അമേരിക്കയിൽ ഇപ്പോൾ ട്രംപിസമാണ്. അധികാരം ലഭിച്ചതിന്റെ അഹംഭാവത്തിൽ ഒരു കോർപറേറ്റ് പ്രസിഡന്റ് കാട്ടിക്കൂട്ടുന്ന വിക്രിയകൾ ലോകക്രമത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണെന്ന് എഴുതിയത് ന്യൂയോർക്ക് ടൈംസ് ദിനപത്രമാണ്. ഫെബ്രുവരിയിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചയുണ്ടാകുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. മോഡിയുടെ പൊളിറ്റിക്കൽ ഐഡന്റിറ്റി രൂപപ്പെട്ട ഗുജറാത്ത് സംസ്ഥാനത്തിലെ ലക്ഷക്കണക്കിന് പേർ ട്രംപിന്റെ കരുണ കാത്തുനിൽക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച സംഭവിക്കാൻ പോകുന്നത്. അനധികൃതമായി, ജീവൻ പണയം വച്ചാണ് ധാരാളം ഗുജറാത്തുകാർ ഭൂമിയിലെ സ്വർഗം അമേരിക്കയാണെന്ന് കരുതി അവിടെ എത്തപ്പെട്ടിരിക്കുന്നത്. എല്ലാത്തിനെയും തിരികെ അയയ്ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നശേഷം ഗുജറാത്തിലെ അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ വിവിധ പൂജകൾ പൊടിപൊടിക്കുകയാണ്. ട്രംപിന്റെ കുടിയേറ്റ നയത്തിൽ മാറ്റംവരുത്താൻ ഇനി ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ഗുജറാത്തികളെങ്കിലും തൽക്കാലം മനസിലാക്കിയിരിക്കുന്നു. സിഖ് കുടിയേറ്റക്കാർക്കെതിരെ ട്രംപ് തിരിഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കയിലെ സിഖ് കുടിയറ്റേക്കാർ രാഷ്ട്രീയമായി സംഘടിതരായതുകൊണ്ട് ഉടൻ അവരെ തുരത്താൻ ട്രംപ് കൂട്ടാക്കില്ല.
1960കളിലാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്. ആദ്യമൊക്കെ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചായിരുന്നു തൊഴിൽ തേടിയുള്ള പലായനം. 1991ൽ ആഗോളവൽക്കരണത്തിന്റെ ഉഷ്ണക്കാറ്റ് ഇന്ത്യയിലേക്കും വീശിയപ്പോൾ എങ്ങനെയും അമേരിക്കയിൽ എത്തുകയെന്നതായി പൊതുവേ കച്ചവട മനഃസ്ഥിതിയുള്ള ഗുജറാത്തിലെ വലിയ വിഭാഗത്തിന്റെ ആഗ്രഹം. പ്രത്യേകിച്ചും പട്ടേൽ സമുദായത്തിൽ നിന്നുള്ളവർ. വൻ തുകകൾ കൈപ്പറ്റി ഏതെങ്കിലും വിധത്തിൽ അമേരിക്കൻ അതിർത്തി കടത്തുന്ന മനുഷ്യക്കടത്തുകാരുടെ സജീവമായ ഇടപെടൽ കൂടിയായപ്പോൾ രംഗം വഷളായി.
ഇന്ത്യയിൽ നിന്ന് മെക്സിക്കൻ അതിർത്തി വഴിയും കാനഡ വഴിയുമാണ് മനുഷ്യക്കടത്തുകാർ പ്രായഭേദമന്യേ ആളെ എത്തിക്കുന്നത്. ടൂറിസ്റ്റ് വിസയിൽ മെക്സിക്കോയിലെത്തിക്കുന്ന ഇവരെ ശീതകാലത്ത് തണുത്തുറഞ്ഞുകിടക്കുന്ന അമേരിക്ക‑മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് കടത്തും. ഇത്തവണ ട്രംപ് അധികാരമേൽക്കുന്നതുവരെ അവിടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. അതികഠിനമായ ശൈത്യകാലത്ത് ഈ പ്രദേശം തീരെ മനുഷ്യവാസ യോഗ്യമല്ലതാനും. ഇതു വഴി കടക്കാൻ ശ്രമിച്ച ധാരാളം പേരുടെ മൃതദേഹങ്ങൾപോലും കണ്ടെത്താനായിട്ടില്ലെന്ന് അമേരിക്കൻ അധികൃതർ തന്നെ പറയുന്നു. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത് ഏറ്റവും അധികം പേർ കടക്കുന്ന പ്രദേശത്ത് ഒരു മതിൽ നിർമ്മിക്കുകയുണ്ടായി. നമ്മൾ ഇന്ത്യയിൽ കാണുന്നത് പോലെയുള്ള മതിലുകളല്ല. 1044 കിലോമീറ്റർ നീളത്തിൽ അനധികൃതമായി അതിർത്തി കടക്കുന്നവരെ തടയാനുള്ള പലതരത്തിലുള്ള തടസങ്ങൾ സൃഷ്ടിക്കുകയാണ് ട്രംപ് ചെയ്തത്. വിർച്വൽ മതിലുകളും സെൻസറുകളുമെല്ലാം ഉപയോഗിച്ചുള്ള തടസങ്ങൾ. 3,145 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ മുഴുവൻ മതിലുകൾ തീർക്കുകയാണ് തന്റെ ഉദ്ദേശമെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ഇത്തരം മതിലുകൾ കടക്കുമ്പോഴാണ് അപകടങ്ങളേറെയും.
കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് സംഘങ്ങൾക്ക് തുണയാകുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ അതിർത്തിയാണ്. 8,891 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിർത്തി അമേരിക്കയിലേ 48 പ്രധാനപ്പെട്ട പ്രവിശ്യകളെയും തൊട്ടാണ് കിടക്കുന്നത്. കര, കടൽ, നദികൾ വഴി ഇവിടേക്ക് അനധികൃത മനുഷ്യക്കടത്ത് നടക്കുന്നു. സെന്റ് ലോറൻസ് നദിയിൽ മനുഷ്യക്കടത്ത് നടത്തുകയായിരുന്ന ബോട്ട് മുങ്ങി ഗുജറാത്ത് സ്വദേശികളായ പ്രവീൺ ചൗധരി, ഭാര്യ ദക്ഷ, മക്കളായ മീറ്റ്, വിധി തുടങ്ങിയവർ മരണക്കയത്തിലേക്ക് മുങ്ങി. ഇതേ ബോട്ടിലുണ്ടായിരുന്ന ഒരു റൊമേനിയൻ കുടുംബവും മരിച്ചു. ലോകമാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയായിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഇതിനുശേഷമാണ് അമേരിക്കൻ ഭരണകൂടം മേഖലയിലൂടെയുള്ള മനുഷ്യക്കടത്തിനെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിങ്ങിന്റെ കണക്കുപ്രകാരം 2022 മുതൽ മനുഷ്യക്കടത്ത് നടത്തുന്ന ഏജന്റുമാർ മുഖേന 5,000ത്തോളം കുടുംബങ്ങൾ അമേരിക്കയിലേക്ക് കടന്നിട്ടുണ്ട്. പിടിക്കപ്പെട്ടാൽ ചെറിയകാല ജയിൽവാസം കഴിഞ്ഞാൽ അമേരിക്കയിൽ തന്നെ തങ്ങാനുള്ള നിയമങ്ങൾ അവിടെ പല സംസ്ഥാനങ്ങളിലുമുണ്ട്. അതുപോലെ തന്നെ മനുഷ്യക്കടത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന മാഫിയാത്തലവന്മാർക്ക് ലഭിക്കുന്ന ജയിൽവാസക്കാലവും വളരെ കുറവാണ്. ഗുജറാത്തിലെ വലിയ നഗരങ്ങളിലെല്ലാം വിദേശ പഠനത്തിന് കൊണ്ടുപോകുന്ന ഏജൻസികളുടെ പരസ്യ ബോർഡുകളാണ്. ഇതിന്റെ മറവിലാണ് മനുഷ്യക്കടത്ത് റാക്കറ്റുകൾ പ്രവർത്തിക്കുന്നതും. കഴിഞ്ഞ വർഷം ഗുജറാത്തിലെ ഒരു ഹൈപ്രൊഫൈൽ മനുഷ്യക്കടത്തുകാരനായ ബോബി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭരത് പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങി അയാൾ ഈ തൊഴിൽ തന്നെ തുടരുന്നു. ബിജെപിയുടെയും വിശ്വ ഹിന്ദുപരിഷത്തിന്റെയും പ്രാദേശിക നേതാക്കൾ മുതൽ ദേശീയ നേതാക്കൾ വരെ ഇയാളുടെ സുഹൃദ്‌വലയത്തിലുണ്ട്. 2019ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ മനുഷ്യക്കടത്തിന് അറസ്റ്റിലായ ഭവിൻ പട്ടേൽ അവിടെ ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞ് തിരികെ ഇന്ത്യയിലെത്തി ഇപ്പോഴും സജീവമായി ഈ തൊഴിൽ ചെയ്യുന്നു.
ലോകപ്രശസ്തമായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുപ്രകാരം മെക്സിക്കോക്കാരും ഹോണ്ടുറാസുകാരും കഴിഞ്ഞാൽ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിൽ. 2022ലെ കണക്കു പ്രകാരം ഏഴ് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരായി അമേരിക്കയിലുണ്ട്. ഇതിൽ പകുതിയോളം പേർ ഗുജറാത്ത് എന്ന ഒറ്റ സംസ്ഥാനത്ത് നിന്നുള്ളവരാണ്. ശരിയായ വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങിയ 90,000 പേരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇവർക്ക് അവിടെത്തന്നെ കോടതി നടപടികൾ നേരിട്ട് ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയേ മതിയാവൂ.
എന്തുകൊണ്ടാണ് ഇത്രയും ഭീതിദമായ അവസ്ഥയുണ്ടായിട്ടും ഇന്ത്യൻ സർക്കാർ അനങ്ങാത്തത്? ബിജെപിക്കായാലും കോൺഗ്രസിനായാലും അമേരിക്കൻ പ്രവാസികളിൽ നിന്നും ലഭിക്കുന്ന ഫണ്ട് വളരെ വലുതാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ അതിവിപുലവുമാണ്. ഈ ശൃംഖലയെ ഇല്ലാതാക്കാൻ നമ്മുടെ ദേശീയ പാർട്ടികൾക്ക് താല്പര്യമില്ല. രാഷ്ട്രീയമായി വളരെ ശക്തിയാർജിച്ചിരിക്കുന്ന സിഖ് സംഘടനകളും അമേരിക്കയിൽ പ്രബലന്മാരാണ്. ഇക്കഴിഞ്ഞ ദിവസം അനധികൃത സിഖ് കുടിയേറ്റക്കാരെ തിരക്കി അമേരിക്കൻ പൊലീസ് ഗുരുദ്വാരകളിൽ നടത്തിയ തിരച്ചിലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു. പക്ഷേ നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. സിഖ് സമുദായം ഏറ്റവും പ്രബലമായിട്ടുള്ള കാലിഫോർണിയയിലെ ഗുരുദ്വാരകളിൽ തന്നെ തിരച്ചിലാരംഭിച്ചതിലൂടെ ട്രംപ് തന്റെ നയം കൂടുതൽ വ്യക്തമാക്കുകയായിരുന്നു.
എന്റെ പ്രിയപ്പെട്ട സ്നേഹിതനെന്നാണ് നരേന്ദ്ര മോഡി ട്രംപിനെ വിളിക്കുന്നത്. ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് പ്രിയപ്പെട്ട സ്നേഹിതന്റെ മനുഷ്യത്വരഹിത നടപടികൾ ഏതുവിധേനയാണ് മോഡിയെ വലയ്ക്കാൻ പോകുന്നതെന്ന് കണ്ടറിയണം. നികുതിയെന്ന ഉമ്മാക്കി കാണിച്ച് കൊളംബിയയെ പേടിപ്പിച്ചതുപോലുള്ള കാര്യങ്ങൾ മതിയാകില്ല ഇന്ത്യയെ വിറപ്പിക്കാനെന്ന് ട്രംപിനറിയാം. റഷ്യയോടും ചൈനയോടും ഇന്ത്യ അടുത്താൽ ഏഷ്യാ ഭൂഖണ്ഡത്തിൽ അമേരിക്കൻ വ്യാപാര താല്പര്യങ്ങൾക്ക് മങ്ങലേൽക്കുമെന്ന് ഇലോൺ മസ്കിനെ പോലുള്ള സ്നേഹിതർ ട്രംപിനെ ഉപദേശിച്ചിട്ടുമുണ്ട്. അമേരിക്ക ഫസ്റ്റ് എന്ന് ട്രംപ് പറയുമ്പോഴും സാങ്കേതിക കച്ചവട മേഖലകളിൽ ആവശ്യമായ തലച്ചോർ അമേരിക്കയിലെ തദ്ദേശവാസികളിൽ നിന്നും മാത്രം ലഭ്യമാകില്ലെന്ന് മസ്ക് മുന്നറിയിപ്പ് നൽകിയതും നമ്മൾ കണ്ടു. എച്ച് 1 ബി വിസ പോലുള്ള കാര്യങ്ങളിൽ കടുംപിടിത്തത്തിന് ട്രംപ് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും.
കപട ദേശീയത ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. വെളുത്ത തൊലിയുള്ള അമേരിക്കക്കാർ ശ്രേഷ്ഠരെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നുണ്ട്. ഇതേ തരത്തിലുള്ള കപട ദേശീയത തന്നെയാണ് മോഡിയും പറയുന്നത്. അമേരിക്കയുടെ സാമ്പത്തിക, സൈനിക ശക്തിയിൽ വിശ്വസിച്ചാണ് വൈറ്റ് ഹൗസ് ഇപ്പോൾ നീങ്ങുന്നത്. ഇത്രയേറെ കുടിയേറ്റക്കാർ ഇത്രയും കാലംകൊണ്ട് അമേരിക്കയിൽ സ്ഥിരം താമസമായപ്പോഴൊന്നും മാറിമാറി വന്ന അമേരിക്കൻ സർക്കാരുകൾ നടപടിയെടുത്തിരുന്നില്ല. ഇവരുടെ കൂടി കഠിനാധ്വാനത്തിന്റെ ഫലം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ അവർ ഉപയോഗിച്ചു. കൈ ജോലികൾക്കും കായികാധ്വാനം ആവശ്യമായ ജോലികൾക്കും കുടിയേറ്റക്കാരുടെ സേവനം യാതൊരു ഉളുപ്പുമില്ലാതെയാണ് അമേരിക്കൻ കമ്പനികളും സർക്കാരുകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം മറന്നുകൊണ്ടാണ് ട്രംപ് ഇപ്പോൾ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമുയർത്തി കുടിയേറ്റക്കാരെ വിലങ്ങുവച്ച് സൈനിക വിമാനങ്ങളിൽ കയറ്റി പുറത്താക്കുന്നത്.
വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തുകയും ഭൂമിശാസ്ത്രപരമായ കയ്യേറ്റങ്ങൾ നടത്തുകയും ചെയ്ത അമേരിക്കൻ വലതുപക്ഷത്തിന്റെ ആൾരൂപമായ ഡൊണാൾഡ് ട്രംപിൽ നിന്ന് ഇതിൽ കൂടുതലും പ്രതീക്ഷിക്കാം. നരേന്ദ്ര മോഡിയെ പോലുള്ള ശക്തികുറഞ്ഞ പ്രധാനമന്ത്രിമാർക്ക് തൽക്കാലം ട്രംപ് പറയുന്നത് കേൾക്കാനേ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.