
സാക്ഷിമൊഴിയുടെ പശ്ചാത്തലത്തില്‍ ധര്‍മസ്ഥലയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു പതിറ്റാണ്ടിന് മുമ്പെ നടന്ന ഇരട്ടക്കൊലപാതകവും പുനരന്വേഷണത്തിലേക്ക്. ക്ഷേത്ര ജീവനക്കാരനുമായി ഭൂമി തര്‍ക്കമുണ്ടായതിന് പിന്നാലെ 2012 സെപ്റ്റംബര്‍21ന് ധര്‍മസ്ഥല സ്വദേശികളായ നാരായണനെയും സഹോദരി യമുനയെയും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുനരന്വേഷണ സമ്മര്‍ദമേറുന്നത്.
നാരയണനോട് വീടൊഴിഞ്ഞ് പോകണമെന്ന് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഭീഷണിമുഴക്കിയിരുന്നുവെന്നും ഇവരുമായി തര്‍ക്കമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഇരുവരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് നാരയണന്റെ ഭാര്യ സുന്ദരി 2013 നവംബര്‍ ആറിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ധര്‍മസ്ഥല ഗ്രാമത്തില്‍ തന്നെയുള്ള ബൗര്‍ജെയിലെ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് അഞ്ച് വര്‍ഷമായി ക്ഷേത്ര അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണ നാരായണന് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി.
സംഭവം നടക്കുന്നതിന്റെ തലേ ദിവസം ക്ഷേത്ര ജീവനക്കാരന്‍ നേരിട്ടെത്തി ഭീഷണി മുഴക്കുകയായിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കില്‍ കാര്യങ്ങള്‍ പഴേയത് പോലെയായിരിക്കില്ലെന്ന് അവിടെയെത്തിയ ആള്‍ പറഞ്ഞുവെന്നാണ് സുന്ദരി പരാതിയില്‍ പറയുന്നത്. വലിയ കല്ല് ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പിന്നീട് ക്ഷേത്ര ജീവനക്കാര്‍ വീട് പൂട്ടി സീല്‍ വച്ചുവെന്നും സുന്ദരി പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സുന്ദരി പൊലീസിനെ സമീപിച്ചിരിക്കുന്നത്. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.