7 December 2025, Sunday

Related news

December 6, 2025
September 20, 2025
September 18, 2025
August 11, 2025
July 1, 2025
March 26, 2025
March 26, 2025
March 20, 2025
March 1, 2025
February 28, 2025

വികസന ബജറ്റുമായി ജില്ലാ പഞ്ചായത്ത് ; 130.70 കോടിയുടെ പദ്ധതികള്‍

റോബോ പാര്‍ക്ക് നടപ്പിലാക്കും
Janayugom Webdesk
തൃശൂര്‍
February 28, 2025 9:15 am

ജില്ലയുടെ സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. റോബോ പാര്‍ക്ക്, എന്റെ തൊഴില്‍ എന്റെ അഭിമാനം, മാലിന്യ സംസ്‌കരണം, അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി, ലൈഫ് മിഷന്‍, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, കുടിവെള്ളക്ഷാമം, ആരോഗ്യം, കാന്‍ തൃശൂര്‍, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. 80,18,404 രൂപയാണ് മുന്‍വര്‍ഷത്തില്‍ നിന്നുള്ള നീക്കിയിരിപ്പു തുക. ഇതുള്‍പ്പെടെ 1,30,70,70,764 രൂപയുടെ വരവും 1,29,58,40,220 രൂപ ചെലവും, 1,12,30,544 രൂപ നീക്കിയിരിപ്പുമാണ് 2025–26 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് എന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ അനുമതിയോടെ സ്റ്റാര്‍ട്ട് അപ് മിഷനുമായി യോജിച്ച് വിജ്ഞാന്‍ സാഗറിന്റെ ഭൂമിയില്‍ റോബോ പാര്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ലൈഫ് ഭവന പദ്ധതിക്കായി 20 കോടി രൂപയും ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയെ മികവിന്റെ കേന്ദ്രങ്ങളാക്കുക, വിദ്യാഭ്യാസ രംഗത്ത് പെതുജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് നടപ്പാക്കി വരുന്ന ‘സമേതം’ പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കാന്‍സര്‍ വിമുക്ത തൃശൂര്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കി വരുന്ന കാന്‍-തൃശൂര്‍ പദ്ധതിക്കായുള്ള 50 ലക്ഷം രൂപ ഉള്‍പ്പടെ ആരോഗ്യ മേഖലക്കായി ബഡ്ജറ്റില്‍ 2 കോടി രൂപ വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന ‘സുശാന്തം’, ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായഹസ്തം പദ്ധതിയായ ‘ശുഭാപ്തി’ എന്നിവയ്ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി 5 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ നിര്‍മ്മാണത്തിന് 18 കോടി രൂപയും പരിപാലനത്തിന് 9 കോടി രൂപയും കുടിവെള്ള ക്ഷാമത്തിന് 2 കോടി രൂപയും സ്ത്രീകളുടെ ഉന്നമനത്തിന് ഒരു കോടി രൂപയും ജില്ലയിലെ വാണിജ്യ വിളകളുടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും വകയിരുത്തുന്നു. 

നെല്‍കൃഷി പ്രോത്സാഹനത്തിനായി നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡി ഇനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെന്ന പോലെ തന്നെ വരുന്ന വര്‍ഷത്തേക്കും 2 കോടി രൂപ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് 60 ലക്ഷം, കന്നുകാലികളുടെ വന്ധ്യതാനിവാരണത്തിന് 25 ലക്ഷം, തൃശൂര്‍ പൂരം എക്‌സിബിഷന്‍, ജലോത്സവങ്ങള്‍ എന്നിവയ്ക്കുമായി 25 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടികള്‍ക്ക് 2.5 കോടി രൂപയും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന്റെ സര്‍വ്വതല ഉന്നമനത്തിനായി 2.5 കോടി രൂപയും പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്കായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഞ്ജുള അരുണന്‍, റഹിം വീട്ടിപറമ്പില്‍, പി എം അഹമ്മദ്, സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.