9 December 2025, Tuesday

Related news

November 21, 2025
November 21, 2025
November 12, 2025
November 12, 2025
October 27, 2025
October 27, 2025
October 21, 2025
June 4, 2025
March 5, 2025
March 3, 2024

ധർമ്മസ്ഥല കേസ്; ആറുപേര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Janayugom Webdesk
ബംഗളൂരു
November 21, 2025 5:52 pm

ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കുറ്റപത്രം സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 215 പ്രകാരമുള്ള റിപ്പോർട്ടാണ് ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചത്. പരാതിക്കാരനുൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിറ്റൽ ഗൗഡ, സുജാത, ചിന്നയ്യ എന്നിവരെയാണ് എസ് ഐ ടി പ്രതിചേർത്തത്. രണ്ട് പതിറ്റാണ്ടിനിടെ ധർമ്മസ്ഥലയിൽ ലൈംഗികാതിക്രമത്തിന് ശേഷം കൊല്ലപ്പെട്ട സ്ത്രീയുടേത് ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് കേസിൽ നിർണ്ണായകമായത്. ചിന്നയ്യയുടെ ഈ അവകാശവാദങ്ങൾ പ്രാദേശിക ക്ഷേത്ര ഭരണാധികാരികളുമായി ബന്ധമുണ്ടെന്ന സൂചന നൽകിയതോടെ ഇത് രാഷ്ട്രീയപരമായ ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരുന്നു.

വനപ്രദേശങ്ങളിൽ ചിന്നയ്യ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ നിരവധി തവണ ഖനനം നടത്തി. ഇതിൽ രണ്ട് സ്ഥലങ്ങളിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. അടുത്തിടെ, നേത്രാവതി സ്നാനഘട്ടത്തിനടുത്തുള്ള ബംഗ്ലഗുഡ്ഡെ വനമേഖലയിൽ നടത്തിയ തിരച്ചിലിലും സംഘം കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവയെല്ലാം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ, സംഭവങ്ങളുടെ കൃത്യമായ ക്രമം നിർണ്ണയിക്കുന്നതിനും ഉൾപ്പെട്ട ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ് ഐ ടി സാക്ഷിമൊഴികൾ, ഡിജിറ്റൽ, സാഹചര്യത്തെളിവുകൾ എന്നിവ വിശദമായി പരിശോധിക്കുകയും പല ഘട്ടങ്ങളിലായി ചോദ്യം ചെയ്യലുകൾ നടത്തുകയും ചെയ്തു. സാങ്കേതികവും ശാസ്ത്രീയവുമായ റിപ്പോർട്ടുകൾക്കായി വിവിധ ഏജൻസികളുമായും അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. ഈ തെളിവുകളെല്ലാം ഉൾപ്പെടുത്തിയാണ് 3900 പേജുള്ള സമഗ്രമായ കുറ്റപത്രം ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.