13 March 2026, Friday

109 വർഷങ്ങൾക്ക് ശേഷം ‘ഡിജി അയോക്വെ’ ഐവറി കോസ്റ്റിൽ; പുരാവസ്തു മടക്കിനൽകി ഫ്രഞ്ച് ഭരണകൂടം

Janayugom Webdesk
അബിജാൻ
March 13, 2026 7:37 pm

ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് പിടിച്ചെടുത്ത് കടത്തിക്കൊണ്ടുപോയ ഐവറി കോസ്റ്റിന്റെ പവിത്രമായ പുരാവസ്തു ‘ഡിജി അയോക്വെ’ മാതൃരാജ്യത്ത് തിരിച്ചെത്തി. നൂറിലധികം വർഷങ്ങൾക്ക് ശേഷമാണ് ‘സംസാരിക്കുന്ന ഡ്രം’ എന്നറിയപ്പെടുന്ന ഈ ഉപകരണം ഫ്രാൻസ് ഔദ്യോഗികമായി മടക്കിനൽകിയത്. വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെ അബിജാനിലെ പോർട്ട് ബൗട്ട് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ തടികൊണ്ടുള്ള വലിയ പെട്ടി കണ്ട് പ്രാദേശിക സമൂഹം പരമ്പരാഗത നൃത്തങ്ങളോടെയാണ് വരവേറ്റത്.

നാല് മീറ്റർ നീളവും 430 കിലോ തൂക്കവുമുള്ള ഈ കൊട്ട് 1916ലാണ് ഫ്രഞ്ച് അധികൃതർ പിടിച്ചെടുത്തത്. മനുഷ്യശബ്ദത്തിന് സമാനമായ താളവും ഈണവും പുറപ്പെടുവിക്കാൻ കഴിവുള്ള ഈ ഉപകരണം മരണവാർത്തകൾ അറിയിക്കാനും ആഘോഷങ്ങൾക്കും ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകാനുമാണ് ഉപയോഗിച്ചിരുന്നത്. നിർബന്ധിത തൊഴിലിനെതിരെ അഡ്‌ജമേ-ബിംഗർവിൽ സമൂഹം നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ഇത് കൊളോണിയൽ ഭരണകൂടം പിടിച്ചെടുത്തത്. പാരിസിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഇത് മടക്കിനൽകുമെന്ന് 2021ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഫ്രഞ്ച് പാർലമെന്റിന്റെ അംഗീകാരം ലഭിക്കാൻ നാല് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.

തങ്ങളുടെ പൂർവ്വികരുമായുള്ള ഒരു വലിയ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും നീതിയുടെ നിമിഷമാണിതെന്നും ഐവറി കോസ്റ്റ് സാംസ്കാരിക മന്ത്രി ഫ്രാൻകോയിസ് റിമാർക്ക് പറഞ്ഞു. അബിജാനിലെ മ്യൂസിയം ഓഫ് സിവിലൈസേഷനിൽ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതിന് മുൻപായി യുനെസ്കോ ലക്ഷക്കണക്കിന് രൂപയുടെ ധനസഹായവും ഗവേഷണത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റ് എട്ട് പുരാവസ്തുക്കൾ കൂടി മടക്കിക്കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സാംസ്കാരിക വൃത്തങ്ങൾ അറിയിച്ചു.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.