4 October 2024, Friday
KSFE Galaxy Chits Banner 2

സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ ‘ഡിജിറ്റൽ പാഠശാല’ ഒരുങ്ങുന്നു

പി എസ് ‌രശ്‌മി
തിരുവനന്തപുരം
September 9, 2023 10:36 pm

നിത്യജീവിതത്തിൽ ആവശ്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പാഠശാല പദ്ധതി ഒരുങ്ങുന്നു. വനിതാ ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം പരിചയമില്ലാത്ത സ്ത്രീകളെ കണ്ടെത്തി അവരെ പല ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെക്കുറിച്ച് പഠിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സമൂഹ മാധ്യമം, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ്/ഇ മാർക്കറ്റിങ് തുടങ്ങിയവയില്‍ പരിശീലനം നൽകും. സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും സാമൂഹിക കാര്യങ്ങളിൽ ഇടപെടാനും സ്വയം പര്യാപ്തമാകുന്നതിനും ഡിജിറ്റൽ സാക്ഷരത അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി സജ്ജമാക്കുന്നത്. 

സ്ത്രീകൾക്കിടയിലുള്ള ഡിജിറ്റൽ സാക്ഷരതാ നിരക്ക് വർധിപ്പിക്കുന്നതിനും ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ സുരക്ഷിതമായും ഫലപ്രദമായും ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുവാനും ഇതിലൂടെ സാധിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസിലാക്കുവാന്‍ വിദഗ്ധ പരിശീലനം നൽകും. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുള്ള ധാർമ്മികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ മനസിലാക്കാനുമാകും.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തുന്നതുൾപ്പെടെയുള്ള ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ആത്മവിശ്വാസം സ്ത്രീകള്‍ക്ക് പകര്‍ന്ന് നല്‍കാനും വീഡിയോ പ്രസന്റേഷനുള്‍പ്പെടെയുള്ളവ മൊഡ്യുളുകളുടെ ഭാഗമായി ഉണ്ടാകും.
നാല്പത് വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഈ പദ്ധതിയിലേക്ക് മുഖ്യമായും ലക്ഷ്യമിടുന്നത്. 

ഓരോ പ്രദേശത്തെയും അങ്കണവാടി അധ്യാപകര്‍ വഴിയായിരിക്കും ഇവരെ കണ്ടെത്തുക. അങ്കണവാടി അധ്യാപകര്‍ക്ക് വനിതാശിശുവികസന വകുപ്പിലെ സൂപ്പര്‍വൈസര്‍മാര്‍ മുഖേന ഇതിനായി പരിശീലനം നല്‍കും. സിഡിപിഒ\സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഓരോ ജില്ലയിലുമുള്ളവര്‍ക്ക് വിവിധ ബാച്ചുകളായായിരിക്കും പരിശീലനം.
സ്ത്രീകളെ ബാധിക്കുന്ന ലിംഗ അസമത്വം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ പദ്ധതി മുഖേന സ്ത്രീകള്‍ക്ക് കൂടുതല്‍ അവബോധം നൽകും. പൊതുസംവാദങ്ങളിൽ പങ്കെടുക്കാനും സ്വന്തം അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനും ഡിജിറ്റൽ പാഠശാല പദ്ധതി വഴി സ്ത്രീകളെ പ്രാപ്തരാക്കും. 

Eng­lish Summary:‘Digital Pathsha­la’ is all set to bring women into the mainstream
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.