24 November 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യയ്ക്ക്‌ നിരാശ; വിനേഷ്‌ ഫോഗട്ടിനെ അയോഗ്യയാക്കി

Janayugom Webdesk
പാരിസ്‌
August 7, 2024 1:15 pm

പാരിസ്: ഒളിമ്പിക്സിൽ ഇന്ത്യ ഉറപ്പിച്ച സുവർണം വിനേഷ് ഫോഗട്ട്, 144 കോടി ജനങ്ങളുടെ സ്വപ്നം, ആരുടെയോ കള്ളച്ചൂതിൽ കണ്ണീർക്കണമായി. വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക് അസോസിയേഷൻ പരിശോധനയിൽ നിശ്ചിതഭാരത്തെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി അയോഗ്യയാക്കുകയായിരുന്നു.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദമായ അന്വേഷണത്തിന് വിധോയമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ആവശ്യപ്പെട്ടു. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സര്‍ജേവാലയും ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. 

വെള്ളിയുറപ്പിച്ച് ഫൈനലിനെത്തിയ വിനേഷിന് ഒരു ജയം കൂടി മാത്രം മതിയായിരുന്നു സ്വർണനേട്ടത്തിന്. അയോഗ്യയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. ഒളിമ്പിക്സ് ഗുസ്തി നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ല. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ.

മത്സരത്തിന് മുമ്പും പതിവ് ഭാരപരിശോധനയില്‍ ശരീരഭാരം കൃത്യമായിരുന്നു. എന്നാൽ ഫൈനലിലേക്ക് കടന്ന രാത്രി രണ്ട് കിലോയിലധികം ഉയർന്നു. മത്സരങ്ങൾക്കിടെ ഊർജം നേടാനായി കഴിച്ച ഭക്ഷണമല്ലാതെ മറ്റൊരു കാരണം പറയാനുമില്ല. ഇത് സാധാരണമാണെന്ന് പരിശീലക സംഘം അറിയിച്ചിരുന്നു.
49.9 കിലോ ഗ്രാം ഭാരമുണ്ടായിരുന്നതിനാൽ ലഘു ഭക്ഷണം കഴിച്ചാൽ പോലും വിനേഷിന്റെ ഭാരം കൂടുമെന്നുറപ്പായിരുന്നു. അതുകൊണ്ടാണ് സെമി ഫൈനൽ മത്സരശേഷം ഭാരം പരിശോധിച്ചത്. അപ്പോൾ വിനേഷിന്റെ ഭാരം 52.7 കിലോയിലേക്ക് ഉയർന്നിരുന്നു. അതിനുശേഷം ഒരു തരി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. രാത്രി ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും രാവിലെ നടന്ന ഭാരപരിശോധനയിൽ 100ഗ്രാം കൂടുതലായി.
ലോക ഗുസ്തി നിയമം ചട്ടം 11 പ്രകാരം ഒരു താരം ഭാരപരിശോധനയിൽ പരാജയപ്പെടുകയോ എത്തിച്ചേരാതിരിക്കുകയോ ചെയ്താൽ ടൂർണമെന്റിൽ ഏറ്റവും അവസാനത്തെയായാണ് റാങ്ക് ചെയ്യുക. ഇതനുസരിച്ച് ഫോഗട്ടിന് ഒരു മെഡലിനും അർഹതയുണ്ടാകില്ല. ഭാരം കുറയ്ക്കുന്നതിന് വേണ്ടി മുടി മുറിക്കുന്നതും രക്തം പുറംതള്ളുന്നതും അടക്കമുള്ള നടപടികളെല്ലാം ഫോ​ഗട്ടും സംഘവും കൈക്കൊണ്ടെങ്കിലും ഫലമുണ്ടായില്ല.
അതിശയിപ്പിക്കുന്ന പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ ഇടംപിടിച്ചത്. വമ്പൻ പോരാട്ടത്തിൽ പ്രീക്വാർട്ടറിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം യുയി സുസാക്കി, ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനായ ഒക്സാന ലിവാച്ച് എന്നിവരെ തോല്പിച്ചാണ് ഫോഗട്ട് സെമിയിൽ ഇടംപിടിച്ചത്. ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മൻ ലോപസിനെ 5–0ന് തോല്പിച്ച് ‌ഫൈനലിലേക്കും.

കെണിയോ കള്ളച്ചൂതോ…

വിനേഷ് നേരത്തെ മത്സരിച്ചിരുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാൽ പാരിസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. 2023ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ആന്റിം പംഗലിനെ 53 കിലോ വിഭാഗത്തിലും ഉൾപ്പെടുത്തി. അതിനാൽ ഭാരം കുറയ്ക്കൽ പ്രക്രിയ വിനേഷിന് അനിവാര്യമായി. ഒളിമ്പിക്സിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ബ്രിജ്ഭൂഷൺ സിങ്ങും അനുയായി സഞ്ജയ് സിങ്ങും ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ താരം എക്സിലൂടെ പ്രതികരിച്ചിരുന്നു. തനിക്കൊപ്പം നിയമിക്കപ്പെട്ടിട്ടുള്ള സപ്പോർട്ടിങ് സ്റ്റാഫുകൾ ബ്രിജ്ഭൂഷണിന്റെ ആളുകളാണെന്നും മാനസികമായി തളർത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഏപ്രിൽ 12ന് താരം എക്സിൽ കുറിച്ചിരുന്നു. 

ബോധരഹിതയായി; വിനേഷ് ആശുപത്രിയിൽ

നിർജലീകരണം മൂലം ബോധരഹിതയായ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിമ്പിക് വില്ലേജിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
താരത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും നിലവിൽ വിശ്രമിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 

Eng­lish Sum­ma­ry: Dis­ap­point­ment for India; Vinesh Phogat is disqualified
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.