
അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റക്കാരെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നൂറുക്കണക്കിനാളുകളെ സൈനിക വിമാനങ്ങളില്‍ നാടുകടത്തിയതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു. ട്രെൻ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ അറസ്റ്റിലായതായി ലിവിറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറസ്റ്റ് ചെയ്ത 5,400 പേരെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നാടുകടത്തും. വ്യോമസേനയുടെ സി-17, സി-130 വിമാനങ്ങള്‍ ഇതിനായി വിന്യസിച്ചിട്ടുണ്ടെന്നും വെെറ്റ് ഹൗസ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. മെക്സിക്കോ അതിർത്തിയിലേക്ക് 1500 സൈനികരെ കൂടി അയയ്ക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. സൈന്യത്തിലെ ഹെലികോപ്റ്റർ, ഇന്റലിജൻസ് വിശകലന വിദഗ്ധർ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്. നിലവിൽ അതിർത്തിയിലുള്ള 2,200 സൈനികർക്കും ആയിരത്തിലേറെ നാഷണൽ ഗാർഡുകൾക്കും ഒപ്പം ചേർന്നാണ് സംഘം പ്രവര്‍ത്തിക്കുക.
അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ചിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇവരാണ്.
അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. അധികാരമേറ്റ ആദ്യദിവസം, മെക്സിക്കോ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. നിരപരാധികളായ അമേരിക്കക്കാര്‍ക്കെതിരെ നികൃഷ്ടവും ഹീനവുമായ കുറ്റങ്ങള്‍ ചെയ്യുന്ന അനധികൃത കുടിയേറ്റക്കാര്‍ ദേശസുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. കുറ്റാരോപിതരായ കുടിയേറ്റക്കാരെ തടവിൽ വയ്ക്കാനുള്ള ബില്ലും അമേരിക്കൻ സെനറ്റ് പാസാക്കി. 7,25,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.4കോടി കുടിയേറ്റക്കാർ രാജ്യത്തു നിന്ന് പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ്. അതേസമയം, നാടുകടത്തല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ മെക്സിക്കോ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. യുഎസ് സംസ്ഥാനമായ ടെക്സസിലെ എല്‍ പാസോയോടുചേര്‍ന്ന സ്യുഡാഡ് ഹ്വാരെസില്‍ അഭയാര്‍ത്ഥി കൂടാരങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്നും അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ശരിയായ രേഖകളില്ലാതെ താമസിക്കുകയോ കാലാവധി കഴിഞ്ഞ് തങ്ങുകയോ ചെയ്താല്‍ അവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നതില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.