ചേരുന്നതിന് മുമ്പായി ഈ യോഗം നടത്തണം. ഏതൊക്കെ സ്ഥാപനങ്ങള്‍ ഏതൊക്കെ പദ്ധതികള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ എത്രമാത്രം ഫണ്ടുകള്‍ ലഭ്യമാക്കും എന്നത് സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തല്‍ നടത്തണം. യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, വാര്‍ഷികപദ്ധതിയില്‍ ഇത്തരം ഫണ്ടുകള്‍ ഉപയോഗിച്ച് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രോജക്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കണം. ഇവ സംബന്ധിച്ച കര്‍മ്മ പരിപാടി തയ്യാറാക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
English Summary: Department of Local Self-Government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.