30 December 2025, Tuesday

Related news

December 10, 2025
December 2, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025
July 28, 2025
July 21, 2025
April 3, 2025

18-ാം ലോക്‌സഭയിലും ഏകാധിപത്യം തന്നെ

റെജി കുര്യന്‍
June 26, 2024 11:14 pm

18-ാം ലോക്‌സഭയിലും പ്രതിപക്ഷത്തെ അംഗീകരിക്കില്ലെന്നും സ്വേച്ഛാസമീപനങ്ങള്‍ തന്നെയെന്നും സൂചന നല്‍കി സ്പീക്കറുടെ ആദ്യം ദിനം. കഴിഞ്ഞ സഭയില്‍ ഭരണമുന്നണിയുടെ മാത്രം സ്പീക്കറാവുകയും പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുകയും ചെയ്ത ഓം ബിര്‍ള ഇനിയും അങ്ങനെ തന്നെയാവുമെന്ന സന്ദേശമാണ് ഇന്നലെ നല്‍കിയത്.
കഴിഞ്ഞ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ 100 പ്രതിപക്ഷ അംഗങ്ങളെയാണ് സ്പീക്കറായിരുന്ന ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി നടന്ന അസാധാരണമായ നടപടിയായിരുന്നു അത്. ഭരണകക്ഷിയുടെ നയങ്ങളും നിയമങ്ങളും ചര്‍ച്ചകള്‍ക്ക് അവസരമില്ലാതെ പാസാക്കുകയും പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തടയുന്നതിന് കൂട്ടപ്പുറത്താക്കല്‍ നടത്തുകയും ചെയ്ത മുന്‍കാല നിലപാടുകള്‍ക്ക് സമാനമായ സമീപനമാണ് ഇന്നലെ സ്പീക്കര്‍ സ്വീകരിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ നടത്തിയ പ്രസംഗത്തില്‍ അജണ്ടയിലില്ലാത്ത, അടിയന്തരാവസ്ഥയുടെ പേരില്‍ മൗനമാചരിക്കണമെന്ന ഏകപക്ഷീയ നിര്‍ദേശം സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായി. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി മൗനം ആചരിക്കാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. ഇതോടെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്പീക്കര്‍ കസേരയിലേക്ക് ഓം ബിര്‍ളയെ ആനയിച്ചത്. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയും ഹസ്തദാനം നടത്തിയതും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചെന്ന സന്ദേശം നല്‍കുന്ന നിമിഷങ്ങളായിരുന്നു ലോക്‌സഭയില്‍ ആദ്യമുണ്ടായത്. എന്നാല്‍ തൊട്ടടുത്ത നിമിഷം സ്പീക്കര്‍ തന്റെ നടപടിയിലൂടെ അത് തകര്‍ത്തു.

ഓം ബിര്‍ള സ്പീക്കര്‍

ഇന്നലെ രാവിലെ സമ്മേളിച്ച സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങളാണ് ആദ്യം നടന്നത്. ഭരണപക്ഷമായ എന്‍ഡിഎ ഓം ബിര്‍ളയെയും ഇന്ത്യ സഖ്യം കൊടിക്കുന്നില്‍ സുരേഷിനെയുമാണ് സ്ഥാനാര്‍ത്ഥികളാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഓം ബിര്‍ളയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പിന്തുണച്ചു. അരവിന്ദ് ഗണ്‍പത് സാവന്താണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന്റെ പേര് നിര്‍ദേശിച്ച് പ്രമേയം അവതരിപ്പിച്ചത്. എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ ഇന്ത്യ സഖ്യനേതാക്കള്‍ പ്രമേയത്തെ പിന്തുണച്ചു. ശബ്ദവോട്ടോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
പ്രതിപക്ഷം വോട്ടിങ്ങിന് നിര്‍ബന്ധിക്കാതിരുന്നതോടെ ഓം ബിര്‍ള സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സ്പീക്കറുടെ സ്ഥാനത്തേക്ക് ബിര്‍ളയെ ക്ഷണിച്ച് മെഹ്താബ് തന്റെ കര്‍ത്തവ്യം അവസാനിപ്പിച്ചു.

ജനങ്ങളുടെ ശബ്ദത്തിന് അവസരം നല്‍കണം

പ്രതിപക്ഷത്തിന്റേത് ജനങ്ങളുടെ ശബ്ദമാണെന്നും അതിന് സഭയില്‍ വേണ്ടത്ര അവസരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അനുമോദിച്ചു നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സഭ നല്ലരീതിയില്‍ നടത്തുകയെന്നതിനെക്കാള്‍ പ്രധാനം ജനങ്ങളുടെ ശബ്ദം സര്‍ക്കാരിനെ അറിയിക്കാന്‍ അനുവദിക്കുക എന്നതാണ്. അതിനെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടന സംരക്ഷിക്കുകയെന്ന കര്‍ത്തവ്യം സ്പീക്കര്‍ നിര്‍വഹിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇത്തവണ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നത് പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. തുല്യപരിഗണന എല്ലാ അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.