
ലഹരി ഉപയോഗത്തിനായി വേദന സംഹാരികൾ വ്യാപകമായി വിതരണം ചെയ്യുകയും വൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യുഎസിൽ 14 വർഷം തടവുശിക്ഷ. 9/11 ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ ചികിത്സിച്ചതിലൂടെ പ്രശസ്തനായ നീൽ കെ ആനന്ദിനെയാണ്(48) യുഎസ് നീതിന്യായ വകുപ്പ് ശിക്ഷിച്ചത്. സഹാനുഭൂതിയുടെ പുറത്താണ് താൻ വേദന സംഹാരികൾ വിതരണം ചെയ്തതെന്ന ഡോക്ടറുടെ വാദം അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിഞ്ഞു. ഇദ്ദേഹം തൻ്റെ ഒൻപത് രോഗികൾക്കായി 20,000 ഓക്സികോഡോൺ ഗുളികകളാണ് കുറിച്ച് നൽകിയത്. ഇത്രയധികം ഗുളികകൾ നൽകിയതിലെ ക്രമക്കേടാണ് ഡോക്ടറെ കുടുക്കിയത്. ആനന്ദ് മറിച്ചുവിറ്റ ഈ ഗുളികകൾ ലഹരി മാഫിയയുടെ കൈകളിലാണ് എത്തിച്ചേർന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണം ആരംഭിച്ച ഉടൻ തന്നെ ഡോക്ടർ ആനന്ദ് തൻ്റെ അക്കൗണ്ടിലുണ്ടായിരുന്ന 12 ലക്ഷത്തിലേറെ ഡോളർ കുടുംബ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് തിടുക്കപ്പെട്ട് മാറ്റാൻ ശ്രമിച്ചു. അനധികൃതമായി മരുന്നുകൾ മറിച്ചുവിറ്റതിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നും തെളിഞ്ഞു. 14 വർഷത്തെ തടവുശിക്ഷയ്ക്ക് പുറമെ, ഏകദേശം 20 ലക്ഷം ഡോളർ (ഏകദേശം 16.7 കോടി രൂപ) നഷ്ടപരിഹാരമായി ആനന്ദ് ഒടുക്കണം. ഇത്, നേരത്തെ കണ്ടുകെട്ടിയ 2 മില്യൺ ഡോളറിന് പുറമെയാണ്. ഇരകൾക്ക് നൽകുന്നതിനാണ് ഈ നഷ്ടപരിഹാരത്തുക. ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളായ മെഡികെയറിനെയും സ്വകാര്യ ഇൻഷൂറൻസ് കമ്പനികളെയുമാണ് കബളിപ്പിച്ചതെന്നതിനാൽ ക്രിമിനൽ ഇടപാടിലൂടെയുണ്ടാക്കിയ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടും. ആരോഗ്യരംഗത്ത് വൻ തട്ടിപ്പ് നടത്താൻ ഗൂഢാലോചന, നിയമ വിരുദ്ധമായുള്ള മരുന്ന് കച്ചവടം, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഏപ്രിലിലാണ് ഡോക്ടർ ആനന്ദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
താൻ 9/11 ആക്രമണ സമയത്തും യുഎസ് നേവിയിലും സേവനം ചെയ്തെന്ന് ആനന്ദ് വാദിച്ചെങ്കിലും, അത്യാർത്തിയും അനധികൃത പണവുമാണ് അദ്ദേഹത്തെ ഈ ക്രമക്കേടിന് പ്രേരിപ്പിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. രോഗികളുടെ വേദന ആനന്ദ് സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.