18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 24, 2024
November 12, 2024
October 13, 2024
October 2, 2024
September 28, 2024
September 21, 2024
September 20, 2024
September 4, 2024
August 22, 2024

മാലിന്യ മുക്തിക്ക് വേറിട്ട മാതൃകകൾ: ദേശീയ അംഗീകാര നിറവിൽ തൊണ്ടയാട് റോക്ക് വേ റസിഡന്റ്സ് അസോസിയേഷൻ

Janayugom Webdesk
കോഴിക്കോട്
July 24, 2024 6:26 pm

മാലിന്യം ഗുരുതരമായ പ്രശ്നമായ മാറുന്ന കാലത്ത് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് തൊണ്ടയാട് റോക്ക് വേ റസിഡന്റ്സ് അസോസിയേഷന്റേത്. അസോസിയേഷനിൽ 96 വീടുകളാണുള്ളത്. ഓരോ മാസവും ഇവിടെയുണ്ടാുന്ന മൂവായിരം കിലോയോളം മാലിന്യത്തിൽ ജൈവ പാഴ്വസ്തുക്കൾ വിവിധ വീടുകളിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റ്. റിംഗ് കമ്പോസ്റ്റ്, കിച്ചൺ ബിൻ, ബൊക്കാഷി ബക്കറ്റ് എന്നിവയിൽ നിക്ഷേപിച്ച് ഗ്യാസും ജൈവവളവുമാക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും 1536 കിലോയോളം ജൈവവളവുമായി മാലിന്യം മാറ്റിയെടുക്കുന്നു. ജൈവ വളം പച്ചക്കറി, പഴ വർഗങ്ങൾ എന്നിവയുടെ ഉത്പാദനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാലിന്യ മുക്തിക്ക് വേറിട്ട മാതൃകകൾ കണ്ടെത്തിയ തൊണ്ടയാട് റോക്ക് വേ റസിഡന്റ്സ് അസോസിയേഷനെ തേടി ദേശീയ അംഗീകാരവുമെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സീറോ വെയ്സ്റ്റ് കമ്യൂണിറ്റിയായതും സീറോ വെയ്സ്റ്റ് ലൈഫ് സ്റ്റൈൽ വഴി കുടുംബാംഗങ്ങളുടെ സ്വഭാവം ഇതിന് പറ്റിയ രീതിയിൽ മാറ്റിയെടുത്തും പരിഗണിച്ചാണ് ഇന്ത്യാ ഗവൺമെന്റിന്റെ സ്വച്ഛ് ഭാരത് മിഷൻ അവരുടെ പുതിയ ട്രാഷ് ടെയ്ൽസ് എന്ന ഇന്ത്യാ മാഗസിനിൽ കോർപറേഷൻ പൊറ്റമ്മൽ വാർഡിൽ ഉൾപ്പെട്ട തൊണ്ടയാട് റോക്ക് വേ റസിഡന്റ്സ് അസോസിയേഷനെ തെരഞ്ഞെടുത്തത്. രാജ്യത്താകെ മൂന്ന് റസിഡൻഷ്യൽ സൊസൈറ്റികൾക്കാണ് ദേശീയ തലത്തിൽ ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നത്. വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ അസോസിയേഷൻ മാതൃകാപരമായ നിലവാരത്തിലെത്തിയെന്നാണ് മാഗസിൻ വ്യക്തമാക്കുന്നത്. 

അജൈവ പാഴ് വസ്തുക്കളെല്ലാം തരം തിരിച്ച് വൃത്തിയാക്കി ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നു. എല്ലാ വീടുകളിലേക്കുമുള്ള പൊതുവഴികളും റസിഡന്റ്സിലെ ഓവുചാലുകളും വൃത്തിയായി സൂക്ഷിക്കുന്നു. മഴക്കാല പൂർവ ശുചീകരണം ഉൾപ്പെടെ കൃത്യമായി നടത്തുന്നതുകൊണ്ട് മാലിന്യ പ്രശ്നം അസോസിയേഷനെ ബാധിക്കുന്നില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രഭാകരൻ കയനാട്ടിൽ, സെക്രട്ടറി എൻ രമേശൻ എന്നിവർ വ്യക്തമാക്കുന്നു. 2006 സപ്തംബർ 17 നാണ് റോക്ക് വേ റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചത്. അന്ന് വനം — ഭവന വകുപ്പ് മന്ത്രിയുമായിരുന്ന ബിനോയ് വിശ്വമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇന്നും അസോസിയേഷന്റെ രക്ഷാധികാരിയാണ് ബിനോയ് വിശ്വം. 1995 മുതൽ 2023 വരെ അദ്ദേഹം താമസിച്ചിരുന്നതും ഈ റസിഡൻസിയിൽ തന്നെയായിരുന്നു. 2009 തൊട്ട് തന്നെ സ്ഥാപക പ്രസിഡന്റും സെക്രട്ടറിയും സ്വന്തം വീടുകൾ ഹരിതഭവനമാക്കി മാതൃക കാണിച്ചു. മറ്റ് വീടുകളെയും അങ്ങിനെയാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അന്ന് അംഗങ്ങളായത് 47 വീട്ടുകാർ. അതിൽ പകുതിയും 2012 ഓടെ ഹരിത ഭവനങ്ങളായി. അംഗ വീടുകളുടെ എണ്ണം വർധിച്ച് 96 ആയപ്പോൾ അവരിലേക്ക് കൂടി ഹരിത ഭവന സന്ദേശമെത്തിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. നിറവ് വേങ്ങേരിയുടെ പ്രോജക്ട് ഡയരക്ടറും പരിഷത്ത് പ്രവർത്തകനുമായ ബാബു പറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. റോക്ക് വേ ഭാരവാഹികളായ പ്രഭാകരൻ കയനാട്ടിൽ, ടി പി സുധാകരൻ എന്നിവർക്ക് പുറമെ പ്രൊഫ. കെ ശ്രീധരൻ, മണലിൽ മോഹനൻ തുടങ്ങിയവരും ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തി. ഈ പ്രവർത്തനങ്ങൾക്കൊടുവിലാണ് സീറോ വെയ്സ്റ്റ് സൊസൈറ്റിയായി റോക്ക് വേ മാറുന്നത്. വാർഡ് കൗൺസിലർ കൂടിയായ മേയർ ഡോ. ബീന ഫിലിപ്പ്, ബാബു പറമ്പത്ത് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ശുചിത്വ മിഷൻ യങ്ങ് പ്രൊഫഷണൽ നിരഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘം റോക്ക് വേയിലെ ഹരിത ഭവനങ്ങളും മറ്റ് സീറോ വെയ്സ്റ്റ് വീടുകളും പരിശോധിച്ച് സ്വച്ഛ് ഭാരത് മിഷന് റിപ്പോർട്ട് നൽകിയത്.

Eng­lish sum­ma­ry ; Dis­tinc­tive mod­els for waste dis­pos­al: Thon­dayad Rock­way Res­i­dents Asso­ci­a­tion wins nation­al recognition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.