
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ യുഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയുടെ കാറില്‍ തടവുപുള്ളി ജയിലില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തി രക്ഷപ്പെട്ടെന്ന മുൻ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. ആരാണ് ആ മന്ത്രിയെന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്. കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സംബന്ധിച്ച സ്വകാര്യ ചാനലിലെ ടെലിവിഷൻ ചര്‍ച്ചയിലാണ് അലക്സാണ്ടര്‍ ജേക്കബ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം സെൻട്രല്‍ ജയിലിൽ ഒരു മന്ത്രി യോഗത്തിനെത്തി. അപ്പോള്‍ ഒരു തടവുകാരൻ ചെന്ന് തന്നോട് കാറില്‍ കയറി ഇരിക്കാൻ മന്ത്രി പറഞ്ഞതായി മന്ത്രിയുടെ ഗണ്‍മാനോടും ഡ്രൈവറോടും പറഞ്ഞു. വെള്ള വസ്ത്രവും കൊറോണ വരുമ്പോള്‍ ധരിക്കുന്ന മാസ്കും ഉണ്ടായിരുന്നു. ഗണ്‍മാനും ഡ്രൈവറും കൂടി ഇവനെ കാറിന്റെ മുൻസീറ്റിലിരുത്തി. പിന്നാലെ മന്ത്രി എത്തി. മന്ത്രിക്കൊപ്പം ഡിജിപി, ഡിഐജിമാമാര്‍, ജയില്‍ സൂപ്രണ്ട്, വാര്‍ഡന്മാര്‍ അടക്കം 32 സ്റ്റാഫുകള്‍ ഉണ്ടായിരുന്നു.
അവൻ മുൻസീറ്റില്‍ ഇരിക്കുകയാണ്. ഒരു ഡിജിപിയുടെയും ഡിഐജിയുടെയും കണ്ണില്‍പെട്ടില്ല. പ്രതി ജയിലില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തി. അവനെ അറസ്റ്റ് ചെയ്യാൻ 24 മണിക്കൂറെടുത്തു-ഇതായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. അതേസമയം, ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ ആദ്യ രണ്ടര വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയുമാണ് ആഭ്യന്തര മന്ത്രിമാരായിരുന്നത്. ഇവരിൽ ആരാണ് ആ മന്ത്രി എന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ആരോപണത്തോട് തിരുവഞ്ചൂരോ ചെന്നിത്തലയോ, കോണഗ്രസ് നേതാക്കളോ പ്രതികരിച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് തന്നെയാണ് ഏഴ് കൊലക്കേസില്‍ പ്രതിയായി വധശിക്ഷ വിധിക്കപ്പെട്ട റിപ്പർ ജയാനന്ദനും ജയില്‍ ചാടിയത്. മൂന്ന് മാസത്തിന് ശേഷമാണ് റിപ്പറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 1994 മുതൽ 2013 വരെയുള്ള കാലയളവിൽ യുഡിഎഫ് ഭരണകാലത്ത് മാത്രം ആറ് പേരാണ് ജയിൽ ചാടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.