സ്ത്രീധനം ആവശ്യപ്പെട്ടതിന് പിന്നാലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത വാര്‍ത്തകളുടെ പിന്നാലെയാണ് ഇന്ന് കേരളം. പൊതുവേദികളില്‍ നന്നായി പ്രസംഗിക്കുന്ന, കാര്യങ്ങളെ സഗൗരവം കാണുകയും ചെയ്യുന്ന റുവൈസ് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്നാണ് മൂക്കത്ത് വിരല്‍വച്ച് ഡോക്ടര്‍മാരുടെ സമൂഹം ചോദിച്ചുപോകുന്നത്. കാരണം സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങാറുള്ളതാണെന്ന് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അറിയാവുന്നതാണ്.
ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചിരുന്നു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കും. ആരോഗ്യ സർവകലാശാലയുടെ നിലപാടാണിത്. വിദ്യാർത്ഥികളിൽ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിന് കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ തുടക്കത്തിൽ എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഒന്നിച്ചായിരുന്നു സത്യവാങ്മൂലം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിൻസിപ്പൽ സത്യവാങ്മൂലം വാങ്ങുന്നുണ്ടെന്നും വിസി പറഞ്ഞു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ കോളജ് സിഐ ഷഹനയുടെ വീട്ടിലെത്തി ഉമ്മ, സഹോദരി എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷഹന വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഷഹനയ്ക്ക് വിവാഹ ആലോചനയുമായി എത്തിയ കൊല്ലം സ്വദേശിയായ ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആരോപണവിധേയനായ ഡോക്ടറെ പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
അടുത്തിടെ ഷഹനയുടെ സഹപാഠിയായ ഡോക്ടർ വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നു. എന്നാല്‍ ഡോക്ടറുടെ കുടുംബം വലിയ സ്ത്രീധനം ചോദിക്കുകയും അത് കൊടുക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം മുടങ്ങിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് ഷഹന മാനസികമായി തളർന്നു. ഷഹനയുടെ ഇഷ്ടം കണക്കിലെടുത്ത് 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണം അല്ലെങ്കിൽ കാറും നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ സ്ത്രീധനമായി 150 പവനും ഒരു ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യു കാറും ഒന്നര കോടി രൂപയും ചോദിച്ചെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതി.
ഷഹനയുടെ മൊബൈൽഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. ആത്മഹത്യാ പ്രേരണ തെളിയിക്കപ്പെട്ടാൽ ഡോക്ടർക്കെതിരെ കേസെടുക്കുമെന്ന് മെഡിക്കൽ കോളജ് സിഐ പി ഹരിലാൽ പറഞ്ഞു. ഡോ. ഷഹനയെ തിങ്കളാഴ്ച രാത്രിയിലാണ് ഫ്ലാറ്റിൽ അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആരോഗ്യവകുപ്പും അന്വേഷണം നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു. ഷഹനയുടെ വെഞ്ഞാറമ്മൂട്ടിലുള്ള വസതിയിലെത്തി മാതാവിനെ പി സതീദേവിയും കമ്മിഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും സന്ദര്‍ശിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ എന്നിവരോട് 14ന് ജില്ല സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.