8 December 2025, Monday

Related news

December 6, 2025
December 5, 2025
November 30, 2025
November 16, 2025
November 13, 2025
November 13, 2025
October 24, 2025
October 23, 2025
October 9, 2025
October 4, 2025

ജില്ലാ വികസനസമിതി യോഗം ; ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥ: ദേശീയപാത അതോറിറ്റിയും നിർമ്മാണ കരാർ കമ്പനിയും നഷ്ടപരിഹാരം നൽകണം

Janayugom Webdesk
കാസർകോട്
June 1, 2025 8:31 am

ദേശീയപാതയിലെ അശാസ്ത്രീയമായ നിർമാണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയെ തുടർന്ന് വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതിനാൽ നാശനഷ്ടം നേരിട്ട ജനങ്ങൾക്ക് ദേശീയപാത അതോറിറ്റിയും നിർമ്മാണ കരാർ കമ്പനികളും നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. 

എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ് എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്.
ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തെക്കുറിച്ച് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ അവഗണിച്ചതാണ് നിലവിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ദേശീയപാത നിർമ്മാണം നടന്ന മേഖലയിൽ അതിതീവ്രമായ മഴയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ട്. നിരവധി ആളുകൾക്ക് ജീവനോപാധി നഷ്ടപ്പെട്ടിട്ടുണ്ട്. കുടുംബങ്ങൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. വീടുകളിലും കടകളിലും ചെളി വെള്ളം കയറിത്തുടർന്ന് വലിയ പ്രതിസന്ധി ഉണ്ടായി. അശാസ്ത്രീയമായ മണ്ണെടുപ്പും, ഡ്രെയിനേജ് നിർമ്മിക്കാത്തതുമാണ് നിലവിലെ സ്ഥിതി ഗുരുതരമാക്കിയത് നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എംഎൽഎമാർ പറഞ്ഞു. 

കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷ്റഫ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയും വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികളും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്കള മുതൽ നീലേശ്വരം വരെയും നീലേശ്വരം മുതൽ കാലിക്കടവ് വരെയും ദേശീയപാത നിർമ്മാണത്തിൽ നിരവധി ഇടങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് അഗ്രമായ അന്വേഷണം ആവശ്യമാണെന്ന് എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. ചെർക്കള ടൗണിലും തെക്കിലിലും ജനങ്ങൾ ഭീതിയിലാണ്. ചെങ്കള മുതൽ തലപ്പാടി വരെയുള്ള ഭാഗങ്ങളിലും ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കടകളിലും മറ്റും വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടം നേരിട്ടവർക്ക് കരാർ കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎയും എ കെ എം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.