ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018ല്‍ റിസര്‍വ് ബാങ്കില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ലക്ഷം കോടി രൂപ വരെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രബാങ്ക് നിരസിച്ചതായി ആര്‍ബിഐ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ വിരല്‍ ആചാര്യ വെളിപ്പെടുത്തി. തന്റെ പുസ്തകം ക്വസ്റ്റ് ഫോര്‍ റീസ്റ്റോറിങ് ഫിനാൻഷ്യല്‍ സ്റ്റെബിലിറ്റി ഇൻ ഇന്ത്യയുടെ ആമുഖത്തിലാണ് ആചാര്യ ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
2020ല്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നടപടി ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കാനിടയാക്കിയെന്നും വിരല്‍ ആചാര്യ പുസ്തകത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പേ രാജിവച്ചയാളാണ് വിരല്‍ ആചാര്യ. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്കും നയിച്ചത് ഈ തര്‍ക്കമാണെന്നും ആചാര്യ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് വേണ്ടിവരുന്ന ചെലവുകള്‍ക്കും പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും വേണ്ടിയായിരുന്നു കൂടുതല്‍ പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയത്. മുൻ സര്‍ക്കാരിന്റെ കാലത്ത് ആര്‍ബിഐ സ്വരൂപിച്ച തുക നിലവിലെ സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമം നടന്നതായും പുസ്തകത്തിന്റെ ആമുഖത്തിലുണ്ട്. എല്ലാ വര്‍ഷവും ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടന്ന വര്‍ഷം പുതിയ നോട്ട് അച്ചടിക്കേണ്ടിവന്നതിനെ തുടര്‍ന്ന് തുകയില്‍ കുറവുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്.
ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് പൊതുതാല്പര്യം കണക്കിലെടുത്ത് ആര്‍ബിഐയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാകും. എന്നാല്‍ ആര്‍ബിഐയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് അസാധാരണ സംഭവമാണ്. ഇത്തരത്തില്‍ ‘പൊതുജന താല്പര്യം’ ഉള്ള വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അടച്ചിട്ട മുറിയിലല്ല ചര്‍ച്ച നടത്തേണ്ടതെന്നും ആചാര്യ പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു. അതേസമയം 2019ൽ റെക്കോഡ് തുകയായ 1.76 ലക്ഷം കോടിയാണ് ആർബിഐ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയത്.
മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരണത്തിന് ആറുമാസം മുമ്പ് 2019 ജൂണിലാണ് ആചാര്യ സ്ഥാനമൊഴിയുന്നത്. മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്നതിന് ഒമ്പത് മാസം മുമ്പ് ഉര്‍ജിത് പട്ടേലും രാജിവയ്ക്കുകയായിരുന്നു. കേന്ദ്രബാങ്കിന്റെ സ്വയം ഭരണാധികാരം സംബന്ധിച്ച തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന് അന്നേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍ 30,307 കോടി രൂപയും 2023ല്‍ 87,416 കോടി രൂപയും ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
English Summary: Disclosure of former RBI Deputy Governor; The plot is out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.