
ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണമെന്ന നിര്‍ദേശവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). മതവും പാരമ്പര്യവും സംരക്ഷിക്കാൻ ആഘോഷത്തിൽനിന്ന് പിന്മാറണമെന്നാണ് കടയുടമകളോടും ഷോപ്പിംഗ് മാൾ നടത്തിപ്പുകാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സംഘടന ആവശ്യപ്പെട്ടത്.
ഡിസംബർ 13ന് വിഎച്ച്പിയുടെ ‘ഇന്ദ്രപസ്ത പ്രവിശ്യാ മന്ത്രി’ സുരേന്ദ്ര ഗുപ്ത എഴുതിയ പ്രസ്താവനയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദു സമൂഹം സ്വയം നിയന്ത്രണത്തോടെയാവണം മതപരമായ ആചാരങ്ങളിൽ പങ്കെടുക്കേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെക്കാലമായി ‘സംഘടിതമായ മതപരിവർത്തന ശ്രമങ്ങൾ’ നടക്കുന്നുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്ന് ഹിന്ദുക്കൾ വിട്ടു നിൽക്കാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു.
മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരപരാധികളായ വ്യക്തികളെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കും. നമ്മുടെ മതത്തെ സംരക്ഷിക്കാൻ നമുക്ക് അവകാശമില്ലേ?” എന്ന ചോദ്യവും സംഘടന ഉന്നയിക്കുന്നു. മെറി ക്രിസ്മസ്’ പോലുള്ള അടയാളങ്ങൾ കൊണ്ട് കടകൾ അലങ്കരിക്കുന്ന കടയുടമകളെയും ബിസിനസുകളെയും കുറിച്ചുമുള്ള വിഎച്ച്പിയുടെ ‘ആശങ്ക’യാണ് പ്രസ്താവനയിലുള്ളത്.
വാണിജ്യ നേട്ടങ്ങൾക്കായി മാത്രം ഹിന്ദുക്കൾ ഇത്തരം ആശംസകൾ പ്രദർശിപ്പിക്കുന്നതിലൂടെ “സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും” പ്രോത്സാഹിപ്പിക്കുകയാണ്. ഈ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്ന കാര്യം ഉപഭോക്താക്കൾ പരിഗണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മതവിദ്വേഷമുണ്ടാക്കുകയല്ല, മതപരിവർത്തനത്തിനെതിരെയുള്ള പ്രതിരോധം തീർക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിഎച്ച്പിയുടെ വാദം. എന്നാൽ മതനിരപേക്ഷതയോടെ ജീവിക്കുന്ന ഇന്ത്യൻ ജനതയിൽ വിഭജനത്തിന്റെ വിത്ത് പാകാനാണ് വിഎച്ച്പി ശ്രമിക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.