31 December 2024, Tuesday
KSFE Galaxy Chits Banner 2

വിമാനയാത്രാ നിരക്ക് ആകാശംമുട്ടി; ഏഷ്യാ-പസഫിക് മേഖലയില്‍ മുന്നില്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 9:48 pm

രാജ്യത്ത് ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നു. ഏഷ്യാ-പസഫിക്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഏറ്റവും മുന്നിലാണെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സിലി (എസിഐ) ന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര അസാധ്യമായി മാറിയിട്ടുണ്ട്. കോവിഡിന് ശേഷം നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് വിമാന നിരക്കിലെ വൻ കുതിച്ചുകയറ്റം.

ആഭ്യന്തര വിമാന നിരക്കില്‍ ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധന ഇന്ത്യയിലാണ്. 40 ശതമാനം. യുഇഎയില്‍ 34 ശതമാനത്തിന്റെയും സിംഗപ്പൂരില്‍ 30 ശതമാനത്തിന്റെയും വര്‍ധനവുണ്ടായെന്ന് എസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിന്റെ നിര്‍ണയം വിമാനക്കമ്പനികള്‍ക്ക് സ്വന്തമാണ്. കോവിഡിന് മുമ്പ് റിട്ടേണ്‍ ടിക്കറ്റിനടക്കം ഉണ്ടായിരുന്ന നിരക്ക് ഇപ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യാൻ നല്‍കണം. ഇന്ധനവിലയും പണപ്പെരുപ്പവുമാണ് വിമാന നിരക്ക് വര്‍ധനയുടെ ഒരു പ്രധാന കാരണമെന്ന് കമ്പനികള്‍ പറയുന്നു. 2019 നെ അപേക്ഷിച്ച്‌ 2022 ല്‍ ഇന്ധന വില 76 ശതമാനം കൂടിയിട്ടുണ്ട്. കോവിഡ് സമയത്തെ നഷ്ടം വീണ്ടെടുക്കുന്നതിനുള്ള വിമാനക്കമ്പനികളുടെ ശ്രമവും നിരക്ക് വര്‍ധിക്കുന്നതിന് മറ്റൊരു പ്രധാന കാരണമായി.

ഉത്തരേന്ത്യയിൽ വേനൽ അവധിയായതിനാൽ ജൂൺ മാസത്തിൽ വിമാനയാത്രയ്ക്ക് ആവശ്യമേറിയിട്ടുണ്ട്. ഗോ ഫസ്റ്റ് എയർലൈൻസിന്റെ തകർച്ചയും നിരക്കുവര്‍ധനയ്ക്ക് കാരണമായി. രാജ്യത്തെ മൂന്നാമത്തെ വലിയ എയർലൈനായ ഗോ ഫസ്റ്റ്, സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് എയര്‍ ലൈനുകളില്‍ തിരക്കുകൂടി. ഈ അവസരം മറ്റ് കമ്പനികള്‍ മുതലെടുക്കുകയും ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളില്‍ വര്‍ധന ഏറ്റവും പ്രകടമാണ്. മുംബൈ-ഡൽഹി വിമാന ടിക്കറ്റ് നിരക്ക് 14,000 രൂപയായും നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് 37,000 രൂപയായും വര്‍ധിച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര നിരക്കുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ഇപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യത്തിലും ഉയര്‍ന്നനിരക്ക് നല്‍കേണ്ടതായി വരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

നിരവധി പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ലാഭമാണ് നേടിയതെന്നും എസിഐ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇന്ത്യയിലടക്കമുള്ള വിമാനത്താവളങ്ങള്‍ തുടര്‍ച്ചയായ പത്താംപാദത്തിലും നഷ്ടവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് വിമാനത്താവളങ്ങള്‍ സാങ്കേതികതയിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ നിക്ഷേപം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Domes­tic air­fares sky­rock­et­ed in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.