
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍ പ്രത്യേക പൊലീസ് സംഘം പരിശോധന തുടങ്ങി. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്നതിന് ശേഷം തനിക്ക് കുഴിച്ചിടാന്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തൊഴിലാളിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മൊഴിയില്‍ പറഞ്ഞ പ്രദേശങ്ങളില്‍ പരിശോധന നടക്കുന്നത്. നേത്രാവതി നദിയുടെ തീരത്തെ കുളിക്കടവിലും കൊടുംവനത്തിലും ഹൈവേയോട് ചേര്‍ന്നും ആകെ 15 ഇടങ്ങളില്‍ പരിശോധനകള്‍ നടന്നു. ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ്. 9 മുതൽ 12 വരെയുള്ള സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, 14, 15 സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്താണ്.
അതേസമയം ധർമ്മസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കാണാതായവരുടെ പട്ടിക തയ്യാറാക്കും. 20 വർഷത്തിനുള്ളിൽ കാണാതായവരുടെയും ദുരൂഹ മരണങ്ങളുടേയും അജ്ഞാത മൃതദേഹങ്ങളുടേയും കണക്കാണ് എടുക്കുക. 1998നും 2014നും ഇടയിൽ ധർമ്മസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. നിലവിൽ ബെൽത്തങ്കാടിയിലാണ് എസ്ഐടി ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ലാൻഡ് റെക്കോഡ്സ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുങ്ങിയവർ ബെൽത്തങ്കാടി ക്യാമ്പിലെത്തി വിവരങ്ങള്‍ കൈമാറി.
അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നിന്നും പ്രണബ് മൊഹന്തി ഐപിഎസിനെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്‌പി അനുപമ ഷേണായ് ആവശ്യപ്പെട്ടു. മുമ്പ് ഡിവൈഎസ്‌പി എം കെ ഗണപതി ആത്മഹത്യ ചെയ്തിരുന്നു. ഊര്‍ജമന്ത്രി കെ ജെ ജോര്‍ജിന്റെയും ഐപിഎസ് ഉദ്യോഗസ്ഥരായ എം പുസാദിന്റെയും പ്രണബ് മൊഹന്തിയുടെയും സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഗണപതി മരിച്ചുതെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഡോ. കെ രാമചന്ദ്ര റാവു അല്ലെങ്കില്‍ ദയാനന്ദ പോലുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ കേസിന്റെ അന്വേഷണത്തിന് വേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.