കൊല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ രാജ്യത്ത് ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ആഹ്വാനം 24 മണിക്കൂര്‍ പണിമുടക്ക് ഒപി, വാർഡ് പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു.
അത്യാഹിത വിഭാഗം ഒഴികെ ബഹിഷ്കരിച്ചതോടെ പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവർ ബുദ്ധിമുട്ടിലായി. അതേസമയം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങൾ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയ കേന്ദ്രസർക്കാര്‍ ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഡൽഹി എയിംസിലുൾപ്പടെ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. അഞ്ച് ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഡോക്ടർമാരുടെ സംഘടന.
കേരളത്തില്‍ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ആരോഗ്യഡയറക്ടറേറ്റിന് കീഴിലെ കെജിഎംഒഎയും പങ്കെടുത്തതോടെ സർക്കാർ ആശുപത്രികളിലും പണിമുടക്ക് പൂർണമായിരുന്നു. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും പണിമുടക്കിന് പിന്തുണയറിയിച്ച് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നു. എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധയോഗങ്ങൾ നടന്നു. ഡോക്ടർമാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രതിഷേധ പരിപാടികളിൽ പങ്കുചേര്‍ന്നു.
അഞ്ച് ആവശ്യങ്ങളാണ് ഐഎംഎ മുന്നോട്ടുവച്ചിരിക്കുന്നത്. 36 മണിക്കൂർ ഡ്യൂട്ടി ഷിഫ്റ്റ് ഉൾപ്പെടെ റസിഡന്റ് ഡോക്ടർമാരുടെ ജോലിയുടെയും ജീവിത സാഹചര്യങ്ങളുടെയും സമഗ്രമായ പരിഷ്കരണവും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ആദ്യപടിയായി നിർബന്ധിത സുരക്ഷാ അവകാശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പുതിയ കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. ആരോഗ്യമേഖലയിലുള്ളവർക്കും സംസ്ഥാന സർക്കാരുകൾക്കും സമിതിക്ക് മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കാം. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.