
സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് പ്രഖ്യാപനം നടത്തിയത്.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. 2017ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോഡാണ് ഈ പ്ലസ് ടുകാരി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആന്റ് ഗൈഡ്സിനെ വീട് നിർമ്മിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.
അപ്പൻഡിസൈറ്റിസിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച ദേവനന്ദ മത്സരശേഷം ട്രാക്കില്‍ വേദന കൊണ്ട് പുളഞ്ഞത് കണ്ണീര്‍ക്കാഴ്ചയായി. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ദേവനന്ദ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കും. തലശേരി സായിയുടെ ഇവാന ടോമി (25.44), ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസിലെ ആർ ശ്രേയ (25.69) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.