22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 16, 2024
December 15, 2024
December 8, 2024
December 7, 2024
December 5, 2024

വീണ്ടും വൈറ്റ്ഹൗസിലെത്തുന്ന ഡൊണാൾഡ് ട്രംപ്

Janayugom Webdesk
November 7, 2024 5:00 am

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സി (യുഎസ്) ന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയാണ്. ഒരു വർഷത്തിലധികമായി നടന്ന നടപടിക്രമങ്ങളുടെ അന്ത്യത്തിലാണ് യുഎസിന്റെ 47-ാമത് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുന്നത്. 2016 മുതൽ 20 വരെ പ്രസിഡന്റായിരുന്ന ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ജോ ബൈഡനോട് തോൽവി നേരിട്ട്, അദ്ദേഹത്തിന്റെ നാലുവർഷ ഭരണത്തിന്റെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി ജോ ബൈഡന് പകരം മത്സരിച്ച കമലാ ഹാരിസിനെ തോല്പിച്ചാണ് ട്രംപ് 78-ാം വയസിൽ വീണ്ടും വൈറ്റ്ഹൗസിലെത്തുന്നത്. ഡെമോക്രാറ്റാകട്ടെ റിപ്പബ്ലിക്കനാകട്ടെ ആര് പ്രസിഡന്റായെത്തിയാലും യുഎസിന്റെ സാമൂഹ്യ, സമാധാന, സാമ്പത്തിക നയങ്ങളിൽ കാര്യമായ വ്യതിയാനങ്ങളൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ അധികാരാരോഹണം ലോക രാഷ്ട്രീയത്തിൽ പ്രകടമായ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്നും കരുതുന്നില്ല. നാലു വർഷം പ്രസിഡന്റായിരിക്കുമ്പോഴും അതിനുശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പ് പ്രചരണവേളകളിലും അദ്ദേഹം പ്രകടിപ്പിച്ച രാഷ്ട്രീയവും നയപരവുമായ നിലപാടുകളും യുഎസിന്റെ തീവ്രവലതുപക്ഷ നയങ്ങളിൽ നിന്നോ സമീപനങ്ങളിൽ നിന്നോ വ്യത്യസ്തമായിരുന്നില്ലെന്നു മാത്രമല്ല കൂടുതൽ കടുത്തവയുമായിരുന്നു.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നുറപ്പായപ്പോഴും അധികാരം നഷ്ടപ്പെട്ടപ്പോഴും കാട്ടിക്കൂട്ടിയ വെപ്രാളം എന്തെങ്കിലും മാറ്റം സംഭവിക്കുന്നതിന്റെ ഒരു സൂചനയും നൽകുന്നതല്ല. വോട്ടെണ്ണല്‍ പ്രക്രിയയിൽ ക്രമക്കേട് ആരോപിച്ച് ഫലപ്രഖ്യാപനം തടയാനായിരുന്നു ആദ്യശ്രമം. ചില മേഖലകളിൽ വീണ്ടും വോട്ടെണ്ണലിനും നിർബന്ധിച്ചു. തെരഞ്ഞെടുപ്പിന് ശേഷം, ഒന്നിലധികം സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തു. ബൈഡന്റെ വിജയം സ്ഥിരീകരിക്കാനിരുന്ന യുഎസ് കോൺഗ്രസിനെ തടസപ്പെടുത്താൻ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ അനുയായികളെക്കൊണ്ട് അതിക്രമങ്ങൾ നടത്തുകയും ചെയ്തു. ബൈഡനെ അധികാരമേറ്റെടുക്കുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നായിരുന്നു പിന്നീട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) കണ്ടെത്തിയത്. ആഭ്യന്തരയുദ്ധത്തിനായിരുന്നു ട്രംപിന്റെ ശ്രമമെന്നും വിലയിരുത്തലുണ്ടായി. ഈയൊരു പശ്ചാത്തലമുണ്ടായിരുന്നതുകൊണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടാൽ വലിയ ആഭ്യന്തര കലാപത്തിന് ട്രംപ് നേതൃത്വം നൽകിയേക്കുമെന്ന ആശങ്കകളുണ്ടായിരുന്നതുമാണ്.

ഏതായാലും ട്രംപ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നേരത്തെ പ്രസിഡന്റായിരുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നയങ്ങൾ നമുക്ക് സുപരിചിതമാണ്. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാര്യത്തിൽ ആയുധ വ്യാപാരിയെന്ന നിലയിൽ യുദ്ധത്തിന്റെ പക്ഷത്തുതന്നെയാണ് നിലകൊണ്ടതും ഇനിയും തുടരാൻ പോകുന്നതും. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ ലോകയുദ്ധങ്ങളാകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാനേ ഇപ്പോൾ സാധിക്കൂ. വംശീയതയുടെ കാര്യത്തിലും വ്യത്യസ്തമായ നിലപാടല്ല അദ്ദേഹം സ്വീകരിച്ചതും പ്രചരണവേളയിൽ പ്രഖ്യാപിച്ചതും. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളിലും നിലവിലുള്ള വംശീയ പ്രശ്നങ്ങളോടും പക്ഷപാതപരമായ സമീപനങ്ങൾ ആവർത്തിക്കുക തന്നെയായിരിക്കും ഉണ്ടാവുക. മഹാമാരിയുടെ കാലത്ത് ലോകം കണ്ട ഏറ്റവും ഹീനമായ ആരോഗ്യപരിപാലനത്തിലൂടെ കുപ്രസിദ്ധനായ പ്രസിഡന്റ് കൂടിയായി അദ്ദേഹം. സ്വന്തം രാജ്യത്തുള്ള ഇതര രാജ്യക്കാരോടുപോലും അസഹിഷ്ണുത കാട്ടുകയും അതിനനുസൃതമായ നയങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത ഭരണാധികാരി എന്ന നിലയിലും മാറ്റങ്ങളുണ്ടാകാനിടയില്ല. അത്തരം സമീപനങ്ങളുടെ വലിയ വെല്ലുവിളികൾ നേരിട്ട രാജ്യമായിരുന്നു ഇന്ത്യ. 2017ൽ അമേരിക്കക്കാരെ ഉപയോഗിക്കുക, അവരെ വാടകയ്ക്കെടുക്കുക എന്ന ഉത്തരവിറക്കി ഇന്ത്യക്കാരുൾപ്പെടെ വിദേശികളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കാനും വിസ നേടുന്നത് ബുദ്ധിമുട്ടിലാക്കുന്നതിനും ശ്രമിച്ചു ട്രംപ്. ഇന്ത്യൻ അലൂമിനിയത്തിനും സ്റ്റീലിനും 10–25 ശതമാനം നികുതി ചുമത്തിയതും അതിന് പ്രതികാരമായി ഇന്ത്യ യുഎസ് ഇറക്കുമതിക്ക് തീരുവ കൂട്ടിയതും മറക്കാനായിട്ടില്ല. തുണി, വസ്ത്രങ്ങൾ, തുകൽ സാധനങ്ങൾ, കാർഷികോല്പന്നങ്ങൾ തുടങ്ങിയവയുടെ ഇന്ത്യൻ കയറ്റുമതിക്ക് താരിഫ് വർധന വരുത്തിയതിന് പകരമായി മുൻഗണനാ പട്ടികയിൽ നിന്ന് നമ്മുടെ രാജ്യത്തെ നീക്കിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരം നയങ്ങളും ദ്രോഹനടപടികളുമാണ് ഇന്ത്യയോട് യുഎസ് തുടർന്നതെങ്കിലും തങ്ങൾ പിന്തുടരുന്ന സാമൂഹ്യനയങ്ങളെല്ലാം സമാനമായതിനാലാവണം ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ യോജിച്ച ബന്ധമാണ് നിലനിന്നത്. വംശീയവിദ്വേഷം, തൻപ്രമാണിത്തം, വാചാടോപം, വിദ്വേഷപ്രചരണം എന്നിങ്ങനെയുള്ള സ്വഭാവ സവിശേഷതകളിലെ സമാനതകളാവാം ഇരുവരെയും യോജിപ്പിച്ച് നിർത്തുന്ന രാസത്വരകം. എന്തായാലും ഡൊണാൾഡ് ട്രംപിന്റെ വിജയം ലോകത്താകെയുള്ള സമാധാനം, സാമൂഹ്യനീതി, സാധാരണക്കാരുടെ ജീവിത നന്മകൾ, സാമ്പത്തിക പുരോഗതി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും വ്യക്തികൾക്കും ആകാംക്ഷകളും ആശങ്കകളും തന്നെയാണ് പ്രദാനം ചെയ്യുന്നത്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.