
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പലസ്തീന്‍ വിരുദ്ധ നടപടികളെ വിമര്‍ശിച്ച് യുഎസ് കോടതി. പലസ്തീനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ പൗരന്മാരല്ലാത്തവരെ തടവില്‍ വയ്ക്കുന്നതും നാടുകടത്തുന്നതും ഭരണഘടനാ വിരുദ്ധവും ഒന്നാം ഭേദഗതി നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണെന്ന് ബോസ്റ്റണ്‍ ജില്ലാ കോടതി ജഡ്ജ് വില്യം യങ് പറഞ്ഞു.
പലസ്തീനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായി ആളുകളെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് (എഎയുപി) നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
അധികാരം ദുരുപയോഗം ചെയ്ത് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പലസ്തീന്‍ അനുകൂലികളെ നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന് ജഡ്ജ് വിമര്‍ശിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുള്ള അവകാശ നിഷേധമാണിതെന്നും കോടതി നിരീക്ഷിച്ചു. 161 പേജുള്ള ഉത്തരവിലൂടെയാണ് ജഡ്ജ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചത്. അതേസമയം, ട്രംപിനെയും ജഡ്ജ് വിമര്‍ശിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, മര്യാദകള്‍, ആചാരങ്ങള്‍ ഉള്‍പ്പെടെ എല്ലാം അവഗണിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ജഡ്ജ് യങ് പറഞ്ഞു. എല്ലാം മനസില്‍ സൂക്ഷിച്ചുവെച്ച് പ്രതികാരനടപടികള്‍ എടുക്കുകയാണ് ട്രംപെന്നും കോടതി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ പൗരത്വമില്ലാത്ത വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത്നാടുകടത്താന്‍ ട്രംപ് ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മഹ്‌മൂദ് ഖലീല്‍, റുമെയ്‌സ ഓസ്ടര്‍ക്ക്, ബദര്‍ ഖാന്‍ സൂരി, മൊഹ്‌സന്‍ മഹ്ദാവി, യുന്‍സിയോ ചുങ്, രഞ്ജനി ശ്രീനിവാസന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എഎയുപി സംഘടന കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.