തമിഴ‌്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്ന നെയ്, ലഡു നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫിസര്‍ ജെ ശ്യാമള റാവു. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലഡു നിര്‍മ്മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുപ്പതി ക്ഷേത്രത്തിലെ നെയ് വിതരണ കമ്പനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നെയ് വിതരണം ചെയ്യുന്ന നാല് കമ്പനികളുടെയും സാമ്പിളുകള്‍ ആരോഗ്യമന്ത്രാലയം ശേഖരിച്ചിരുന്നു. ഒരു സാമ്പിളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ശുദ്ധീകരണം, മാനേജ്മെന്റിന് വിശ്വാസമുള്ള സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം, മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കല്‍ എന്നിവയാണ് മുന്നിലുള്ളതെന്ന് നായിഡു പറഞ്ഞു. മൃഗക്കൊഴുപ്പ് വിവാദത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇന്നലെ ശുദ്ധീകരണം നടത്തി. രാവിലെ ആറുമുതല്‍ നാലുമണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധീകരണ നടപടികളാണ് ക്ഷേത്രത്തില്‍ നടന്നത്.
അതിനിടെ ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കി. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയെ അന്വേഷണത്തിന് നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഭക്തർക്ക് നല്‍കുന്ന പവിത്രമായ ലഡുവിൽ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചുള്ള ആരോപണത്തിലുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പൊതുതാല്പര്യ ഹർജി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.