3 February 2026, Tuesday

Related news

January 24, 2026
January 21, 2026
January 11, 2026
January 10, 2026
January 7, 2026
January 7, 2026
January 6, 2026
December 24, 2025
December 21, 2025
December 5, 2025

കോസ്മിക് പൊടിപടലങ്ങളെ പിടികൂടി ഡെക്സ്; ഭാവി ദൗത്യങ്ങളിൽ നിർണ്ണായകം

Janayugom Webdesk
ബംഗളൂരു
January 6, 2026 10:10 pm

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). 2024 ജനുവരിയിൽ വിക്ഷേപിച്ച പിഎസ്എൽവി-സി58 ദൗത്യത്തിലെ ‘പോയം’ പ്ലാറ്റ്‌ഫോമിലുള്ള ‘ഡെക്സ്‘എന്ന ഉപകരണമാണ് കണ്ടെത്തൽ നടത്തിയത്. ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങൾക്കിടയിലുള്ള ഭാഗത്തുനിന്നുള്ള സൂക്ഷ്മ പൊടിപടലങ്ങൾ ഓരോ ആയിരം സെക്കൻഡിലും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്നതായി ഡെക്സ് കണ്ടെത്തി. ധൂമകേതുക്കളിൽ നിന്നും ഛിന്നഗ്രഹങ്ങളിൽ നിന്നും തെറിച്ചുമാറുന്ന അതിസൂക്ഷ്മമായ കണങ്ങളാണിവ. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ ഇവ അതിവേഗത്തിൽ കത്തിയമരുകയും രാത്രികാലങ്ങളിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ഉൽക്കപ്പാളികളായി മാറുകയും ചെയ്യുന്നു. സെക്കൻഡിൽ കിലോമീറ്ററുകൾ വേഗതയിലാണ് ഈ കണങ്ങൾ സഞ്ചരിക്കുന്നത്. ഇവ വലിപ്പത്തിൽ ചെറുതാണെങ്കിലും അതിവേഗത കാരണം ബഹിരാകാശ പേടകങ്ങൾക്കും സാറ്റലൈറ്റുകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളവയാണ്. ഐഎസ്ആർഒയുടെ പിഎസ്എൽവി ഓർബിറ്റൽ എക്‌സ്പെരിമെന്റ് മൊഡ്യൂള്‍ (പോയം) ഇത്തരം നിരവധി പരീക്ഷണങ്ങൾക്ക് വേദിയാകുന്നുണ്ട്. 

കുറഞ്ഞ ചിലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ നടത്താൻ സാധിക്കുമെന്നതാണ് പോയത്തിന്റെ ഏറ്റവും വലിയ സവിശേഷത.
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി വികസിപ്പിച്ചെടുത്ത അത്യാധുനിക ഉപകരണമാണ് ഡെക്സ്. ഭൂമിയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്നാണ് ഇത് വിവരങ്ങൾ ശേഖരിക്കുന്നത്. പൊടിപടലങ്ങൾ വന്ന് പതിക്കുമ്പോൾ അവയുടെ ആഘാതം അളക്കാൻ കഴിയുന്ന സെൻസറുകൾ ഇതിലുണ്ട്. ബഹിരാകാശത്തെ പൊടിപടലങ്ങളുടെ അളവ്, അവയുടെ സഞ്ചാര ദിശ, വേഗത എന്നിവ കൃത്യമായി പഠിക്കുക എന്നതാണ് ഇതിന്റെ ദൗത്യം.

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ വിവരങ്ങൾ ഏറെ നിർണ്ണായകമാണ്. സാറ്റലൈറ്റുകളുടെയും ബഹിരാകാശ പേടകങ്ങളുടെയും പുറംകവചം നിർമ്മിക്കുമ്പോൾ ഇത്തരം പൊടിപടലങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ പഠനം സഹായിക്കും. അന്തരീക്ഷത്തിലെത്തുന്ന ഈ പൊടിപടലങ്ങൾ ഭൂമിയിലെ മേഘരൂപീകരണത്തെയും കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാൻ ഇത് സഹായിക്കും. പ്രപഞ്ചത്തിന്റെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളിലും കോസ്മിക് പൊടിപടലങ്ങൾക്ക് വലിയ പങ്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.