മലയാളത്തിലും ഹിന്ദിയിലുമായി എണ്ണം പറഞ്ഞ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ സംഗീത് ശിവൻ (65) ഓർമ്മയായി. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് മുംബെെയിലായിരുന്നു അന്ത്യം. മലയാളത്തിൽ ഹിറ്റായ രോമാഞ്ചം എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ‘കപ്കപി’ സംവിധാനം ചെയ്യുന്നത് സംഗീത ശിവനാണ്. മൂന്നുദിവസം മുമ്പ് സിനിമയുടെ ഡബ്ബിങ് ജോലികൾ കഴിഞ്ഞ് മുംബൈയിലെ വീട്ടിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് ഇന്ന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംവിധായകരും ഛായാഗ്രാഹകരുമായ സന്തോഷ് ശിവനും സഞ്ജീവ് ശിവനും സഹോദരന്‍മാരാണ്. സംസ്കാരം നാളെ വൈകിട്ട് നാലിന് മുംബൈയിൽ നടക്കും. ഭാര്യ: ജയശ്രീ. മക്കൾ: സജ്ന ശിവൻ (സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു ശിവൻ (അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ മക്കളാണ്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹരിപ്പാട് പടീറ്റത്തിൽ ശിവന്റെയും ചന്ദ്രമണിയുടേയും മകനായി 1959ൽ തിരുവനന്തപുരം പോങ്ങുംമൂട്ടിലാണ് സംഗീത് ശിവന്റെ ജനനം. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി, മാർ ഇവാനിയോസ് കോളജുകളിലായി ഉന്നതപഠനം പൂർത്തിയാക്കി. സിനിമയിലെത്തുന്നതിന് മുമ്പ് 1976ൽ, ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തു. യൂണിസെഫിനും ഫിലിം ഡിവിഷനും വേണ്ടിയും ഡോക്യുമെന്ററികൾ ചെയ്തു.
1990ൽ രഘുവരനെയും സുകുമാരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം സംവിധാനം ചെയ്താണ് സിനിമാരംഗത്തെത്തിയത്. 1993ൽ സംവിധാനം ചെയ്ത ജോണി എന്ന ചിത്രത്തിലൂടെ കുട്ടികൾക്കുള്ള ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കിയ സോർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ഹിന്ദിയിൽ ഏഴ് സിനിമകൾ കൂടി അദ്ദേഹം ഒരുക്കി.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ അനുശോചിച്ചു. ജനപ്രിയ ചിത്രങ്ങളുടെ സംവിധാനം, ഛായാഗ്രഹണം എന്നിവയിലൂടെ സ്വന്തമായ ഒരിടം നിര്‍ണയിച്ച കലാകാരനായിരുന്നു സംഗീത് ശിവനെന്നും സിനിമയുടെ ആസ്വാദ്യതയെയും ജനപ്രിയതയെയും സമ്പുഷ്ടമാക്കുന്നതില്‍ ഛായാഗ്രഹണകലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ടെന്ന് അദ്ദേഹം തെളിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു.
updating.….
English Summary:Director Sangeeth Sivan passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.