14 January 2026, Wednesday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂടാ

Janayugom Webdesk
October 25, 2025 5:00 am

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് കേന്ദ്രസർക്കാരിന്റെ ‘പിഎം ശ്രി’ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതായ വാർത്ത വ്യാഴാഴ്ച വെെകുന്നേരത്തോടെ പുറത്തുവന്നത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതും ആയിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്നും ലഭ്യമാകേണ്ട അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ പിഎം ശ്രി പദ്ധതിയിൽ ഒപ്പുവയ്ക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കേന്ദ്ര ബിജെപി സർക്കാർ 2020ൽ പ്രഖ്യാപിച്ച ‘നവ വിദ്യാഭ്യാസ നയ’(ന്യൂ എജ്യൂക്കേഷൻ പോളിസി-എൻഇപി)വും അതിന്റെ ‘പ്രദർശന മാതൃ‘കകളായി വിഭാവനം ചെയ്യപ്പെടുന്ന പിഎം ശ്രി സ്കൂളുകളെയും സംബന്ധിച്ച ഇടതുപക്ഷ പാർട്ടികളുടെയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെയും പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ് വിദ്യാഭ്യാസമന്ത്രിയുടെ പൊടുന്നനെയുള്ള ചുവടുമാറ്റം എന്നതാണ് അത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചത്. പിഎം ശ്രി പദ്ധതി സംബന്ധിച്ച അജണ്ട മുമ്പ് രണ്ട് തവണ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിരുന്നു. സിപിഐ മന്ത്രിമാർ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുകയും അത് രാഷ്ട്രീയതലത്തിൽ, മുന്നണിയുടെ പരിഗണനയ്ക്കും തീരുമാനത്തിനും വിധേയമാവേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഏകപക്ഷീയമായ പ്രഖ്യാപനത്തെ തുടർന്ന്, ഏറ്റവും അവസാനത്തെ മന്ത്രിസഭായോഗത്തിലും സിപിഐ മന്ത്രിമാർ വിഷയം ഉന്നയിക്കുകയും കാര്യത്തിൽ രാഷ്ട്രീയ തീരുമാനം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ഉണ്ടായി. വിഷയത്തോട് പ്രതികരിച്ച സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി അക്കാര്യത്തിൽ അനുഭാവപൂർവവും തത്വാധിഷ്ഠിതവുമായ നിലപാടാണ് അവലംബിച്ചത്. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളെയും അട്ടിമറിക്കുന്ന നടപടിയാണ് പിഎം ശ്രി സ്കൂളുകൾ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക വഴി ഉണ്ടായത്. അത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. അത് ബന്ധപ്പെട്ട മന്ത്രിയുടെ അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 

പിഎം ശ്രി പദ്ധതിയോടുള്ള സിപിഐയുടെയും ഇടതുപക്ഷ പാർട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമർശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്റിങ്ങിനോടുള്ള എതിർപ്പല്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമർശനമാണ്. പിഎം ശ്രി സ്കൂൾ പദ്ധതിയുടെ ഒരു ലക്ഷ്യം ഇന്ത്യയിലെ സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ അവയുടെ അടിസ്ഥാനസൗകര്യ വികസനമാണ്. അതായത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം. കേരളം ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ സാർവത്രികമായി എത്രയോ കാതം മുന്നിലാണ്. ശൗചാലയങ്ങൾ, ക്ലാസ്‌മുറികൾ, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ മഹാഭൂരിപക്ഷവും ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് നിസംശയം അവകാശപ്പെടാം. പിന്നെ, പിഎം ശ്രി സ്കൂളുകളും അത് മുന്നോട്ടുവയ്ക്കുന്ന എൻഇപിയും എന്താണ് ലക്ഷ്യംവയ്ക്കുന്നത്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവൽക്കരണം, ബിജെപിയുടെ ചിന്താധാരയുടെയും രാഷ്ട്രീയപദ്ധതിയുടെയും ഉറവിടമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കുക തുടങ്ങിയവയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അതായത്, വിശാല അർത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും ദേശീയബോധവും തുടങ്ങിയ സാർവത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേച്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേൽക്കോയ്മയിലും അധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടിക്ക് വിത്തുപാകുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് വിഭാവനം ചെയ്യുന്നത്. 

സംസ്ഥാനങ്ങൾക്ക് അർഹമായ ജനങ്ങളുടെ നികുതിപ്പണ വിഹിതം നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളോടെ നൽകുന്നതിന് മുന്നോട്ടുവയ്ക്കുന്ന ഉപാധികൾക്ക് വഴങ്ങിക്കൊടുക്കുന്നത് കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതകൾക്ക് മുന്നിൽ സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറവയ്ക്കുന്ന നടപടിയാണ്. കേന്ദ്രസർക്കാരിൽനിന്നും അർഹമായ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭ്യമാകണം. അത് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒരുതരം ജന്മികുടിയാൻ ബന്ധമായി അധഃപതിപ്പിക്കാൻ അനുവദിച്ചുകൂട. സംസ്ഥാനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതികളുടെയും തീരുവകളുടെയും അന്യായമായി കവർന്നെടുക്കുന്ന സെസുകളുടെയും പൊതുനിക്ഷേപത്തിൽ നിന്നും പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നും ലഭ്യമായ വരുമാനത്തിന്റെയും ന്യായമായ പങ്ക് സംസ്ഥാനങ്ങളുടെ അവകാശമാണ്. അവ ആരുടേയും ഔദാര്യമല്ല. അത് ലഭിക്കാൻ കേന്ദ്രം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ടുവയ്ക്കുന്ന അപ്രായോഗികവും അന്യായവും അധാർമികവുമായ നിബന്ധനകൾക്ക് വഴങ്ങിക്കൊടുക്കുന്നതിലൂടെ തുറന്നുകാട്ടപ്പെടുക രാഷ്ട്രീയ ദൗർബല്യവും അടിമമനോഭാവത്തോട് ചേർന്നുനിൽക്കുന്ന ബലഹീനതയുമാണ്. ബിജെപി പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ പ്രവണതയോട് സന്ധിചെയ്യാത്ത ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്നത്. ആ ബദലിന്റെ രാഷ്ട്രീയത്തെയും പ്രത്യശാസ്ത്രത്തെയും ദുർബലമാക്കുന്ന യാതൊന്നും രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തികൾ കേരളത്തിലെ എൽഡിഎഫിൽ നിന്നും അതിന്റെ ഗവൺമെന്റില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങി വിവിധ മേഖലകൾക്ക് കേന്ദ്രം അനുവദിച്ചുനൽകുന്ന വിഹിതവും വിദ്യാഭ്യാസത്തിന് പ്രതിലോമകരമായ നിബന്ധനകളോടെ അനുവദിക്കുന്ന വിഹിതവും സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങൾ വേർതിരിച്ചറിയാൻ നമുക്ക് കഴിയണം. വിദ്യാഭ്യാസം മനുഷ്യവിമോചനത്തിനുള്ള രാജപാതയാണ് പുതുതലമുറയ്ക്ക് മുന്നിൽ തുറന്നുവയ്ക്കേണ്ടത്. അത് ആശയപരവും രാഷ്ട്രീയവുമായ അടിമത്വത്തിലേക്കുള്ള ഇരുളടഞ്ഞ പാതയാക്കി മാറ്റാൻ അനുവദിച്ചുകൂടാ. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.