
ധര്‍മ്മസ്ഥലയില്‍ തെരച്ചിൽ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ധര്‍മ്മസ്ഥലയില്‍ നിരവധി ശവശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി നടത്തിവന്ന തെരച്ചിലില്‍ രണ്ടിടങ്ങളില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഒന്നും കണ്ടെടുക്കാനായിരുന്നില്ല. ഇനി ഫോറന്‍സിക് ഫലം വന്നതിന് ശേഷമായിരിക്കും തുടര്‍പരിശോധനയില്‍ തീരുമാനമെടുക്കുകയെന്ന് പരമേശ്വര നിയമസഭയെ അറിയിച്ചു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് പ്രത്യേക അന്വേഷണ വിഭാഗത്തിന് അസ്ഥി കഷണങ്ങള്‍ ലഭിച്ചത്. ഒരു സ്ഥലത്ത് നിന്ന് അസ്ഥിക്കൂടവും മറ്റൊരു സ്ഥലത്ത് നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. ഇവ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടു പോയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്നത് വരെ മണ്ണ് കുഴിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കുകയാണെന്ന് പരമേശ്വര പറഞ്ഞു.
എല്ലുകള്‍ക്ക് പുറമെ മണ്ണിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ചുവന്ന കല്ലുകളുടെ സാന്നിധ്യം എളുപ്പത്തില്‍ എല്ലുകള്‍ ദ്രവിക്കുന്നതിന് കാരണമായിട്ടുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. അതേസമയം പരാതിക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ അത് സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ദൃക്‌സാക്ഷി സംരക്ഷണ നിയമ പ്രകാരം, പരാതിക്കാരന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ച് തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതെന്നും മന്ത്രി പറഞ്ഞു. അതേസമയം കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചുള്ള പരിശോധന വേണമെന്ന് സാക്ഷി വീണ്ടും ആവശ്യപ്പെട്ടിരുന്നു. മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം താന്‍ മറവ് ചെയ്തിട്ടുണ്ട്. ഈ സ്ഥലം പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാല്‍ ഇവിടെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ണിട്ട് നിലം ഉയര്‍ത്തിയതിനാല്‍ അസ്ഥികള്‍ ലഭിച്ചില്ലെന്നുമായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞത്. വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുമെന്നും സാക്ഷി പറയുന്നു. അതേസമയം ബിജെപി വിഷയത്തെ രാഷ്ട്രീയമായി ഉയര്‍ത്തിയതോടെ തെരച്ചിൽ താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇതിനപ്പുറം തുടർച്ചയായി പരിശോധനകൾ നടത്തിയാൽ പ്രതിഷേധവുമായി എത്തുമെന്നും കുഴിച്ചുള്ള പരിശോധന തടയുമെന്നും പ്രാദേശിക ബിജെപി നേതാക്കൾ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.