9 December 2025, Tuesday

വിഷാദവും മൂഡ് സ്വിങ്‌സും ഒരു വെറും വാക്കല്ല; കൃഷ്ണപ്രഭയ്ക്കും അഭിഷാദിനും മറുപടിയുമായി ഡോ. സൗമ്യ സരിന്‍

Janayugom Webdesk
കൊച്ചി
October 13, 2025 4:44 pm

മാനസികാരോഗ്യം നന്നായിരിക്കുക എന്നത് ഒരു മനുഷ്യന് അത്യന്താപേക്ഷികമാണ് അതിനുള്ള സാഹചര്യം ഇല്ലാത്ത പക്ഷം മുന്നോട്ടു പോകുക വലിയ പ്രയാസമാണ്. വിഷാദം, മൂഡ് സ്വിങ്‌സ് തുടങ്ങിയ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍.  ഡിപ്രെഷന്‍ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു തമാശയാണെന്നും സ്വയം അതനുഭവിച്ചാലോ പ്രിയപ്പെട്ടൊരാളെ അതുമൂലം നഷ്ടപ്പെട്ടാലോ ആണ് അതിന്റെ ആഴം മനസിലാകുകയുള്ളുവെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘അറിവില്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് അതിനെ പറ്റി പറഞ്ഞു പരിഹസിച്ച് അട്ടഹസിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും കാണിക്കാം നമുക്ക്. വിഷാദം ഒരു വെറും വാക്കല്ല! മൂഡ് സ്വിങ്‌സ് ഒരു വെറും വാക്കല്ല! They do exist’, എന്നാണ് സൗമ്യ സരിന്‍ പറഞ്ഞുവെക്കുന്നത്.  ഡിപ്രഷനെക്കുറിച്ച് നടി കൃഷ്ണപ്രഭ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വലിയ വിമര്‍ശനങ്ങള്‍ക്കും ഇത് വഴി വെച്ചിരിക്കുകയാണ്. നടിയും ഗായികയുമായ അഞ്ചു ജോസഫും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു.

‘ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നമായി കേള്‍ക്കുന്നത് ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു.’ എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം. കളിയാക്കി വലിയ തമാശപോലെ പറഞ്ഞ് വല്ലാതെ പരിഹസിച്ച് ചിരിക്കുകയും ചെയ്തു അവര്‍. പിന്നാലെ സിനിമാ രംഗത്ത് നിന്നും ആരോഗ്യ രംഗത്ത് നിന്നുമുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂഡ് സ്വിങ്‌സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂര്‍ രംഗത്തെത്തി വലിയ വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്.  സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമര്‍ശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.