
ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞു കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ നാലു പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2025 ഡിസംബർ മാസം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ പണം തട്ടിയെടുക്കുന്നതിനുവേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശിയായ ഹരിപ്രസാദ് കെ, കല്ലായി സ്വദേശിയായ ഫാസിൽ, അത്താണിക്കൽ സ്വദേശിയായ ഷിഹാബ് കെ വി, മലാപ്പറമ്പ് സ്വദേശിയായ റബിൻ എ, എന്നിവരാണ് പിടിയിലായത്. പ്രതികളെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി.
പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ ആരോ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും ആ ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പു സംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ അറസ്റ്റിലാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതിക്കാരിയുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി മുപ്പത്തിയാറു ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. വിദേശ ബന്ധങ്ങൾ ഉള്ളതായി മനസിലാക്കിയ ഈ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു കേസിൽ ഒരു കേരള ബാങ്ക് അക്കൗണ്ട് വന്നു എന്നതു സംബന്ധിച്ചും വലിയ തുകകൾ കമ്മിഷനായി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകുന്ന വലിയ സംഘങ്ങൾ ഇതിനു പുറകിലുണ്ടോ എന്നതു സംബന്ധിച്ചും സൈബര്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.