25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

മുന്നറിയിപ്പ് പലതുണ്ടായിട്ടും വായ്പ ആപ്പുകളിൽ കുടുങ്ങുന്നവരേറെ

Janayugom Webdesk
ആലപ്പുഴ
June 11, 2023 9:37 pm

സാധാരണക്കാരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഓൺലൈൻ ലോൺ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വായ്പ ആപ്പുകളിൽ അകപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് എവിടെ നിന്നെങ്കിലും വായ്പ സംഘടിപ്പിക്കാനുള്ള ആളുകളുടെ ശ്രമമാണ് ഇവയിൽ എത്തിക്കുന്നത്. ആപ്പുകളുടെ പിടിയിൽപെട്ട് പണവും മാനവും നഷ്ടപ്പെടുന്ന നിരവധി പേരാണ് പരാതിയുമായി പൊലീസിനെയും സൈബർ സെല്ലിനെയും സമീപിച്ചു കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് ഇത്തരം ആപ്പുകൾ ആളുകളെ തിരയുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ, ഓൺലൈൻ ഇടപാട് നടത്തുന്നവർ തുടങ്ങിയവരുടെ വിവരങ്ങൾ ഫോണിൽനിന്ന് ശേഖരിച്ച് ഇവരെ തിരഞ്ഞാണ് ഇത്തരം പരസ്യങ്ങൾ ഫോണുകളിൽ എത്തുന്നത്. മൂന്നോ നാലോ നടപടിയിലൂടെ അക്കൗണ്ടിൽ പണം എത്തുമെന്നതാണ് ഇവർ നൽകുന്ന വാഗ്ദാനം. എന്നാൽ, തിരിച്ചടവ് തുടങ്ങുമ്പോൾ പലിശ ഉയർത്തി ഇ എം ഐയിൽ വൻ വർധനയുണ്ടാക്കും.
തിരിച്ചടവ് ദിവസം ഒരു മണിക്കൂർ മാറിയാൽപോലും വലിയ തുക പലിശ നൽകേണ്ടിവരും. ആരാണെന്നോ എവിടെയുള്ള കമ്പനിയാണെന്നോ അറിയാതെയാണ് ഇത്തരം ആപ്പുകളിൽനിന്നും സൈറ്റുകളിൽനിന്നും പണം ലോണായി വാങ്ങുന്നത്. തിരിച്ചടവ് മുടങ്ങുകയോ അമിതമായി ആവശ്യപ്പെടുന്ന പണം നൽകാതിരിക്കുകയോ ചെയ്താൽ സൈബർ ലോകത്ത് ഇടപാടുകാരെ മാനം കെടുത്തുന്നതാണ് ഇവരുടെ ഒരു രീതി. സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഇടപാടുകാരുടെ നഗ്നചിത്രങ്ങളോ വിഡിയോകളോ തയ്യാറാക്കി അയച്ചു കൊടുക്കുക, സോഷ്യൽ മീഡിയ ഐ ഡി ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം അയക്കുക തുടങ്ങിയവയിലൂടെയാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. ഒപ്പം സിബിൽ സ്കോർ അടക്കമുള്ളവയെ ദോഷമായി ബാധിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകുന്നതോടെ ഇടപാടുകാർക്ക് മറ്റൊരു സാമ്പത്തിക ഇടപാടും നടത്താൻ കഴിയാത്ത തരത്തിൽ പൂട്ട് വീഴുകയും ചെയ്യും.
പണവും മാനവും നഷ്ടപ്പെട്ട് പലരും പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കാറുണ്ടെങ്കിലും ഇത്തരം ആപ്പുകളുടെ പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കാറില്ല. ഏതാനും പേരെ കമ്പളിപ്പിച്ച് കഴിയുന്നതോടെ ഈ ആപ്പുകൾ ഉറവിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും. ഇതോടെ ഇവരുടെ ഇടപാടുകൾ കണ്ടെത്താൻ സാധിക്കാതെയും വരും. ഫോണിലേക്കെത്തുന്ന പരസ്യത്തിൽ കാണുന്ന ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ ആപ് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്കാണ് നീങ്ങുന്നത്. ചില പരസ്യങ്ങളിൽ അവരുടെ ഓൺലൈൻ സൈറ്റിലേക്കായിരിക്കും ലിങ്ക് തുറക്കുന്നത്. ആപ് ഇൻസ്റ്റാൾ ആകുന്നതോടെ ഫോണിലെ എല്ലാ വിവരങ്ങളും കമ്പനിക്ക് ശേഖരിക്കാൻ സാധിക്കും.

eng­lish sum­ma­ry; Despite many warn­ings Many peo­ple get stuck in loan apps

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.