21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 12, 2025
December 11, 2025
December 6, 2025
November 26, 2025
November 18, 2025

ദുരന്തമുഖത്തും തുടരുന്ന വിവേചനവും ശത്രുതയും

Janayugom Webdesk
October 15, 2024 5:00 am

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടൽ സമീപകാല കേരളചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണ്. മേപ്പാടിയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ വീണ്ടെടുക്കാനാവാത്തവിധം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. തദ്ദേശവാസികളുടെ ജീവനും സ്വത്തിനുമുണ്ടായ നാശത്തിന്റെ കഥകൾ വായനക്കാരുടെ മുന്നിൽ ആവർത്തിക്കേണ്ടതില്ല. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സമൂഹത്തിന്റെ ഒട്ടാകെ പിന്തുണയോടെ നടന്ന രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. ഭവനരഹിതരായിത്തീർന്ന ആയിരത്തിൽപരം കുടുംബങ്ങൾക്ക് താല്‍ക്കാലിക വാസസ്ഥലങ്ങൾ, സൗജന്യ റേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കി നൽകുന്നതിനും സർക്കാരിന് കഴിഞ്ഞു. ഇനി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ളത്. പുനരധിവാസ പ്രവർത്തങ്ങൾക്കടക്കം വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത നിറവേറ്റാൻ കേന്ദ്രസഹായം കൂടിയേതീരൂ. ഇതുവരെ നടന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന അടിയന്തര സഹായംപോലും കേന്ദ്ര സർക്കാരിൽനിന്നും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് കേരള നിയമസഭ ഇന്നലെ ഏകകണ്ഠമായി പാസാക്കിയ പ്രമേയം വെളിപ്പെടുത്തുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന കലുഷിതവും സംഘർഷഭരിതവുമായ രാഷ്ട്രീയാന്തരീക്ഷത്തിലും നിയമസഭാ പ്രാതിനിധ്യമുള്ള മുഴുവൻ രാഷ്ട്രീയപാർട്ടികളും വിഷയത്തിൽ അപൂർവമായ ഐക്യമാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. 

ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രി നേരിട്ട് വായനാട്ടിലെത്തുകയും നാശനഷ്ടങ്ങൾ കാണുകയും താല്‍ക്കാലിക ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയുണ്ടായി. ദുരന്തനിവാരണത്തിലും ഇരകളുടെ പുനരധിവാസത്തിലും അനുഭാവപൂർണമായ സമീപനം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി രാജ്യം ദുരന്തബാധിതർക്കൊപ്പം ഉണ്ടാവുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിവിധ കേന്ദ്ര മന്ത്രാലയ പ്രതിനിധികൾ ഉൾപ്പെട്ട സംഘം പതിവുപോലെ ദുരന്തഭൂമിയും ദുരന്തബാധിതരെയും നേരിട്ട് സന്ദർശിക്കുകയും ജീവനും സ്വത്തിനുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ഉണ്ടായി. സംസ്ഥാന സർക്കാരാകട്ടെ ദേശീയ ദുരന്ത നിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി, സംസ്ഥാനത്തിന് അർഹമായ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്രത്തിനു മുൻപാകെ സമർപ്പിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ സംസ്ഥാനത്തിന് അർഹമായ അടിയന്തര സഹായം ലഭ്യമാക്കുകയോ ദുരന്തത്തിന്റെ ഇരകളായി മാറിയ ആയിരത്തില്പരം കുടുംബങ്ങളുടെ പുനരധിവാസ വിഷയത്തിൽ പ്രതികരിക്കാനോ മോഡി സർക്കാർ സന്നദ്ധമായിട്ടില്ല. വിഷയം പരിഗണിച്ച കേരളാ ഹൈക്കോടതി ധനസഹായം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം ഈ വാരാന്ത്യത്തിൽ, ഒക്ടോബർ 18 വെള്ളിയാഴ്ച, അറിയിക്കണമെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ്. ദുരന്തബാധിതരായ കർഷകരും സാധാരണക്കാരുമായ ജനങ്ങൾ കൃഷിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി എടുത്ത വായ്പകൾ എഴുതിത്തള്ളണമെന്ന് സംസ്ഥാന സർക്കാർ ബാങ്കുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നിയമമനുസരിച് തീവ്ര ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള അധികാരം ദേശീയ ദുരന്തനിവാരണ അതോറിട്ടിയിൽ നിക്ഷിപ്തമാണ്. ഇക്കാര്യത്തിലും കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേതീരു. 

പ്രധാനമന്ത്രിയുടെയും കേന്ദ്ര സംഘത്തിന്റെയും സന്ദർശനമൊഴികെ വയനാട് ദുരന്തത്തോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹവും അപലപനീയവുമാണ്. ദുരന്തമുഖത്തും രാഷ്ട്രീയ വിവേചനവും പ്രതികാരബുദ്ധിയും വച്ചുപുലർത്തുക ജനാധിപത്യ വ്യവസ്ഥയ്ക്കും സംവിധാനത്തിനും നിരക്കുന്നതല്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ കേരളത്തിന്റെ മാത്രമല്ല രാജ്യത്ത് ബിജെപി ഇതര രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടെല്ലാം മോഡി സർക്കാരിന്റെ സമീപനം വിവേചനപരവും സഹകരണാത്മക ഫെഡറൽ ജനാധിപത്യ സങ്കല്പങ്ങൾക്ക് വിരുദ്ധവുമാണ്. തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ എല്ലാംതന്നെ ഇക്കൊല്ലത്തെ കാലവർഷ കെടുതികളെയും ദുരന്തങ്ങളെയും നേരിടാൻ ആവശ്യമായ കേന്ദ്ര പിന്തുണ ലഭിക്കാത്തതിൽ രോഷാകുലരാണ്. കേരളം ദുരന്തസഹായം അഭ്യർത്ഥിച്ചു നൽകിയ നിവേദനത്തോട് പ്രതികരിക്കാത്ത മോഡി സർക്കാർ ബിജെപി ഒറ്റക്കോ മുന്നണിയായോ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വേറിട്ട സമീപനമാണ് അവലംബിക്കുന്നത്. സമീപകാലത്ത് കാലാവർഷക്കെടുതിയും പ്രളയ ദുരിതവും നേരിടേണ്ടിവന്ന ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങൾക്കും ബിജെപിയും സഖ്യകക്ഷിയായ ജെഡി(യു)വും ചേർന്ന് ഭരണം നടത്തുന്ന ബിഹാറിനും നിയമാനുസൃതം വേണ്ട നിവേദനംപോലും കൂടാതെ സഹായധനം നൽകാനുള്ള ഔദാര്യവും മഹാമനസ്കതയും മോഡി ഭരണകൂടം കാട്ടുകയുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ കൂട്ടായ ജനകീയ വിലപേശലിന്റെ അനിവാര്യതയാണ്. വയനാട് ദുരന്തബാധിതർക്ക് അർഹമായ കേന്ദ്ര സഹായത്തിനുവേണ്ടി ആവശ്യമെങ്കിൽ പ്രത്യക്ഷ നടപടിക്ക് സിപിഐ സംസ്ഥാന കൗൺസിൽ നൽകിയ ആഹ്വാനത്തിന്റെ പ്രസക്തി ഇവിടെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.