22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

May 9, 2023
January 27, 2023
January 10, 2023
January 6, 2023
April 28, 2022
December 19, 2021
December 1, 2021

കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അസാപ് കേരളക്ക് ഡിജിസിഎ അനുമതി

Janayugom Webdesk
തിരുവനന്തപുരം
May 9, 2023 9:22 pm

കേരളത്തിൽ ആദ്യമായി ഡ്രോൺ പരിശീലനം നൽകുന്നതിനും സർട്ടിഫിക്കേഷനും അസാപ് കേരളക്ക് കേന്ദ്രസർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നല്‍കി. നിലവിൽ ഈ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ് അസാപ് കേരള. അസാപ് കേരളയുടെ കാസർകോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് അസാപ് കേരളയുടെ പരിശീലന പങ്കാളി.
96 മണിക്കൂർ ദൈർഘ്യമുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിലുൾപ്പെടും. 3ഡി മാപ്പിങ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിങ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നീ പരിശീലനങ്ങളും കോഴ്സിന്റെ ഭാഗമാണ്.
ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഡിജിസിഎയുടെ അംഗീകാരത്തോടെയുള്ള പരിശീലന സ്ഥാപനങ്ങൾ കേരളത്തിൽ ഇല്ല. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ച വരും വർഷങ്ങളിൽ 80,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസാപിന്റെ കോഴ്സ് വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും ഡ്രോണുകൾ പറപ്പിക്കാം. ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണെങ്കിലും സംസ്ഥാനത്ത് ഇതില്ലാതെ ഡ്രോൺ ഉപയോഗിക്കന്നവർ വർധിച്ചു വരുന്ന സാഹചര്യമുണ്ട്. നിയമവിരുദ്ധമായ ഇത്തരം പറപ്പിക്കൽ ഉണ്ടാക്കുന്ന ഗുരുതര അപകടങ്ങളെക്കുറിച്ചും കോഴ്സിന്റെ ഭാഗമായി അവബോധം സൃഷ്ടിക്കും.
പത്താം ക്ലാസ് പാസായ 18 വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. 42,952 രൂപയാണ് കോഴ്സ് ഫീ. പ്രവേശനം ലഭിക്കുന്നവർക്ക് സ്കിൽ വായ്പാ സൗകര്യവും ലഭിക്കും.

Eng­lish Sum­ma­ry; DGCA approves ASAP Ker­ala for drone pilot­ing train­ing for the first time in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.