22 January 2026, Thursday

Related news

January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 7, 2026

വികസന സദസ്: കോണ്‍ഗ്രസിനെതിരെ ലീഗ് പഞ്ചായത്ത്

സുരേഷ് എടപ്പാൾ
മലപ്പുറം
October 4, 2025 10:43 pm

എൽഡിഎഫ് സർക്കാരും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ബഹിഷ്കരിക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തള്ളി മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഭരിക്കുന്ന മംഗലം ഗ്രാമപഞ്ചായത്ത്. നാടിന്റെ വികസനകാര്യങ്ങളിൽ രാഷ്ട്രീയകക്ഷിഭേദമില്ലെന്നും കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നാട്ടിലുണ്ടായ വികസനങ്ങൾ സംബന്ധിച്ച് ജനങ്ങളോട് സംവദിക്കാനുള്ള വേദി ബഹിഷ്കരിക്കാനാകില്ലെന്നും തുറന്നടിച്ചാണ് ലീഗ് പ്രദേശിക നേതൃത്വം പരിപാടിയുമായി മുന്നോട്ട് പോയത്. വികസന സദസിൽ നിന്ന് പിൻമാറാൻ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും മംഗലം പഞ്ചായത്ത് ഭരണസമിതി പിൻവാങ്ങിയില്ല. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതിനാണ് വികസന സദസ് ഒരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിൽ രാഷ്ട്രീയം കലർത്തുകയാണ് യുഡിഎഫ് ചെയ്തത്. വികസന സദസ് എൽഡിഎഫ് സർക്കാരിന് വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം കണ്ടെത്തിയത്. ആദ്യം കോൺഗ്രസ് നേതൃത്വത്തിനോട് മുസ്ലിം ലീഗ് വിയോജിച്ചെങ്കിലും പിന്നീട് സമ്മ­ർ­ദത്തിനുവഴങ്ങി വിട്ടുനിൽക്കാൻ തീരുമാനിക്കുകയുമായിരുന്നു. 

തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ഇതുവരെ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കാനുമാണ് വികസന സദസ് ഒരുക്കുന്നത്.
ഇതിനായി ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിൽ പരിഗണിക്കുകയാണ് ലക്ഷ്യം. അതിദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. മലപ്പുറം ജില്ലയിലെ ആദ്യ വികസന സദസാണ് ഇന്നലെ തവനൂർ മണ്ഡലത്തിലെ മംഗലത്തിൽ നടന്നത്. 

മംഗലം വിവിയുപി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ സഹായത്താൽ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടത്താൻ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇരുനൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന സിൽവർ ജൂബിലി സപ്ലിമെന്റ് ഗ്രാമ സ്വരാജ് പ്രകാശനം ചെയ്തു.
അസി. സെക്രട്ടറി എസ് അനീഷ് സർക്കാരിന്റെ വികസന നേട്ടത്തിന്റെയും സെക്രട്ടറി ബീരാൻകുട്ടി അരീക്കാട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടത്തിന്റെയും അവതരണം നടത്തി. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും ശേഖരിക്കാൻ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ജനങ്ങളുടെ നിർദേശങ്ങൾ ഹരിത മിത്രം ആപ്പ് വഴി സർക്കാരിലേക്കെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.