റഷ്യയില്‍ നിന്നുമുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് സൂചന. ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി യുഎസ് രംഗത്തെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റഷ്യയില്‍ നിന്നും 20–25 ഡോളര്‍ വിലക്കുറവില്‍ വാങ്ങാന്‍ ധാരണയായെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബാരലിന് 100 ഡോളര്‍ അടുത്താണ് ആഗോള എണ്ണവില. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് 140 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. റഷ്യക്കെതിരെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ തീരത്ത് എണ്ണ എത്തിച്ചുനല്‍കണമെന്ന വ്യവസ്ഥയും ഐഒസി മുന്നോട്ടുവച്ചിട്ടുണ്ട്. ആഗോള രാജ്യങ്ങളുടെ വിലക്കുകൾ മറികടക്കാനാണ് റഷ്യ അടുത്തിടെ എണ്ണ വിലയില്‍ കുറവ് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിൽ 85 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
എന്നാല്‍ ഇതിൽ 1.3 ശതമാനത്തോളം മാത്രമേ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നുള്ളൂ. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഇറക്കുമതി കൂട്ടിയാല്‍ റഷ്യയ്ക്ക് വലിയ സഹായമായി മാറും. റഷ്യയുമായി ഉറച്ച നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യമാണ് റഷ്യ. ഉക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയിലടക്കം റഷ്യയ്ക്കെതിരായ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഉപരോധമുണ്ടെങ്കിലും യുറോപ്യന്‍ രാജ്യങ്ങളെല്ലാം ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
പല രാജ്യങ്ങളും നിലവിലെ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ആഗോള പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ വിലക്കിയ സാഹചര്യത്തിൽ ഇന്ത്യൻ രൂപ ഉപയോഗിച്ചാകും ഇടപാട്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് യുഎസ് ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു പ്രവൃത്തി ചരിത്രത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെ രേഖപ്പെടുത്തുമെന്ന് ഓര്‍മ്മിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അഭിപ്രായപ്പെട്ടു. റഷ്യന്‍ നേതൃത്വത്തെ പിന്തുണയ്ക്കുന്നത് വിനാശകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
english summary;Discount up to $ 25; Russian oil to India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.