സംസ്ഥാനത്ത് മത്സരിച്ച രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും പരാജയം. ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ഉള്‍പ്പെടെ നടത്തി കാടിളക്കിയുള്ള പ്രചരണത്തിലേര്‍പ്പെട്ടിട്ടും വിജയം നേടാനാകാത്തതിന്റെ നിരാശയിലാണ് ബിജെപി.
കേരളത്തില്‍ നിന്ന് എങ്ങനെയെങ്കിലും സീറ്റ് നേടണമെന്ന ആഗ്രഹത്തിലായിരുന്നു കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി കൊട്ടിഘോഷിച്ച് പ്രചരണം നടത്തിയത്. മന്ത്രിമാരെന്ന ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രിൻസിപ്പലിനോട് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ഇലക്ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള മുഖാമുഖം എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇത്തരത്തില്‍ പലതവണയാണ് രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തി വോട്ട്പിടിക്കാന്‍ ശ്രമിച്ചത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിവേദനങ്ങള്‍ സ്വീകരിച്ച് കാര്യങ്ങള്‍ ചെയ്തുതരാമെന്നും തെരഞ്ഞെടുപ്പിനിടെ വാഗ്ദാനം നല്‍കി. വോട്ട് നേടാനുള്ള നീക്കത്തിന്റെ ഭാഗമായി പാസ്റ്റര്‍മാരുടെ രഹസ്യയോഗമുള്‍പ്പെടെ വിളിച്ചുചേര്‍ത്തു. പലയിടങ്ങളിലും വോട്ടിന് വേണ്ടി പണം നല്‍കാന്‍ ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.
സമാനമായ നിലയിലായിരുന്നു ആറ്റിങ്ങലിലെയും എന്‍ഡിഎ പ്രചരണം. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതുള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ വി മുരളീധരന് വേണ്ടി നടത്തി. അതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിക്കാനുള്ള നീക്കം നടത്തുന്നതിന്റെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിസഹകരണമുണ്ടായിരുന്നു. അതിനെ മറികടക്കാന്‍ പണമൊഴുക്കിയും പദവി ദുരുപയോഗം ചെയ്തും നടത്തിയ പ്രചരണത്തിലും ഫലമുണ്ടാകാത്തതിന്റെ നിരാശയിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍.
English Summary:Despite campaigning wildly, both the Union Ministers lost
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.