19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

ആണവ ഭീതിക്കിടെ ആശ്വാസമായി ചര്‍ച്ച

Janayugom Webdesk
മോസ്കോ
February 27, 2022 11:06 pm

ഏറ്റുമുട്ടലുകള്‍ ശക്തമാവുകയും ആണവ ഭീഷണി ഉയരുകയും ചെയ്യുന്നതിനിടെ ആശ്വാസമായി ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ചര്‍ച്ച. ചര്‍ച്ചയിലുന്നയിക്കേണ്ട വിഷയങ്ങളും വേദിയും സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും വ്യത്യസ്തമായ ഉപാധികള്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചുവെങ്കിലും ബെലാറൂസില്‍ രാത്രിയോടെ ചര്‍ച്ചകള്‍ തുടങ്ങിയെന്ന വാര്‍ത്തയെത്തി. ഇന്നലെയും ഇരു സൈന്യങ്ങളും തമ്മില്‍ കനത്ത പോരാട്ടമാണ് വിവിധ ഇടങ്ങളില്‍ നടന്നത്. പരസ്പരമുള്ള വെല്ലുവിളികളും അവകാശവാദങ്ങളും തുടരുകയും ചെയ്തു. ഇതിനിടെ റഷ്യന്‍ സംഘം ബെലാറൂസിലെത്തിയെങ്കിലും അവിടെ ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്കു മാത്രമേ സന്നദ്ധമാകൂ എന്നും അദ്ദേഹം അറിയിച്ചു. ഉക്രെയ്‌നും പാശ്ചാത്യരാജ്യങ്ങളും നടത്തിയ പ്രകോപനവും അതിനുള്ള റഷ്യയുടെ പ്രതികരണവും അന്തരീക്ഷം വഷളാക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.

ആണവ പ്രതിരോധ സേനയോട് സജ്ജമായിരിക്കുവാന്‍ പ്രസിഡന്റ് പുടിന്‍ നിര്‍ദേശിച്ചു. പോളണ്ടോ ലിത്വാനിയയോ ആണവായുധങ്ങള്‍ വിന്യസിക്കുകയാണെങ്കില്‍ തങ്ങളും അതിന് തുനിയുമെന്ന ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുടെയും യുഎസ്, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെയും മുന്നറിയിപ്പുകളുമുണ്ടായി. ആണവായുധങ്ങൾ വ്യാപിപ്പിക്കാതിരിക്കാനുള്ള ബാധ്യത ഉപേക്ഷിക്കുന്നുവെന്ന് ഉക്രെയ്‌നും നിലപാടെടുത്തു. ഉക്രെയ്‌നിയന്‍ സൈന്യം ഫോസ്റസ് വെടിക്കോപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് റഷ്യ ആരോപിക്കുകയും ചെയ്തു. ഇവയെല്ലാമാണ് ആണവഭീതിക്കു കാരണമായത്.

ഇതിനിടെ ഉക്രെയ്‌നില്‍ ഇന്നലെയും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. രണ്ടാമത്തെ പ്രമുഖ നഗരമായ കര്‍കീവ് പിടിച്ചുവെന്ന് റഷ്യയും തിരിച്ചുപിടിച്ചെന്ന് മേയറും അവകാശപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളാകെ റഷ്യയുടെ വിമാനങ്ങളും ആകാശപാതയും വിലക്കി. ഉക്രെയ്‌ന്‍ റഷ്യക്കെതിരെ അന്താരാഷ്ട്ര നിയമകോടതിയില്‍ പരാതി നല്കുകയും ചെയ്തു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേക യോഗവും ചേരുന്നുണ്ട്.

Eng­lish Sum­ma­ry: Dis­cus­sion of relief dur­ing the nuclear scare

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.