5 November 2024, Tuesday
KSFE Galaxy Chits Banner 2

കേരളത്തിന്റെ വികസനവും സി അച്യുതമേനോനും

ഡോ. കെ പി വിപിൻ ചന്ദ്രൻ
August 18, 2023 4:37 am

കേരളത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന സമീപനം സ്വീകരിച്ച ക്രാന്തദർശിയായ ഭരണാധികാരിയാണ് സി അച്യുതമേനോൻ. കേരള സംസ്ഥാനം രൂപീകൃതമായ 1956നു ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ “ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ” എന്ന തലക്കെട്ടിൽ അച്യുതമേനോൻ എഴുതി തയ്യാറാക്കിയ മാർഗരേഖയാണ് സിപിഐ സംസ്ഥാന കൗൺസിൽ 1957ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായി അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ മൂലവിഭവങ്ങൾ കയ്യടക്കുന്നതിനും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, അതുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് സാമൂഹ്യ പരിഷ്കാരങ്ങൾ കൊണ്ടുവരിക, ഈ ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ട പരിഷ്കാരങ്ങൾ അവതരിപ്പിക്കുക എന്നിവയാണ് വികസന സമീപനമായി അച്യുതമേനോൻ പരിഗണിച്ചിരുന്നത്. ഇഎംഎസ് നയിച്ച ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അച്യുതമേനോൻ ധനകാര്യവും തുടർന്ന് കൃഷി, ആഭ്യന്തര വകുപ്പുകളും കൈകാര്യം ചെയ്തു. ആ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അച്യുതമേനോനാണ് അവതരിപ്പിച്ചത്. ഭൂപരിഷ്കരണ ബിൽ നിയമമായി മാറിയത് അച്യുതമേനോൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ്. ക്ഷേമ സർക്കാർ എന്ന സങ്കല്പത്തിലുള്ള ധീരമായ ചുവടുവയ്പായിരുന്നു 1969 മുതൽ 1977 വരെയുള്ള അച്യുതമേനോൻ സർക്കാരിന്റെ പ്രവർത്തനം. 1970 ജനുവരി ഒന്നു മുതൽ കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയതിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകപ്രസ്ഥാനങ്ങളും ഉയർത്തിക്കൊണ്ടുവന്ന ‘കൃഷിഭൂമി കർഷകന്’ എന്ന ധീരമായ നടപടിയുടെ തുടക്കമായി. 1957ലെ സർക്കാർ കാർഷിക പരിഷ്കരണ ബിൽ തയ്യാറാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷനും അച്യുതമേനോനായിരുന്നു.


ഇത് കൂടി വായിക്കൂ: ഒരു ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല | JANAYUGOM EDITORIAL


കാർഷിക പരിഷ്കാരങ്ങൾ വ്യവസായവല്‍ക്കരണത്തിന് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്നും സംസ്ഥാന വികസനത്തിൽ കൃഷിയും വ്യവസായവും തമ്മിൽ സമതുലിതത്വം അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. 1974ലെ കർഷകത്തൊഴിലാളി നിയമം കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ജീവിതത്തിന് താങ്ങും തണലുമായി മാറി. തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നിയമം അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ നടപ്പിലാക്കി. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ അവതരിപ്പിച്ച സവിശേഷമായ പദ്ധതിയാണ് ‘ലക്ഷം ഭവന പദ്ധതി’. ലക്ഷം ഭവന പദ്ധതിയും വ്യാവസായിക എസ്റ്റേറ്റുകളുടെ ശൃംഖലകളും മാതൃകാ പദ്ധതികളായി. എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ് എന്നീ സിപിഐ മന്ത്രിമാർ അച്യുതമേനോന്റെ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു. കേരളത്തിന്റെ പൊതുമേഖലയ്ക്ക് ശക്തമായ അടിത്തറ പാകിയത് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. അക്കാലത്ത് ആരംഭിച്ച 45 ഓളം പൊതുമേഖലാ സ്ഥാപനങ്ങളാണ് തുടർന്ന് കേരള വികസനത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും മുഖ്യസ്ഥാനം വഹിച്ചത്. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണമാണ് കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് ഏകപരിഹാരം എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പൊതുമേഖലയിൽ കെൽട്രോൺ ആരംഭിച്ചത്. 1973ൽ ആരംഭിച്ച കെൽട്രോൺ ഇന്ത്യൻ ഇലക്ട്രോണിക് വ്യവസായത്തിന് ശക്തമായ അടിത്തറയിട്ടു. ഒരു സംസ്ഥാനം ആദ്യമായി ഇലക്ട്രോണിക്സ് വികസന കോർപറേഷൻ സ്ഥാപിച്ചത് കേരളത്തിലാണ്. കേരളത്തിൽ ആദ്യമായി ശാസ്ത്ര‑സാങ്കേതിക വകുപ്പ് രൂപീകരിച്ചതും ശാസ്ത്ര‑സാങ്കേതികവിദ്യാ നയം നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1972ൽ ദേശീയ ശാസ്ത്രനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് കമ്മിറ്റി സ്ഥാപിച്ചു. കാർഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടു കൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്ത് കാർഷിക സർവകലാശാലയും, ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര‑സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി ശാസ്ത്ര‑സാങ്കേതിക സർവകലാശാലയും(കുസാറ്റ്) ആരംഭിച്ചു. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കേരള സ്റ്റേറ്റ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് മാനേജ്മെന്റ്(സിഡബ്ല്യുആർഡിഎം) കോഴിക്കോട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, റീജിയണൽ കാൻസർ സെന്റർ, കോസ്റ്റ്ഫോർഡ് തൃശൂർ എന്നിവ സ്ഥാപിക്കാനും ഡോ. കെ എൻ രാജ്, ഡോ. വല്യത്താൻ, ലാറി ബേക്കർ, കെ പി പി നമ്പ്യാർ എന്നിവരെപ്പോലുള്ള അനേകം വ്യക്തിത്വങ്ങളെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എല്ലാ പഞ്ചായത്തുകളിലും ഒരു ഹൈസ്കൂളും, ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും യാഥാർത്ഥ്യമാക്കി. സർക്കാർ ജോലിയിൽ പട്ടികജാതി-പട്ടികവർഗക്കാർക്ക് പ്രാതിനിധ്യമില്ലെന്ന് തിരിച്ചറിഞ്ഞ് അവർക്കുവേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റും ഉയർന്ന തസ്തികകളിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റും നടപ്പിലാക്കി. ഇടുക്കി ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചു കൊണ്ട് കേരളം വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റിയത് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്.


ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


അക്കാലത്ത് കേരളത്തിലെ ആർട്സ് ആന്റ് സയൻസ് കോളജുകൾ ഭൂരിഭാഗവും സ്വകാര്യ മാനേജ്മെന്റിന് കീഴിലായിരുന്നു. അധ്യാപകരുടെ നിയമനത്തിലും, വിദ്യാർത്ഥികളുടെ പ്രവേശനത്തിലും സർക്കാർ നിയന്ത്രണം കൊണ്ടുവന്ന് സ്വകാര്യ കോളജ് അധ്യാപകർക്ക് സർക്കാർ കോളജിന് തുല്യമായ ശമ്പളം സർക്കാർ നൽകുകയും സർക്കാർ, സ്വകാര്യ കോളജുകളിൽ ഏകീകൃത ഫീസ് ഘടന നടപ്പിലാക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹ്യശാസ്ത്ര ഗവേഷണരംഗത്ത് അന്തർദേശീയ നിലവാരമുള്ള സ്വയംഭരണ കേന്ദ്രമായി 1970 ഒക്ടോബർ ഒമ്പതിനാണ് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ആഗോള തലത്തിൽ തന്നെ പ്രശസ്തനായ മലയാളി ഡോ. കെ എൻ രാജിന്റെ സേവനം ഉറപ്പുവരുത്തിയാണ് സിഡിഎസിന് തുടക്കം കുറിച്ചത്. തുടർന്ന് കേരള വികസനത്തെക്കുറിച്ച് പഠിക്കണമെന്ന സി അച്യുതമേനോന്റെ മാർഗനിർദേശങ്ങൾ ഡോ. കെ എൻ രാജിന്റെ നേതൃത്വത്തിലുള്ള പഠന സംഘം ഉൾക്കൊണ്ടു. 1975ൽ ഐക്യരാഷ്ട സംഘടനയുടെ ധനസഹായത്തോടെ കേരള വികസനത്തെക്കുറിച്ച് പഠിക്കാൻ സിഡിഎസിന് അവസരം ലഭിച്ചു. “ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം: കേരളത്തെക്കുറിച്ചുള്ള പഠനം” എന്ന ഗവേഷണമാണ് ചൈന, ക്യൂബ, കോസ്റ്റാറിക്കാ, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നുവെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം ഉൾപ്പെടെയുള്ള മാനവവികസന രംഗത്ത് വൻ പുരോഗതി പ്രകടമാകുന്നുവെന്ന് കണ്ടെത്തിയത്.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ആരോഗ്യ‑വിദ്യാഭ്യാസ സൂചികകളാണ് കേരളത്തിനുള്ളത്. അക്കാലത്തെ ഈ സവിശേഷതയെയാണ് ‘കേരളവികസന മാതൃക’യായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നത്. അമർത്യാ സെന്നിനെ പോലുള്ള വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ കേരള വികസനത്തെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും കേരളത്തിന്റെ വികസന അനുഭവങ്ങൾക്ക് അന്തർദേശീയ ശ്രദ്ധ നേടിയെടുത്തു. അച്യുതമേനോൻ സര്‍ക്കാരിന്റെ കാലത്ത് നയങ്ങളിലും പരിപാടികളിലും മുൻഗണന നൽകിയിരുന്നത് സാമൂഹ്യമായ ശാക്തീകരണം വഴി ജനങ്ങളിൽ അന്തർലീനമായ സാമ്പത്തിക ചൈതന്യത്തെ പുറത്തെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്നതിലായിരുന്നു. അദ്ദേഹം സ്വീകരിച്ച ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടും അതിലൂടെ സൃഷ്ടിച്ച ‘കേരള വികസന മാതൃക’യുമാണ് ആധുനിക കേരളത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വഴികാട്ടിയായി മാറിയത്. അതുകൊണ്ടാണ് അച്യുതമേനോനെയും അദ്ദേഹം കേരള വികസനത്തിന് നൽകിയ സംഭാവനകളെയും ഇന്നും പ്രഭമങ്ങാതെ കേരളത്തിലെ ജനസമൂഹം കക്ഷിരാഷ്ട്രീയത്തിനതീതമായി നെഞ്ചേറ്റുന്നത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.