25 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനായി നൊവാക് ദ്യോക്കോവിച്ചിന്റെ കാത്തിരിപ്പ് നീളും. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെതിരെ ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ സെര്‍ബിയന്‍ താരം പിന്മാറി. ഇടതു കാല്‍മുട്ടിലെ പരിക്കുമൂലമാണ് ദ്യോക്കോവിച്ച് പിന്‍വാങ്ങിയത്. ഇതോടെ വാക്കോവര്‍ ലഭിച്ച സ്വരേവ് ഫൈനലിലെത്തി.
ആദ്യ സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ടൈ ബ്രേക്കറിലാണ് സ്വരേവ് സെറ്റ് സ്വന്തമാക്കിയത്. പിന്നാലെ ജോക്കോ പിന്‍മാറുകയാണെന്ന് വ്യക്തമാക്കി. ആദ്യ സെറ്റ് സ്വരേവ് 7–6 (7–5) എന്ന സ്‌കോറിനാണ് വിജയിച്ചത്. 37കാരനായ ദ്യോക്കോയ്ക്ക് 25–ാം ഗ്രാൻഡ്സ‍്‍ലാം കിരീടമെന്ന സ്വപ്ന നേട്ടത്തിലെത്താൻ രണ്ടു വിജയങ്ങൾ കൂടി മതിയായിരുന്നു. കാർലോസ് അൽക്കാരസിനെതിരായ ക്വാർട്ടർ ഫൈനല്‍ മത്സരത്തിനിടെ ദ്യോക്കോ വൈദ്യസഹായം തേടിയിരുന്നു. പരിക്കുമൂലം സെമിക്ക് മുമ്പുള്ള പരിശീലന സെഷനും ദ്യോക്കോവിച്ച് ഉപേക്ഷിച്ചിരുന്നു.
സ്വരേവിനെതിരായ സെമി മത്സരത്തിലും കാലില്‍ ടേപ്പ് ചുറ്റിയാണ് ദ്യോക്കോവിച്ച് മത്സരിക്കാനിറങ്ങിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ 100-ാം വിജയത്തിനും തൊട്ടരികെയാണ് ദ്യോക്കോവിച്ച് പിന്‍വാങ്ങിയത്. 25 ഗ്രാന്‍ഡ്‌സ്‌ലാമെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ ദ്യോക്കോവിച്ചിനു ഇനി സീസണില്‍ മൂന്ന് ഗ്രാന്‍ഡ്സ്‌ലാം പേരാട്ടങ്ങള്‍ കൂടിയുണ്ട്. നാളെയാണ് പുരുഷ സിംഗിൾസ് ഫൈനൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.