23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; നാരായൺപൂരിൽ സിപിഐ പ്രതിഷേധത്തിൽ അണിനിരന്നത് ആയിരങ്ങൾ

Janayugom Webdesk
റായ്പൂർ
August 6, 2025 7:47 pm

മൂന്ന് ദളിത് പെൺകുട്ടികളെ മർദിച്ചവർക്കെതിരെ നടപടിയും കന്യാസ്ത്രീകൾക്ക് നീതിയും ആവശ്യപ്പെട്ട് നാരായൺപൂരിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ അണിനിരന്നത് ആയിരങ്ങൾ. ആദ്യം പ്രതിഷേധത്തിന് അനുമതി നൽകാൻ പൊലീസ് സന്നദ്ധമായിരുന്നില്ല. നിരന്തര ആവശ്യത്തെ തുടർന്ന് മുന്നൂറ്‍ പേർ മാത്രമേ പങ്കെടുക്കാവൂ എന്ന ഉപാധിയിലാണ് ഒടുവിൽ അനുമതി നൽകിയത്. എന്നാൽ ഭീഷണി വകവയ്ക്കാതെ രണ്ടായിരത്തോളം പേരാണ് പ്രതിഷേധത്തിനെത്തിയത്. 

കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ചത്തീസ്ഗഢ് സംസ്ഥാന സെക്രട്ടറി കെ സജി ഉദ്ഘാടനം ചെയ്തു. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബജ്റംഗ്ദൾ ഉൾപ്പെടെ തീവ്ര സംഘടനകളുടെ വെല്ലുവിളിക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി ഫൂൽസിങ് കച്ച്ലം, തൃസ്യ ഝാദി, മംഗല്‍ കശ്യപ് എന്നിവര്‍ സംസാരിച്ചു.
കമലേശ്വരി പ്രധാൻ, ലളിത ഉസെന്ദി, സുക്‌മതി മാണ്ഡവി എന്നീ മൂന്ന് പെണ്‍കുട്ടികൾ നൽകിയ പരാതിയിൽ നടപടിയെടുക്കണമെന്നും മതംമാറ്റവും മനുഷ്യക്കടത്തുമാരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. 

ജൂലൈ 25നായിരുന്നു രണ്ട് കന്യാസ്ത്രീകളെയും ജോലിക്കെത്തിയ മൂന്ന് പെൺകുട്ടികളെയും തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തുടർന്ന് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. മൂന്ന് പെൺകുട്ടികൾക്കെതിരെയും അവരുടെ സംരക്ഷണം ഏറ്റെടുത്ത സിപിഐ ജില്ലാ സെക്രട്ടറി ഫൂൽ സിങ് ഉൾപ്പെടെ നേതാക്കൾക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് പ്രതിഷേധമാർച്ചും ധർണയും നടത്തുന്നതിന് തീരുമാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.