
കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെസ്റ്റേൺ ലോറെസ്താൻ പ്രവിശ്യയിലെ കൗദഷ്ത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് പാരാമിലിട്ടറി വിഭാഗമായ ബസീജിലെ സുരക്ഷാ അംഗം കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാരുടെ കല്ലേറില്‍ 13 പൊലീസുകാര്‍ക്ക് ബസീജ് അംഗങ്ങള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 31 പ്രവിശ്യകളില്‍ 21 എണ്ണത്തിലും വ്യാപാര സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ അടച്ചുപൂട്ടി. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പൊതുഅവധി പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് പ്രതിഷേധം ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കണ്ടത്.
ടെഹ്‌റാൻ, ഷിറാസ്, ഇസ്ഫഹാൻ, കെർമാൻഷാ, ഫാസ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ നടന്ന പ്രകടനങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നതിനിടയിൽ പ്രതിഷേധക്കാർ “സ്വേച്ഛാധിപതിയെ താഴെയിറക്കുക”, “ഖമേനിയെ താഴെയിറക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു. ഇറാന്‍ റിയാലിന്റെ കുത്തനെയുള്ള ഇടിവ്, വിലക്കയറ്റം, ജീവിത നിലവാര പ്രതിസന്ധി എന്നിവയിൽ പ്രതിഷേധിച്ച് ഞായറാഴ്ചയാണ് പൊതുജന പ്രക്ഷോഭം ആരംഭിച്ചത്. ടെഹ്‌റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് സർവകലാശാലാ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
2022ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ഏറ്റവും വ്യാപകമായ പ്രതിഷേധമാണിത്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കുപിന്നാലെ ഇറാൻ സെൻട്രൽ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് റെസ ഫാർസിൻ സ്ഥാനമൊഴിഞ്ഞിരുന്നു. പകരം മുൻ സാമ്പത്തിക മന്ത്രിയായിരുന്ന അബ്ദുൾനാസർ ഹെമ്മാതിയെ ഗവര്‍ണറായി നിയമിച്ചു. അതേസമയം, രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രോസിക്യൂട്ടര്‍ ജനറന്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.