15 January 2026, Thursday

ഇന്ത്യൻ സ്ഥിതിവിവര കണക്കുകളിലെ പൊരുത്തക്കേടുകൾ

Janayugom Webdesk
December 6, 2025 4:57 am

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തെ സ്ഥിതിവിവര കണക്കുകൾ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അടിസ്ഥാന യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാത്ത വളർച്ചാ കണക്കുകളും സ്ഥിതിവിവരങ്ങളും സംശയത്തെ ബലപ്പെടുത്തി. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സ്ഥിതിവിവര കണക്ക് സമാഹരണ ഏജൻസികളുടെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചോദ്യമുനയിലായി. രാജ്യത്തെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനും സർവേകൾ നടത്തി വിവരങ്ങൾ സമാഹരിക്കുന്നതിനും വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് നാഷണൽ സാമ്പിൾ സർവേ ഓഫിസ് (എൻഎസ്ഒ) ആണ്. 

ആദ്യ നരേന്ദ്ര മോഡി സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നേരിടുന്നതിന് തൊട്ടുമുമ്പ് 2019 എൻഎസ്ഒയിൽ നിന്ന് പുറത്തുവന്ന തൊഴിലില്ലായ്മാ കണക്കുകൾക്ക് പിന്നാലെ, പ്രസ്തുത ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനമൊഴിയേണ്ടി വന്നത് യാഥാർത്ഥ്യവും പുറത്തുവരുന്നതുമായ കണക്കുകളിലെ വൈരുധ്യം വെളിച്ചത്ത് കൊണ്ടുവന്നതായിരുന്നു. അതോടെ എൻഎസ്ഒയുടെ ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിക്കുന്ന രീതി അവസാനിക്കുകയും ചെയ്തു. അതിനുപകരം ആനുകാലിക തൊഴിൽ ശക്തി സർവേ എന്ന പേരിൽ മൂന്ന് മാസത്തിലൊരിക്കൽ പുറത്തുവിടുന്ന കണക്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി. ഇതാകട്ടെ പൊരുത്തക്കേടുകൾ പലതുള്ളവയുമായിരുന്നു. 

ഇത്തരമൊരു സാഹചര്യം നിലവിലിരിക്കെയാണ് മൊത്ത വളർച്ചാ നിരക്കുൾപ്പെടെ തയ്യാറാക്കുന്ന ഇന്ത്യയുടെ രീതിശാസ്ത്രങ്ങൾ ദുർബലവും ബലഹീനതകൾ നിറഞ്ഞതുമാണെന്നതിനാൽ ദേശീയ അക്കൗണ്ട് ഡാറ്റയ്ക്ക് സി വിഭാഗത്തിൽ സ്ഥാനം നൽകിയുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ തയ്യാറാക്കുന്നതിന് കാലഹരണപ്പെട്ട അടിസ്ഥാന വർഷത്തിന്റെ ഉപയോഗം പോലുള്ള രീതിശാസ്ത്രപരമായ ബലഹീനതകളാണ് ഇത്തരമൊരു വർഗീകരണത്തിന് ഐഎംഎഫിനെ നിർബന്ധിതമാക്കിയത്. മുൻവർഷവും ഇതേ വിഭാഗത്തിലാണ് ഇന്ത്യയെ ഐഎംഎഫ് ഉൾപ്പെടുത്തിയിരുന്നത്. മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി), മൊത്ത മൂല്യവർധന (ജിവിഎ) തുടങ്ങിയ കണക്കുകളിലാണ് ഈ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരു സമ്പദ്‌വ്യവസ്ഥയിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വിലയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പണപ്പെരുപ്പവും പണച്ചുരുക്കവും കണക്കാക്കുന്നത്. എന്നാൽ ഇന്ത്യ അവലംബിക്കുന്നത് കാലഹരണപ്പെട്ട രീതിയാണെന്നാണ് ഐഎംഎഫിന്റെ കണ്ടെത്തൽ. ഇതിലൂടെ ലോകത്തെ വൻ സാമ്പത്തിക ശക്തിയായി രാജ്യം മാറിക്കൊണ്ടിരിക്കുന്നുവെന്ന ഭരണാധികാരികളുടെ അവകാശവാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

അടിസ്ഥാന യാഥാർത്ഥ്യങ്ങളും കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ സർക്കാരിന്റെ സ്ഥിതിവിവരങ്ങളിൽ പ്രകടമാകുന്നു എന്നതിൽ നിന്ന് ഇത് വ്യക്തമാണ്. ആനുകാലിക തൊഴിൽ ശക്തി സർവേ പ്രകാരം തൊഴിലില്ലായ്മ വർധിക്കുകയും തൊഴിലുള്ളവർ പുറത്തുപോകുകയും ചെയ്യുന്നത് ഗ്രാമീണ, നഗര സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നതാണ്. അതുപോലെ തന്നെയാണ് രൂപയുടെ മൂല്യശോഷണവും പണപ്പെരുപ്പവും. ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം 90 രൂപയും കടന്ന് കുതിക്കുകയാണ്. ഇത് വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാക്കുമെന്നത് വസ്തുതയുമാണ്. അങ്ങനെ വരുമ്പോൾ ജനജീവിതം ദുഃസഹമാകുകയും സമ്പദ്ഘടന വളർച്ചാ പ്രതിസന്ധി നേരിടുകയും ചെയ്യും. എങ്കിലും ഡൊണാൾഡ് ട്രംപിന്റെ തീരുവാ വർധനയെ കാരണമായി കണ്ടെത്തി, രാജ്യം വളർന്നുകൊണ്ടിരിക്കുന്നുവെന്ന അവകാശവാദം ആവർത്തിക്കുകയാണ് ഭരണാധികാരികളും അവരെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും. പക്ഷേ ആഗോള സൂചികകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുന്നില്ല എന്നിടത്താണ് ഐഎംഎഫിന്റെ വർഗീകരണം ശ്രദ്ധേയമാകുന്നത്. 

ആഗോള പട്ടിണി സൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102-ാമതാണ്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോല്പാദക രാജ്യമായി പരിഗണിക്കപ്പെടുമ്പോഴാണ് ഈ സ്ഥിതി. ദാരിദ്ര്യം, കുട്ടികളുടെ പോഷകാഹാരക്കുറവ്, അസമമായ ഭക്ഷ്യവിതരണം, ശുചിത്വമില്ലായ്മ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നതാണ് ഈ പിന്നാക്കാവസ്ഥയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുട്ടികൾക്കിടയിൽ ഉയർന്ന വളർച്ചാ മുരടിപ്പും ക്ഷീണവും, മോശം മാതൃ ആരോഗ്യം, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവ പ്രധാന ആശങ്കകളായി തുടരുന്നുവെന്നാണ് ആഗോള ദാരിദ്ര്യ സൂചികാ റിപ്പോർട്ടിലുള്ളത്. ഇവിടെയാണ് അവകാശവാദങ്ങൾക്കപ്പുറം യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് വരുന്നത്. അസമത്വം തന്നെയാണ് ഇവിടെ അടിസ്ഥാന പ്രശ്നമായിട്ടുള്ളത്. ഏറ്റവും കൂടിയതും കുറഞ്ഞതുമായ വരുമാനങ്ങൾ താരതമ്യം ചെയ്ത് ശരാശരി വരുമാനം നിർണയിക്കുകയും അത് വളർച്ചാ അവകാശവാദത്തിനായി ഉപയോഗിക്കുകയും ചെയ്യുകയാണ്. ഇവിടെ വരുമാനങ്ങൾ തമ്മിലുള്ള ഭീമമായ അന്തരം പരിഗണിക്കപ്പെടുന്നതേയില്ല. അസമമായ വിതരണത്തിലൂടെ വലിയ വിഭാഗങ്ങൾ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ട് കണക്കുകളിലെ കളികളല്ല, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന പദ്ധതികളാണ് വളർച്ചയെ നിർണയിക്കുന്നതെന്ന യാഥാർത്ഥ്യമെങ്കിലും അംഗീകരിക്കാൻ ഐഎംഎഫ് റിപ്പോർട്ട് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുമെങ്കിൽ നല്ലത്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.