
മുതിർന്ന മാധ്യമപ്രവർത്തകൻ സുധീർ ചൗധരിയുടെ പേര്, ചിത്രം, രൂപം, ശബ്ദം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് യൂട്യൂബ് ചാനലുകളെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും ഡൽഹി ഹൈക്കോടതി വിലക്കി. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്തുന്നതും എ ഐ ഉപയോഗിച്ച് നിർമ്മിച്ചതുമായ വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നും, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ തൻ്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് ചൗധരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 20നകം അധിക ലിങ്കുകളും പ്ലെയിൻ്റിഫിൻ്റെ സത്യവാങ്മൂലവും ഇ‑ഫയൽ ചെയ്യുമെന്ന് ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ പുതിയ ലിങ്കുകളിലേക്കും വിലക്ക് വ്യാപിപ്പിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. തൻ്റെ ഹർജിയിൽ കക്ഷികളാക്കിയ യൂട്യൂബ് ചാനലുകൾക്ക് ഉത്തരവിൻ്റെ പകർപ്പ് കൈമാറാനും ജഡ്ജി ചൗധരിക്ക് നിർദേശം നൽകി.
തൻ്റെ അനുമതിയില്ലാതെ എ ഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് ആരോപിച്ച് മെറ്റാ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് മാധ്യമപ്രവർത്തകൻ സുധീർ ചൗധരി കേസ് ഫയൽ ചെയ്തത്. സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്തുന്നതും എ ഐ നിർമ്മിതവുമായ വീഡിയോകളുടെ പ്രചാരണത്തിനെതിരെ തൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ, ‘ആർട്ട് ഓഫ് ലിവിങ്’ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, തെലുങ്ക് നടൻ നാഗാർജുന, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, നിർമ്മാതാവ്-സംവിധായകൻ കരൺ ജോഹർ എന്നിവരുടെയെല്ലാം വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി വിവിധ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.