22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 13, 2024
December 13, 2024
December 6, 2024
November 29, 2024
November 25, 2024
November 24, 2024
November 22, 2024
November 21, 2024

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടിസ്ഥാന രഹിതമായ കഥകൾ മെനയുന്നു

സുപ്രീം കോടതിയിൽ സത്യവാങ്മൂലവുമായി കേരളം 
Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2024 5:31 pm

നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകാനായി ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയെ ഏഴ് ദിവസവും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും ആണ് ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചത്. ഇതിന് പുറമെ സംവിധായകൻ ബാലചന്ദ്രകുമാറിനെ 35 ദിവസവും, സൈബർ ഫൊറൻസിക് വിദഗ്ധൻ ഡോ. സുനിൽ എസ് പിയെ 21 ദിവസവും, സൈബർ ഫൊറൻസിക് വിദഗ്ധ ദീപ എ എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചുവെന്നും കേരളം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞുവെന്നും വിചാരണ സമയത്ത് മിക്ക പ്രതികളും കോടതിയിൽ സ്ഥിരമായി ഹാജരാകാറില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമവാദം കേൾക്കൽ ഒരു മാസം നീണ്ടുനിൽക്കുമെന്നും, ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമുള്ള പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളി. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്. അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ്. അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.