27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 12, 2024
October 7, 2024
October 7, 2024
October 1, 2024
September 24, 2024
September 24, 2024
September 24, 2024
September 24, 2024
August 30, 2024

പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയവാനായ സിദ്ദിഖ്

ആർ ഗോപകുമാർ
സെല്ലുലോയ്ഡ്
August 11, 2023 9:07 am

മിമിക്രി വേദികളിലും തിരശീലയിലും ചിരിയുടെ തരംഗം സൃഷ്ടിച്ച സിദ്ദിഖ് മലയാള സിനിമയിലെ സൗമ്യവും കുലീനവുമായ സാന്നിധ്യമായിരുന്നു. മദ്യപിക്കാത്ത, പുകവലിക്കാത്ത, ഒരു ദുശീലവും ഇല്ലാത്ത എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം ഇടപെട്ടിരുന്ന, മൃദുഭാഷിയായിരുന്ന സിദ്ദിഖിന്റെ അന്ത്യം പ്രിയപ്പെട്ടവര്‍ക്ക് ആഘാതമായി. അന്തര്‍മുഖനായ കൗമാരക്കാരനില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയുന്ന സംവിധായകനായുള്ള സിദ്ദിഖിന്റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനാധ്വാനവും സമ്പൂര്‍ണ സമര്‍പ്പണവുമായിരുന്നു. സിനിമയില്‍ എത്തിപ്പെടാന്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങള്‍ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടുകൊണ്ടാണ് സിദ്ദിഖ്-ലാല്‍ മലയാള സിനിമയില്‍ പുതിയ പ്രമേയ പരിസരവും ആഖ്യാന ശൈലിയും അവതരിപ്പിച്ചത്. തന്റെ കൺവെട്ടത്തുവന്ന ഒരു പരിചയക്കാരനോട് സംസാരിക്കാതെ പോയാൽ കടുത്ത മാനസിക വിഷമമായിരുന്നു സിദ്ദിഖിന്.

മകളുടെ കല്യാണം വിളിക്കാൻ തന്റെ പ്രീഡിഗ്രി കൂട്ടുകാരുടെ വിലാസം കണ്ടുപിടിക്കാൻ ഓടിനടന്ന സിദ്ദീഖിനെ കൂട്ടുകാർ ഓർക്കുന്നു. മഹാരാജാസിൽ മലയാളത്തിന് ആദ്യ വർഷം റെഗുലർ കോളജിൽ പഠിച്ച സിദ്ദിഖ് പിന്നീട് ഈവനിങ് കോളജിലേക്ക് മാറി. അന്ന് ക്‌ളാസിൽ ഇടാനുള്ള ബൾബുമായി കോളജിലെത്തിയ ദിനങ്ങൾ ഓർമിക്കുമായിരുന്നു. വെളിച്ചം പണിമുടക്കുന്ന ദിവസങ്ങളിൽ അധ്യാപകർക്കൊപ്പം വീട്ടിലേയ്ക്ക് നടന്നു പഠിച്ച കാലവുമുണ്ടായിരുന്നു. മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായ മുഴുവൻ സിനിമക്കാരെയും കൂട്ടിച്ചേർത്തു ഒരു സംഗമം നടത്തണമെന്ന് സിദ്ദിഖ് പറയുമായിരുന്നു . പഠനത്തില്‍ ശരാശരി ആയിരുന്ന സിദ്ദിഖിന് ഒരു കാര്യം ഒരുതവണ വായിച്ചാൽ മനസിൽ തങ്ങി നിൽക്കുമായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നുവെന്ന് സിദ്ദിഖ് തന്നെ പറയുന്നു. സ്‌കൂളിൽ ഒന്നിനും കൊള്ളാത്തവന്‍ എന്ന അര്‍ത്ഥത്തില്‍ കന്നാസ് എന്ന വിളിപ്പേരും ഉണ്ടായിരുന്നു . പഠനത്തേക്കാളേറെ കലയോടായിരുന്നു അന്നേ സിദ്ദിഖിന് താല്‍പര്യം. കേരള ബാലജനസംഘ്യം സംഘടിപ്പിച്ച മോണോആക്റ്റ് മത്സരത്തിൽ കേരളാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടി. പുല്ലേപ്പടിയിൽ തുണിക്കട നടത്തിയിരുന്ന ബാപ്പയ്ക്ക് ചോറുമായി പോകുമ്പോൾ ചോറ്റുപാത്രം സ്റ്റേജിന്റെ സൈഡിൽ വച്ചാണ് വൈഎംസിഎയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. മത്സരം കഴിഞ്ഞ ഉടൻ ബാപ്പയ്ക്കുള്ള ചോറുമായി ഓടി. മടങ്ങി എത്തുമ്പോൾ ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം കൂട്ടുകാർ പറഞ്ഞു. അന്ന് കലൂർ സെന്റ് ജോർജ് ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസിലാണ് . സമ്മാനം കിട്ടിയ ട്രോഫി സ്‌കൂളിൽ ഹെഡ് മാസ്റ്ററെ കാണിച്ചു. സ്കൂൾ അസംബ്ലിയിൽ അനുമോദനത്തിനൊപ്പം ട്രോഫി ഒന്നുകൂടി തരാമെന്ന് ഹെഡ്‌മാസ്റ്റർ പറഞ്ഞു.

സന്തോഷത്തിന് അതിരുണ്ടായില്ല. അനുമോദനം, കയ്യടി ഏറ്റുവാങ്ങി കൂട്ടുകാർക്കടുത്തേയ്ക്ക് പോകുമ്പോൾ ക്ലാസ്സ്‌ ടീച്ചർ പറയുന്നത് സിദ്ദിഖ് കേട്ടു. ‘കോമാളിക്കളിക്കൊക്കെ മിടുക്കുണ്ട് പഠിക്കാൻ മാത്രം താല്പര്യം ഇല്ല.’ സന്തോഷത്തിന്റെ കൊടുമുടിയിലും ഇങ്ങനെ ചില വിമർശനങ്ങൾ ഉണ്ടാവുമെന്ന് അന്ന് പഠിച്ചു. നേട്ടങ്ങളിൽ മതിമറന്നു ആഹ്ലാദിക്കരുതെന്ന നയം അന്നു മുതൽ ഒപ്പമുണ്ടെന്ന് സിദ്ദിഖ് എപ്പോഴും പറയുമായിരുന്നു . 90കളിൽ പുല്ലേപ്പടിയിൽ ലാൽ, റഹ്മാൻ, പ്രസാദ്, സൈനുദീൻ തുടങ്ങിയവരുടെ കൂട്ടായ്മയുടെ മധുരം ഇന്നും പരിസരവാസികൾ പങ്കുവെയ്ക്കാറുണ്ട്. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി രംഗത്ത് എത്തി. കലാഭവന്‍ ട്രൂപ്പിനു വേ ണ്ടി അദ്ദേഹം എഴുതിയ സ്‌കിറ്റുകള്‍ വേദികളില്‍ ഹിറ്റുകളായിരുന്നു. മിമിക്രി വേദിയില്‍ നിന്ന് എത്തിയ സിദ്ദിഖിനെയും ലാലിനെയും സിനിമയിലേക്ക് ചേര്‍ത്തുപിടിച്ചത് സംവിധായകന്‍ ഫാസിലാണ്.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ മുതല്‍ സിദ്ദിഖും ലാലും ഫാസിലിന്റെ നിരവധി സിനിമകളില്‍ സഹസംവിധായകരായി ഏറെ കാലം പ്രവര്‍ത്തിച്ചു. ഇങ്ങോട്ട് വിളിച്ചാണ് ഫാസിൽ സഹസംവിധായകരാക്കിയത് . 1986 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം വേഷമിട്ട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ സഹസംവിധായകരായി ഇരുവരും . 1989 ല്‍ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയുടെ ആദ്യ ചിത്രം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്നതാണ് റാംജിറാവു.

എന്നാല്‍ ലാലിന്റെ ഡേറ്റ് കിട്ടാതെ വന്നതോടെ സായ്‌കുമാര്‍ എന്ന പുതുമുഖത്തെ നായകനായി അവതരിപ്പിച്ചാണ് അവര്‍ ആദ്യ ചിത്രമൊരുക്കിയത്. റാംജിറാവു മലയാള സിനിമയില്‍ അതുവരെയുള്ള ചിരിപ്പടങ്ങളില്‍ നിന്ന് വേറിട്ട സിനിമയായിരുന്നു. റാംജിറാവു ഗംഭീര വിജയമായതോടെ ഇരുവര്‍ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. ഗോഡ് ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യമാണ് ഗോഡ്ഫാദറിന് കരുത്തായത്. ഹല്‍ചല്‍ എന്ന പേരില്‍ 2004 ല്‍ പ്രിയദര്‍ശന്‍ ഗോഡ്ഫാദര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. മാന്നാര്‍ മത്തായിക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് കൂട്ടുകാരുടെ സൗഹൃദം എന്നും നിലനിൽക്കണമെന്ന ആഗ്രഹത്തിലായിരുന്നു . ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്‌ലറാണ്. നിർമ്മിച്ചതാവട്ടെ ലാലും .

മമ്മൂട്ടി നായകനായ ഈ ചിത്രം വന്‍വിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ട്സ് എന്ന ചിത്രവും തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചര്‍ച്ചയായ ഫ്രണ്ട്സ് 2001 ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ല്‍ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കള്‍ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ഒരുക്കി. സിദ്ദിഖിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ്. ദിലീപ്, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം മലയാളത്തില്‍ ഹിറ്റും തമിഴില്‍ 2011 ല്‍ കാവലന്‍ എന്ന പേരില്‍ സൂപ്പര്‍ ഹിറ്റും ഹിന്ദിയില്‍ മെഗാഹിറ്റുമായി. വിജയ്, അസിന്‍ എന്നിവരാണ് തമിഴിലും സല്‍മാന്‍ ഖാനും കരീന കപൂര്‍ ഹിന്ദി ബോഡി ഗാര്‍ഡിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹിന്ദിയില്‍ 200 കോടി ക്ലബില്‍ കയറിയ ബോഡി ഗാര്‍ഡ് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കുന്ന പേരായി സിദ്ദിഖിനെ മാറ്റി.

എന്നാല്‍ പിന്നീട് ഈ വിജയം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ലേഡീസ് ആന്റ് ജന്റില്‍ മാന്‍, കിങ് ലയര്‍, ഫുക്രി, ഭാസ്‌കര്‍ ദ റാസ്‌കല്‍, ബിഗ് ബ്രദര്‍ എന്നിവയായിരുന്നു പിന്നാലെ വന്ന ചിത്രങ്ങള്‍. 2020ല്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ വന്‍ പരാജയമായതോടെ പുതിയപ്രമേയങ്ങളുമായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു സിദ്ദിഖ്. മലയാളത്തിന് ഇനിയും ലഭിക്കേണ്ടിയിരുന്ന ഒരുപിടി സിനിമകള്‍ സ്വപ്‌നമായി ശേഷിപ്പിച്ചാണ് സിദ്ദിഖിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. മലയാള സിനിമയില്‍ അപൂര്‍വമായ നേട്ടങ്ങള്‍ കുറിച്ചിട്ടാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ ആദ്യപാതി വിടപറയുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയിച്ച സംവിധായക ജോഡികള്‍ സിദ്ദീഖും ലാലുമായിരുന്നു. റാംജി റാവു സ്പീക്കിങ്ങ് എന്ന ആദ്യ ചിത്രം ഇറങ്ങിയപ്പോള്‍ ജനം കരുതിയത് സിദ്ദിഖ് ലാല്‍ ഒറ്റപ്പേരാണെന്നാണ്. ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ട് സിദ്ദിഖും ലാലും മലയാള സിനിമയുടെ വിജയമുഖമായി മാറി. സിദ്ദിഖ് ലാലിന്റെ രണ്ടു സിനിമകള്‍ക്ക് മൂന്നു ഭാഗങ്ങള്‍ വന്നു. ഇന്‍ ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗമായി ടു ഹരിഹര്‍ നഗറും മൂന്നാം ഭാഗമായി ഗോസ്റ്റ് ഹൗസ് ഇന്നും തിരശീലയിലെത്തി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞ ശേഷം രണ്ടും മൂന്നും ഭാഗങ്ങള്‍ സംവിധാനം ചെയ്തത് ലാല്‍ ആയിരുന്നു.

റാംജി റാവുവിന്റെ രണ്ടാം ഭാഗം മാന്നാര്‍ മത്തായി സ്പീക്കിങ്ങ്, മൂന്നാം ഭാഗം മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്നീ പേരുകളില്‍ വിജയം നേടി. മാന്നാര്‍ മത്തായി ഒരുക്കിയത് മാണി സി കാപ്പനും മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 സംവിധാനം ചെയ്തത് മാമാസ് കെ ചന്ദ്രനുമായിരുന്നു. മാന്നാല്‍ മത്തായി ഇന്നസെന്റിന് മലയാള സിനിമയില്‍ പുതിയ പരിവേഷം നല്‍കിയ കഥാപാത്രമായിരുന്നു. മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തി വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞത് പ്രിയദര്‍ശനാണെങ്കിലും ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡില്‍ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ് സൃഷ്ടിച്ച മലയാള സംവിധായകനായി സിദ്ദിഖ് മാറി. നിരവധി സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിട്ടും ക്രെഡിറ്റ് ലഭിക്കാതെ പോയ അനുഭവവും സിദ്ദിഖ് ലാലിനുണ്ട്. നാടോടിക്കാറ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ സിദ്ദിഖ് ലാലിന്റേതായിരുന്നു. എന്നാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റുമെടുത്തത് ശ്രീനിവാസനാണ്. സ്റ്റോറി ഐഡിയ എന്ന ക്രെഡിറ്റ് മാത്രമാണ് സിദ്ദിഖ് ലാലിന് ലഭിച്ചത്. കോടതിയെ സമീപിക്കാന്‍ വരെ ആലോചന നടന്നെങ്കിലും ഗുരുവായ ഫാസിലിന്റെ ഉപദേശ പ്രകാരം പിന്‍വാങ്ങുകയായിരുന്നു. പില്‍ക്കാലത്ത് സിദ്ദിഖിന്റെ ഫ്രണ്ട്‌സ് എന്ന ഹിറ്റ് സിനിമയില്‍ ശ്രീനിവാസന് മുഴുനീള ഹാസ്യവേഷം നല്‍കിയതും ചരിത്രം. ആക്ഷനും ഹാസ്യവും സമാസമം ചേര്‍ത്തൊരുക്കിയ ഗോഡ്ഫാദറിനെ മണിരത്നം പ്രശംസിച്ചിട്ടുണ്ട്. ഗോഡ്ഫാദറിന് മികച്ച ജനപ്രിയ സിനിമക്കുള്ള അവാര്‍ഡ് ലഭിച്ചതാണ് ആദ്യമായും അവസാനമായും സിദ്ദിഖിന് ലഭിച്ച സംസ്ഥാന പുരസ്കാരം. ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ ജനപ്രിയ അവാര്‍ഡിനായി ഗോഡ്ഫാദറും ചിന്നത്തമ്പിയുമാണ് മത്സരിച്ചത്. എന്നാല്‍ ആ വര്‍ഷം ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നല്‍കേണ്ടെന്നാണ് ജൂറി തീരുമാനിച്ചത്. സിദ്ദിഖ് തേച്ചുമിനുക്കിയെടുക്കുന്ന തിരക്കഥയിലെ സൂക്ഷ്മത നിരവധി അനശ്വര കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. റാംജി റാവു സ്പീക്കിങ്ങില്‍ ഇന്നസെന്റിന്റെ മാന്നാര്‍ മത്തായി, ഇന്‍ ഹരിഹര്‍ നഗറിലെ റിസബാവയുടെ ജോണ്‍ ഹോനായി, ഗോഡ്ഫാദറില്‍ എന്‍ എന്‍ പിള്ള അനശ്വരനാക്കിയ അഞ്ഞൂറാന്‍, മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി എന്നിങ്ങനെ സിനിമയെക്കാളും പ്രശസ്തരായ കഥാപാത്രങ്ങള്‍. കൗണ്ടര്‍ ഫലിതങ്ങളുടെ രാജാക്കന്‍മാരായിരുന്നു സിദ്ദിഖും ലാലും. ഇവരെഴുതിയ ഡയലോഗുകളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ തലങ്ങും വിലങ്ങും എടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്നത്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.