
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് പുതിയ മണ്ണിട്ടെന്ന് ആരോപണം. തെളിവുകള്‍ കണ്ടെത്താതിരിക്കാനാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥ് ആരോപിച്ചു. ബാഹുബലി കുന്നിലാണ് പുതിയ മണ്ണിട്ടിരിക്കുന്നത്. അതിന്റെ ചിത്രങ്ങളും അഭിഭാഷകന്‍ പങ്കുവച്ചു. സംരക്ഷിത പ്രദേശത്ത് ഇത്തരത്തില്‍ മണ്ണും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഗൂഡാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ധര്‍മ്മസ്ഥല കൂട്ടകൊലപാതക വെളിപ്പെടുത്തലില്‍ ശുചീകരണത്തൊഴിലാളിക്കുപ്പുറമെ പുതിയ രണ്ട് സാക്ഷികള്‍ കൂടി പൊലീസിന് മൊഴി നല്‍കി. മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് സാക്ഷികള്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ സാക്ഷികള്‍ പറയുന്ന ഇടങ്ങളിലും പ്രത്യേക അന്വേഷണ സംഘം ഖനനം നടത്താന്‍ തീരുമാനിച്ചു.
നേരത്തെ ആദ്യ സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റവുമൊടുവില്‍ ധര്‍മ്മസ്ഥലയിലെ ബാഹുബലിക്കുന്നില്‍ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്തിയിരുന്നില്ല. നേത്രാവതി സ്‌നാനഘട്ടിനടുത്തും ദേശീയപാതക്കും സമീപത്തുള്ള നേരത്തെ അടയാളപ്പെടുത്തിയ 13 പോയന്റുകളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ സ്ഥലങ്ങളിലേക്ക് അന്വേഷണം നീട്ടിയത്. അതേസമയം ധർമ്മസ്ഥലയിലെ പങ്കൽ ക്രോസിന് സമീപം ഓഗസ്റ്റ് ആറിനുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. ചില യൂട്യൂബർമാരെയും, കാമറാമാൻമാരെയും, സ്വകാര്യ കന്നഡ ചാനലിന്റെ റിപ്പോർട്ടറെയും ആക്രമിച്ചവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.